'ആടുജീവിതത്തിൽ വിവസ്ത്രനായി കുളിക്കുന്ന രംഗം എന്തിനു ചെയ്തു?'; പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ
കൊച്ചി: ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ആടുജീവിതം' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 14 വർഷത്തെ കാത്തിരിപ്പ് വെറുതേയായില്ലെന്നാണ് സിനിമ കണ്ട ഓരോരുത്തരും പ്രതികരിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും പൃഥ്വിയെന്ന നടന്റെ അതിഗംഭീര പ്രകടനവും തന്നെയാണ് സിനിമയുടെ നട്ടെല്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
മലയാളിയായ നജീബ് എന്നയാൾ വിദേശജോലി സ്വപ്നം കണ്ട് ഗൾഫിൽ എത്തി ചതിക്കപ്പെട്ട് മരൂഭൂമിയിൽ എത്തി അവിടെ നിന്ന് നേരിട്ട ദുരിത ജീവിതമാണ് സിനിമ പറയുന്നത്. നോവലിൽ പറയുന്ന ഉള്ളുപൊള്ളിക്കുന്ന പല രംഗങ്ങളും സിനിമയിൽ അതേപടി ബ്ലസി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നബീബ് വിവസ്ത്രനായി വെള്ളത്തിലേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ അത്തരമൊരു രംഗം എന്തുകൊണ്ട് സ്ക്രീനിൽ അവതരിപ്പിക്കാൻ താൻ തയ്യാറായെന്ന് പറയുകയാണ് പൃഥ്വിരാജ്.

'ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്രചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്. അതിലൊരു ചാഞ്ചാട്ടമുണ്ടെന്ന് കണ്ടാൽ നമ്മൾ പിറകോട്ട് ചുവടുവെക്കും. ലേസർ ഫോക്സുമായി പോകുന്ന ബ്ലെസി മുന്നിൽ ഉണ്ടായതും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല.
കഥാനായകന്റെ ശരീരത്തിൽ സംഭവിച്ച മാറ്റം കണ്ടിട്ടുവേണം അയാൾ മരുഭൂമിജീവിതത്തിൽ എന്തുമാത്രം അനുഭവിച്ചുവെന്ന് പ്രേക്ഷകർ മനസിലാക്കാൻ. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാൾ ഇത്രമാത്രം ദുഖദുരിതങ്ങൾ അനുഭവിച്ചുവെന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നൽകുകയായിരുന്നു ലക്ഷ്യം', പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം നോവലിൽ ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പറയുന്ന ഭാഗം എന്തുകൊണ്ട് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു. ഇതിന് ബ്ലസി നൽകിയ മറുപടി ഇങ്ങനെയായിരുന്നു- അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ല. തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കും. അത്തരം രംഗങ്ങള്‍ നജീബിന്റെ കാത്തിരിപ്പിന്റെ തീവ്രതയെ കുറയ്ക്കും', എന്നായിരുന്നു ബ്ലസി പറഞ്ഞത്.
'ആടുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിന് ശേഷമുള്ള തുടര്‍ച്ച എന്താണ്? ആ തുടര്‍ച്ച ഉണ്ടെങ്കില്‍ അതില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമായ സീനുകളിലേക്ക് പോകേണ്ടി വരും. അത്തരത്തിലുള്ള തുടര്‍ച്ച എനിക്ക് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പിന്നീടുണ്ടാകുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണയില്ലാത്ത അവസ്ഥയായി മാറും. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്', എന്നും ബ്ലസി പറഞ്ഞു.












Click it and Unblock the Notifications