റിലീസിന് മുന്‍പ് 1000 കോടിയ്ക്കടുത്ത് നേടി പുഷ്പ-2! ഫ്‌ളവറല്ലടാ.. ഫയര്‍ തന്നെ!
ഹൈദരാബാദ്: അടുത്ത കാലത്തായി ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ ബോക്‌സോഫീസ് വിജയങ്ങള്‍ സമ്മാനിക്കുന്നത് ദക്ഷിണേന്ത്യന്‍ സിനിമകളാണ്. അതില്‍ തന്നെ ടോളിവുഡാണ് ഏറെ മുന്‍പില്‍. ബാഹുബലിയില്‍ തുടങ്ങിയതാണ് ഈ റെക്കോഡ് കുതിപ്പ്. ഇപ്പോഴിതാ റിലീസിന് മുന്‍പ് തന്നെ ആയിരം കോടി രൂപയോളം കളക്ട് ചെയ്ത് എല്ലാ ഇന്‍ഡസ്ട്രികളേയും ഞെട്ടിച്ചിരിക്കുകയാണ് ടോളിവുഡ്.
അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ-2 ആണ് പ്രീ റിലീസില്‍ കോടികള്‍ സ്വന്തമാക്കി റെക്കോഡിട്ടിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ ആറിനാണ് പുഷ്പ-2 റിലീസിന് എത്തുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ 900 കോടി നേടി റെക്കോഡിട്ടിരിക്കുകയാണ് പുഷ്പ -2. ഒടിടി, സാറ്റലൈറ്റ് റൈറ്റുകളിലൂടെയാണ് ഇത്രയും വലിയ തുക പുഷ്പ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പുഷ്പ 2 ന്റെ സ്ട്രീമിംഗ് അവകാശം 270 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് സിയാസാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ റൈറ്റ്സ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
പുഷ്പയുടെ ആദ്യ ഭാഗത്തിന് ആമസോണ്‍ പ്രൈം നല്‍കിയത് 50 കോടി രൂപയായിരുന്നു. പുഷ്പ 1 സൂപ്പര്‍ഹിറ്റായിരുന്നു. അതേസമയം ഇതിന്റെ രണ്ടാം ഭാഗത്തിന്റെ തിയേറ്റര്‍ അവകാശം 650 കോടിയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ശക്തമായ പ്രീ-റിലീസ് ബിസിനസ്സ് ഉള്ളതിനാല്‍, പുഷ്പ 2 വും ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2ല്‍ അല്ലു അര്‍ജുന്‍ പുഷ്പരാജ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ആഗസ്റ്റില്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ് പുഷ്പ-2. 500 കോടി ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന പുഷ്പ 2 ടോളിവുഡിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളിലൊന്നാണ്.
ചിത്രത്തിന്റെ ഉത്തരേന്ത്യന്‍ വിതരണാവകാശം എഎ ഫിലിംസ് 200 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ വിതരണാവകാശം പ്രത്യാംഗിര സിനിമാസും എഎ ക്രിയേഷന്‍സും സ്വന്തമാക്കി. കേരള, കര്‍ണാടക എന്നിവിടങ്ങളില്‍ ഇ4 എന്റര്‍ടൈന്‍മെന്റും എന്‍ സിനിമാസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. എജിഎസ് എന്റര്‍ടൈന്‍മെന്റിനാണ് തമിഴ്നാട്ടിലെ വിതരണാവകാശം.












Click it and Unblock the Notifications