സുരേഷ് കുമാറും ബിഗ് ബജറ്റ് സിനിമയെടുത്തിട്ടുണ്ട്, തക്ഷശിലയുടെ ബജറ്റ് എത്രയായിരുന്നു? സന്തോഷ് ടി കുരുവിള
കൊച്ചി: സിനിമാ സമരത്തെ തള്ളി നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനെ സമരം ഉപകരിക്കൂ എന്നും താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിക്കുന്നുണ്ടെങ്കില്‍ അവരെ ഒഴിവാക്കി പുതിയ ആളുകളെ കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം താരങ്ങളുടെ അമിത പ്രതിഫലമാണ് എന്ന് പറയുന്നതില്‍ യോജിപ്പില്ല.
താന്‍ സിനിമയെടുക്കുമ്പോള്‍ മൊത്തം ബജറ്റിന്റെ 20 ശതമാനം മാത്രമെ ശമ്പളയിനത്തില്‍ പോകുന്നുള്ളൂ എന്ന് ഉറപ്പാക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രധാന താരങ്ങളാരുമില്ലാതെ 300 ഓളം പുതുമുഖങ്ങളെ വെച്ച് താന്‍ നിര്‍മിക്കുന്ന പുതിയ സിനിമയ്്ക്ക് പോലും ഏഴര കോടിയോളം രൂപ ഇതുവരെ ചെലവായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ വരാനിരിക്കുന്ന സിനിമ ഏഴ് കോടി രൂപയിലും കൂടുതല്‍ ചെലവായിട്ടുണ്ട്. ആ സിനിമയില്‍ 300 പുതുമുഖങ്ങളാണ്. 400 ഓളം മൃഗങ്ങളും അഭിനയിക്കുന്നുണ്ട്. ആ റിസ്‌കെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ആ സിനിമയ്ക്ക് ഏഴര കോടി ആയി എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ കളിയാക്കും. ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് പോലും സിനിമയുടെ ടോട്ടല്‍ കോസ്റ്റിന്റെ 20 ശതമാനം മാത്രമാണ് പ്രതിഫലമായി കൊടുത്തിരിക്കുന്നത്.
എന്റെ സിനിമയില്‍ പരമാവധി ഞാന്‍ അത് ചെയ്യാന്‍ നോക്കും. മമ്മൂക്ക, ലാലേട്ടന്‍ പോലെ ഉള്ളവരൊക്കെ വരുമ്പോള്‍ അത് 30-35 ശതമാനം ആയി എന്ന് വരും. എന്നാലെ ആ സിനിമ നടക്കൂ. മലയാളത്തില്‍ വലിയ പണം വാരിയ പടം മഞ്ഞുമ്മല്‍ ബോയ്സാണ്. അതിനകത്ത് വലിയ സൂപ്പര്‍താരങ്ങളൊന്നുമില്ലല്ലോ. രോമാഞ്ചവും നല്ല കാശുണ്ടാക്കിയ പടമാണ്. അതിന്റെ നിര്‍മാതാവ് ജോണ്‍ എന്നോട് ആ സിനിമയുടെ കഥ പറഞ്ഞ് അതില്‍ പാര്‍ട്ണര്‍ ആകാന്‍ പറഞ്ഞതാണ്.
അന്ന് എന്റെ കൈയില്‍ കാശ് ടൈറ്റായിരുന്നത് കൊണ്ട് ഞാന്‍ കൂടെകൂട്ടാതിരുന്നതാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ സമയത്തും എന്നോട് പാര്‍ട്ണറാകാന്‍ സൗബിനും ഷോണും പറഞ്ഞിരുന്നു. സിനിമകള്‍ വിജയിക്കണമെങ്കില്‍ വലിയ താരങ്ങള്‍ വേണമെന്നില്ല. അല്ലെങ്കിലും സിനിമ വിജയിക്കും. വലിയ താരങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തിരി കൂടി കാര്യങ്ങള്‍ എളുപ്പമാണ്. വലിയ ബജറ്റുള്ള സിനിമകള്‍ക്ക് കേരളത്തില്‍ സാധ്യതയില്ല എന്ന് പറയാന്‍ പറ്റില്ല.
സുരേഷ് ഗോപി- വാണി വിശ്വനാഥ് എന്നിവരെ വെച്ച് സുരേഷ് കുമാര്‍ ചെയ്ത തക്ഷശില എന്ന പടം വലിയ മുതല്‍മുടക്കുള്ള സിനിമയാണ്. ശ്രീക്കുട്ടനുമായി നല്ല ബന്ധമുള്ളത് കൊണ്ട് ഞാന്‍ ആ സിനിമയുടെ സെറ്റിലും മറ്റും സ്ഥിരമായി പോകാറുണ്ടായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ ഞാന്‍ കണ്ടതാണ്. അന്ന് ലാലേട്ടന്‍-തമ്പി കണ്ണന്താനം സിനിമ, മമ്മൂക്കയുടെ നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നീ സിനിമകളുടേയും പ്രിവ്യൂ ഉണ്ടായിരുന്നു.
ഈ മൂന്ന് സിനിമകളുടേയു പ്രിവ്യൂ ഞാന്‍ കണ്ടതാണ്. അന്ന് എല്ലാവരും പറഞ്ഞു തക്ഷശിലയായിരിക്കും വിജയിക്കുക എന്ന്. ആ പടം പരാജയപ്പെട്ടു എന്നാണ് പിന്നീട് അറിഞ്ഞത്. എനിക്ക് വ്യക്തമായി അറിയില്ല,' സന്തോഷ് ടി കുരുവിള പറഞ്ഞു.












Click it and Unblock the Notifications