കടം കാരണം അഭിനയമോഹം ഉള്ളിലൊതുക്കി ഗള്‍ഫ് പ്രവാസിയായ നടി ലക്ഷ്മിക: ആ അച്ഛനെ എങ്ങനെ ആശ്വസിപ്പിക്കും
കൊച്ചി: യുവനടി ലക്ഷ്മിക സജീവിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മിക 'ഒരു യമണ്ടൻ പ്രേമകഥ', 'പഞ്ചവർണത്തത്ത', 'സൗദി വെള്ളക്ക', 'പുഴയമ്മ', 'ഉയരേ', 'ഒരു കുട്ടനാടൻ ബ്ലോഗ്', 'നിത്യഹരിത നായകൻ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഷാർജയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അവിടെ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ലക്ഷ്മിക കുടുംബത്തിന്റെ കടബാധ്യത തീർക്കാനായിരുന്നു കലാമോഹങ്ങള്‍ക്ക് ഇടവേള നല്‍കി പ്രവാസ ജീവിതത്തിലേക്ക് മാറിയത്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച ലക്ഷ്മികയുടെ വിയോഗം താങ്ങാന്‍ കഴിയുന്നതല്ലെന്നാണ് നിർമാതാവ് പിടി അൽതാഫ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആരോടും യാത്ര പറയാതെ 'കാക്ക'യിലെ പഞ്ചമി സ്വർഗലോകത്തേക്ക് യാത്രയായിരിക്കുന്നു. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവൾക്ക് സ്ഥാനം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവൾ. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവൾ കെട്ടിപ്പടുത്തു.
കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.
അതെ, 'കാക്ക'യിലെ പഞ്ചമിയെപ്പോലെ യഥാർഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ. സ്വന്തം അച്ഛനെ വിട്ട് കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക് അവൾ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്. വിട, പ്രിയ സോദരീ.












Click it and Unblock the Notifications