പൃഥ്വിരാജ് പണ്ട് ഒരു അഭിമുഖത്തില്‍ അക്കാര്യം പറഞ്ഞു: അതില്‍ 90 ശതമാനവും നടക്കും: മല്ലിക സുകുമാരന്‍
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ആർട്ടിസ്റ്റുകളെ സംബന്ധിച്ച് വളരെ നല്ലതാണെന്ന് മല്ലിക സുകുമാരന്‍. പല നാട്ടിലും പലഭാഷകളിലും ചിത്രങ്ങള്‍ പ്രദർശിപ്പിക്കപ്പെടുമ്പോള്‍ ഇവർ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. എന്നാല്‍ ഞങ്ങളുടെയൊക്കെ കാലത്ത് സംഗതി നേരെ തിരിച്ചാണ്. മറ്റ് ഭാഷകളില്‍ വരുന്ന പടങ്ങള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയാണ് ചെയ്യുന്നത്. ആ പരിപാടിയില്‍ എനിക്കും കോട്ടയം ശാന്ത എന്ന കലാകാരിക്കുമൊക്കെ പ്രമുഖമായ സ്ഥാനമുണ്ട്.
പല നായികമാർക്കും മലയാളത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഇപ്പം അതെല്ലാം പോയിട്ട് എത്രയും ഭാഷയിലും എടുക്കാമോ അത്രയും ഭാഷയിലും എടുക്കുന്നു. മിക്ക പടങ്ങളും പാന്‍ ഇന്ത്യന്‍ മൂവിയാകുന്നു. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും മാത്രം കാര്യമല്ല, എന്റെ മക്കള്‍ അടക്കമുള്ള ചെറുപ്പക്കാരുടെ പടങ്ങളും പാന്‍ ഇന്ത്യ ലെവലിലേക്ക് വരുന്നു എന്ന് കാണുമ്പോള്‍ സന്തോഷമാണ്.

കന്നഡയിലും തെലുങ്കിലുമൊക്കെ പല മലയാള താരങ്ങള്‍ക്കും സ്വീകാര്യത ലഭിച്ചത് ഈ ഒരു രീതിയിലൂടെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മലയാളത്തിലെ പടങ്ങള്‍ മാത്രം കണ്ടാല്‍ അവർക്ക് അത്രത്തോളം തിരിച്ചറിയാന്‍ സാധിച്ചില്ല. ബിസിനസ് തലത്തില്‍ നോക്കിയാലും നിർമ്മാതാവിന് അതിന്റേതായ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും കൌമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മല്ലിക സുകുമാരന്‍ പറയുന്നു.
പാന്‍ ഇന്ത്യന്‍ സംസ്കാരം നമ്മുടെ ചലച്ചിത്ര രംഗത്തിന്റെ വളർച്ച മാത്രമല്ല, ആർട്ടിസിന്റെ വളർച്ചയ്ക്കും നിർമ്മാതാവിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗുണകരമായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ പണ്ടത്തെ ഒരു അഭിമുഖത്തില്‍ മകന്‍ തന്നെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. "മലയാളത്തില്‍ നല്ല സിനിമ എടുക്കുന്ന ഒരു കമ്പനി എടുക്കണമെന്ന് ആഗ്രഹമുണ്ട്, ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്, മലയാള സിനിമയുടെ പ്രശസ്തിയും പേരും പുറം നാടുകളില്‍ എത്തിക്കണമെന്ന നിർമ്മാതാവ് ആകണം' എന്നൊക്കെയായിരുന്നു പൃഥ്വി അന്ന് പറഞ്ഞത്.
ഒരു പരിധിവരെ മകന്‍ അതിന് വേണ്ടി കഷ്ടപ്പെടുന്നുണ്ട്. അവന്‍ അങ്ങനെ പുറത്ത് കൊട്ടിഘോഷിച്ച് ഒന്നും ചെയ്യാറില്ലെന്ന് മാത്രമേയുള്ളു. മകന്റെ ആഗ്രഹങ്ങളില്‍ ഒരു 90 ശതമാനവും നടക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരുടെയൊക്കെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോള്‍ അതെല്ലാം സാധ്യമാകണമേയെന്ന് ഒരു അമ്മ എന്നനിലയില്‍ ഞാന്‍ പ്രാർത്ഥിക്കുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.












Click it and Unblock the Notifications