സീരിയല്‍ താരങ്ങള്‍ കലിപ്പില്‍; അന്നം മുടക്കിയാല്‍ മിണ്ടാതിരിക്കില്ല: പ്രേംകുമാറിന് മറുപടി
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരെ വിമർശനം ഉന്നയിച്ച നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന് മറുപടിയുമായി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആർട്ടിസ്റ്റ്സ്). 'സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടിക്കു വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയർത്തിയ താങ്കളുടെ നിലപാടിനെ അപലപിക്കുന്നു' ആത്മ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
'ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷമാണ്' എന്ന പ്രേംകുമാറിന്റെ പ്രസ്താവനയാണ് ആത്മയെ പ്രകോപിപ്പിച്ചത്. പ്രേംകുമാർ പറയുന്നത് പോലെയാണെങ്കില്‍ ഈ എന്‍ഡോസള്‍ഫാന്‍ ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ അവിടെ ഒന്നും സീരിയലുകള്‍ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ലെന്നും സംഘടന കൂട്ടിച്ചേർക്കുന്നു.

ആത്മയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
സീരിയൽ സിനിമ നടനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഒരിക്കൽ തൻറെ ജീവിതോപാധി ആക്കിയിരുന്ന മലയാള സീരിയലുകൾ, 'എൻഡോസൽഫാനേ ക്കാൾ വിഷലിപ്‌തമാണ് എന്ന താങ്കളുടെ പ്രസ്താവനയിൽ, "ആത്മ" ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ഇനി എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ, അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് ശ്രീ. പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ താങ്കളുടെ നിലപാടിനെ "ആത്മ" അപലപിക്കുന്നു.
സീരിയലിന്റെ നിർമ്മിതി, കഥ, കഥ പറയുന്ന രീതി, കഥയിൽ താങ്കൾ കണ്ടെത്തിയ സാമൂഹ്യവിപത്തുകൾ, ദുസ്സൂചനകൾ, വിഷലിപ്തതകൾ ഇവയിൽ ഒന്നിലും ഇടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശിക്കപ്പെട്ടവരോ നിർദ്ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കൾ എന്ന്, ഒരു നടൻ എന്ന നിലയിൽ താങ്കൾക്കും വ്യക്തമായി അറിവുള്ളതാണല്ലോ. തന്മൂലം, താങ്കൾ പരാമർശിക്കുന്ന 'എൻഡോസൾഫാനിസം' പ്രസ്‌താവനയുടെ പിന്നാലെ നടീനടന്മാർക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എങ്കിലും, തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവ്വാഹമില്ല.
സീരിയലിന്റെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്‌നീഷ്യൻസ്, അഭിനേതാക്കൾ, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്‌ത കാര്യങ്ങളും വിനോദ ചാനലുകൾ ആണ് നിഷ്കർഷിക്കുന്നത് ആയതിനാൽ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്.
മാത്രവുമല്ല, മലയാള സീരിയലുകളിൽ 90 ശതമാനവും മറ്റ് ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റം (റീമേക്ക്) ആണ്. അപ്പോൾ താങ്കൾ പറയുന്ന ഈ എൻഡോസൽഫാൻ, ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകൾ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല.












Click it and Unblock the Notifications