'പ്രിവ്യൂ കണ്ട സുചി ചേച്ചി പറഞ്ഞു, ഈ സിനിമ മോശമാകുമെന്ന്'; ലാലിന്റെ ആ പരാജയചിത്രത്തെ കുറിച്ച് നിര്‍മാതാവ്
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ നിര്‍മാണ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. 2012 ല്‍ പുറത്തിറങ്ങിട ടാ തടിയാ തൊട്ട് 2022 ല്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് വരെ എത്തി നില്‍ക്കുന്ന കരിയറാണ് സന്തോഷ് ടി കുരുവിളയുടേത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് തുടങ്ങിയവരുമായെല്ലാം സഹകരിച്ചു.
മഹേഷിന്റെ പ്രതികാരം, മായാനദി പോലുള്ള സിനിമകള്‍ ഒരേ സമയം വാണിജ്യവിജയവും കലാമൂല്യവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനെ നായകനായി അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി സന്തോഷ് ടി കുരുവിളയായിരുന്നു നിര്‍മ്മിച്ചത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

ഇപ്പോഴിതാ നീരാളിയുടെ പ്രിവ്യൂ കണ്ട് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര നടത്തിയ പ്രവചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് സന്തോഷ് ടി കുരുവിള. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീരാളി മോശം സിനിമയാകും എന്ന് സുചിത്ര പറഞ്ഞിരുന്നതായി സന്തോഷ് ടി കുരുവിള പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
'നീരാളി എന്ന സിനിമ ഞാന്‍ എടുക്കാനിരുന്ന സിനിമ അല്ല. ക്യാമറാമാന്‍ കുമാര്‍ എടുക്കാന്‍ വേണ്ടി പോയ സിനിമയാണ്. അദ്ദേഹത്തിന് സാമ്പത്തികം ആകാതിരുന്നത് കൊണ്ട് അവസാനം ഞാന്‍ ആ സിനിമയെടുക്കുകയാണ്. ലാസ്റ്റ് മിനിറ്റില്‍ എടുക്കേണ്ടി വന്ന സിനിമയാണ്. പക്ഷെ ആ സിനിമയില്‍ എനിക്ക് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ പുതിയ ഡയറക്ടറായിരുന്നു.
രതീഷിനെ അല്ലെങ്കില്‍ ആരെ വിളിക്കുമ്പോഴും നമ്മള്‍ ആ ടീമിന്റെ കൂടെ നമുക്ക് വിശ്വാസമുള്ള മൂന്നാല് പേരെ എപ്പോഴും നമ്മള്‍ ഉള്‍പ്പെടുത്താറുണ്ട്. ആ സിനിമയില്‍ അത് ഒത്തില്ല. കാരണം ആ സിനിമയുടെ ഷൂട്ടിംഗ് ബോംബെയില്‍ നടന്നത് കൊണ്ടും ഇവര്‍ നേരത്തെ തന്നെ ഫുള്ളി സെറ്റായത് കൊണ്ടും ഒന്നും ചെയ്യാനൊക്കില്ല. സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ എന്നോട് സുചി ചേച്ചി പറഞ്ഞു ഈ സിനിമ പോര, മോശമാകും എന്ന്.
കാരണം സെക്കന്റ് ഹാഫ് ഒട്ടും അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല. ലാലേട്ടനെ വെച്ച് അതുകൊണ്ട് പിന്നെ ഒരു കഥ പറയാന്‍ പോയിട്ടില്ല. ഒരു കഥപറയാന്‍ പോയി. ആ കഥയാണ് പിന്നീട് വിജയ് സേതുപതിയുടെ 96 ആയത്. ആ സെയിം കഥ ഞാന്‍ ഒരിക്കല്‍ ലാലേട്ടനോട് പറഞ്ഞു.
പക്ഷെ അത് കഴിഞ്ഞ് അദ്ദേഹത്തിന് ഒത്തിരി സിനിമകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അത് നടന്നില്ല. അത് കഴിഞ്ഞാണ് 96 എന്ന സിനിമ തമിഴില്‍ ഇറങ്ങുന്നത്. നല്ല ഒരു കഥ വന്നാല്‍ ലാലേട്ടനെ പോയി കണ്ട് എനിക്കുണ്ടായ പേരുദോഷം ഞാന്‍ നികത്തും'.












Click it and Unblock the Notifications