പൃഥ്വിരാജ് അമ്മ അങ്ങനെ പറയേണ്ടെന്ന് പറഞ്ഞോ?മല്ലിക സുകുമാരൻ പറയുന്നു;'സ്വർണം അടക്കം കൊണ്ടുതരും'
എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് കടുത്ത സൈബർ ആക്രമണം ഉണ്ടായപ്പോൾ ഏറ്റവും ആദ്യം പ്രതികരിച്ചത് അമ്മ മല്ലിക സുകുമാരൻ ആയിരുന്നു. തന്റെ മകനെ ചിലർ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്നും സിനിമയിൽ മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഇല്ലെന്നുമാണ് മല്ലിക തുറന്നടിച്ചത്. എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. പിന്നെ എന്തിനാണ് സിനിമ ഇറങ്ങിക്കഴിയുമ്പോൾ തന്റെ മകനെ മാത്രം കുറ്റപ്പെടുത്തുന്നതെന്നും മല്ലിക ചോദിച്ചു.
അന്ന് പൃഥ്വിരാജിന് വേണ്ടി മല്ലിക നടത്തിയ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്. മകനെ എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ ഒരമ്മയ്ക്ക് ഇങ്ങനെയല്ലാതെ എത്തരത്തിലാണ് പ്രതികരിക്കാനാകുകയെന്നായിരുന്നു പലരും ചോദിച്ചത്. അതേസമയം അന്നത്തെ വിവാദത്തിൽ മല്ലിക പ്രതികരിച്ചപ്പോൾ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും എങ്ങനെയായിരിക്കും അമ്മയുടെ പ്രതികരണത്തെ നോക്കിക്കണ്ടതെന്ന ചോദ്യം ആരാധകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് അവർ. വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്.

'എന്റ മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ചുപറയും. അടുത്തിടെ ഒരു സിനിമ സംബന്ധമായ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ മകന് വേണ്ടി പ്രതികരിച്ചു. അവൻ പറഞ്ഞത് അമ്മ അസ്സലായി പറഞ്ഞുവെന്നാണ്. അവന് സന്തോഷം എന്താണെന്ന് വെച്ചാൽ ഒരു അഭിമുഖത്തിൽ ഞാൻ സംസാരിച്ചപ്പോൾ അവിടെ എല്ലാ പാർട്ടിക്കാരും ഉണ്ടായിട്ടും അവർ ഒന്നും മിണ്ടിയില്ല അതിന് കാരണം അവരുടെ ഉള്ളിന്റെ ഉള്ളിൽ അമ്മയോട് സ്നേഹം കാണും എന്നാണ് പറഞ്ഞത്. ഇതൊക്കെ എനിക്ക് ധൈര്യം കൂടിയാണ്.
മക്കളുടെ സിനിമകളിൽ പ്രൃഥ്വിയുടെ ആടുജീവിതം എനിക്ക് ഇഷ്ടമാണ്. ഇന്ദ്രജിത്ത് ചെയ്ത പടങ്ങളിൽ നിരവധി ഉണ്ട്. അവൻ ഒരിക്കലും കൂടുതൽ പ്രമോഷൻ ചെയ്യില്ല. തണുത്ത വെളുപ്പാൻ കാലത്ത് എന്ന ഇന്ദ്രജിത്ത് പടമൊക്കെ എന്ത് രസികൻ പടങ്ങളാണ്. അവനെ സംബന്ധിച്ച് അവൻ ഒരുപാട് ബഹളൊന്നും ഉണ്ടാക്കില്ല. അതേസമയം രാജു മറിച്ചാണ്. അവന് ഒരുപാട് കാൻവാസും പബ്ലിസിറ്റിയും കാര്യങ്ങളുമൊക്കെ ഉണ്ട്. പൃഥ്വിരാജ് കുറച്ചുകൂടി ശ്രദ്ധിക്കും. കാരണം അവൻ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നുണ്ടല്ലോ, പക്ഷെ ഇന്ദ്രനെ സംബന്ധിച്ചെടുത്തോളം അനുരാഗ് കശ്യപിന്റെ പടം ചെയ്യുന്നുണ്ട്, എന്നാലും ഇതൊക്കെ പ്രമോട്ട് ചെയ്യാൻ മടിക്കുന്ന കൂട്ടത്തിലാണ്.
സുകുവേട്ടന്റെ കൂടെ അഭിനയിച്ചവരോടൊക്കെ നല്ല അടുത്ത ബന്ധമാണ് ഞാൻ പുലർത്തുന്ന്. എല്ലാവരോടും സ്നേഹത്തിൽ പെരുമാറുന്ന ആളാണ് ഞാൻ. ചിരിയാണ് നമ്മുടെ ആയുധം. ഒരു സ്ഥലത്ത് പോകുമ്പോൾ പോസിറ്റിവിറ്റി പരത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ എഴുന്നേറ്റ് പോയിരുന്നെങ്കിൽ എന്ന് മറ്റുള്ളവർ ആഗ്രഹിക്കും. ചിരിപ്പിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. സന്തോഷകരമായ കാര്യങ്ങൾ സംസാരിക്കാൻ ഇഷ്ടപെടുന്നയാളാണ് ഞാൻ.
എന്റെ വസ്ത്രങ്ങളൊക്കെ ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഞാൻ ആരുടേയും പൈസയൊന്നും വാങ്ങാറില്ല. പിന്നെ ഓണത്തിനും വിഷുവിനും എന്റെ പിറന്നാളിനുമൊക്കെ പിള്ളേർ വസ്ത്രം തരും. ആളാം വീതം തരും. സ്വർണം വരെ മക്കൾ കൊണ്ടുതരം, അമ്മയ്ക്ക് ഇതിരിക്കട്ടെയെന്ന് പറയും. പക്ഷേ ഓണമായാലും ഒരു സീരിയലായാലും അല്ലെങ്കിൽ ഒരു ഷൂട്ടിങ്ങിന് വേണ്ടി ആണെങ്കിലും വസ്ത്രങ്ങളൊക്കെ ഞാൻ തന്നെയാണ് എടുക്കുന്നത്. എനിക്ക് വേണ്ടത് എന്താണെന്ന് എനിക്ക് അറിയാം.
പുതിയ തലമുറക്കൊപ്പം അഭിനയിക്കുന്നതൊക്കെ എനിക്ക് വളരെ രസമാണ്. അനശ്വര രാജന്റെയൊക്കെ അഭിനയം രസമാണ്. വിപിൻ ദാസിന്റെ വലിയ ഫാനാണ്. ജയ ജയ ജയ ഹേയും ഗുരുവായൂർ അമ്പല നടയുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്', അവർ പറഞ്ഞു.












Click it and Unblock the Notifications