പ്രിയദര്‍ശന്റെ കുടുംബ ചിത്രത്തില്‍ പുതിയ അംഗം; മുത്തശ്ശനായത് അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകര്‍
ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മലയാളി സംവിധായകന്‍ പ്രിയദര്‍ശന്റെ വീട്ടിലെ വിശേഷങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാറുണ്ട്. പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി കൂടി സിനിമാ മേഖലയിലേക്ക് എത്തിയതോടെ പ്രേക്ഷകര്‍ക്ക് ആ കുടുംബത്തോടുള്ള അടുപ്പവും വര്‍ധിച്ചു. പ്രിയദര്‍ശനും ലിസിയും നിയമപരമായി പിരിഞ്ഞെങ്കിലും ഇരുവരും തങ്ങളുടെ സ്വകാര്യതയ്ക്കുന്ന നല്‍കുന്ന വിലയും സമൂഹ മാധ്യമങ്ങളിലെ പക്വതയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. മക്കളുടെ കാര്യങ്ങള്‍ക്കു വേണ്ടി ഇരുവരും ഒരുമിച്ച് വരാറുമുണ്ട്.
കല്യാണിയാകട്ടെ തെന്നിന്ത്യയില്‍ അതിവേഗം വളരുന്ന നടിയാണ്. ചെറിയ കാലയളവിനുള്ളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കല്യാണിക്കു കഴിഞ്ഞു. മലയാളത്തിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ലഭിച്ച അവസരങ്ങള്‍ മികവുറ്റതാക്കാനും കല്യാണിക്കു കഴിഞ്ഞു. അതേസമയം, കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ഥ് സമൂഹ മാധ്യമങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ്.

ഇപ്പോഴിതാ മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പമുള്ള പ്രിയദര്‍ശന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. കല്യാണിയുടെ മുപ്പത്തി രണ്ടാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചാണ് പ്രിയദര്‍ശന്‍ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. ചെന്നൈയില്‍ കുടുംബത്തോടൊപ്പമായിരുന്നു കല്യാണിയുടെ ലളിതമായ പിറന്നാള്‍ ആഘോഷം. കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദര്‍ശന്‍ അടിക്കുറിപ്പായി കുറിച്ചത്.
കേക്കിന് മുന്നില്‍ ഇരിക്കുന്ന കല്യാണിയെയും സമീപത്തായി സഹോദരന്‍ സിദ്ധാര്‍ത്ഥിനെയും ഭാര്യയും വിദേശിയുമായ മെര്‍ലിനെയും കാണാം. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മകന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇതുവരെ കാണാത്ത ഒരാളെ കണ്ടതിന്റെ കൗതുകം പലരും പങ്കുവെച്ചു. പ്രിയദര്‍ശന്‍ അപ്പൂപ്പനായോ? അറിഞ്ഞില്ലല്ലോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. അതേസമയം, ഫോട്ടോയില്‍ ലിസിയുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു.
സിദ്ധാര്‍ഥിന്റെയും മെര്‍ലിന്റെയും മകളാണിത്. 2023 ല്‍ ആയിരുന്നു സിദ്ധാര്‍ത്ഥിന്റെയും മെര്‍ലിന്റെയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍. ചെന്നൈയിലെ ഫ്ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് അന്ന് വിവാഹത്തില്‍ പങ്കെടുത്തത്.
കല്യാണത്തിനു ശേഷവും ഇരുവരും സമൂഹ മാധമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറില്ല. ചന്തു എന്ന് വിളിക്കുന്ന സിദ്ധാര്‍ഥ് അമേരിക്കയില്‍ ഗ്രാഫിക്‌സ് കോഴ്‌സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയന്‍ സംവിധാനം ചെയ്ത മരക്കാറില്‍ വിഎഫ്എക്‌സ് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചിരുന്നു. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും ഈ സിനിമയിലൂടെ സിദ്ധാര്‍ഥിനെ തേടിയെത്തിയിട്ടുണ്ട്.












Click it and Unblock the Notifications