പുഷ്പ 2: ഫാന്‍സ് ഷോയ്ക്കിടെ ഹൈദരാബാദില്‍ സംഘര്‍ഷം; ബെംഗളരൂവില്‍ ഷോ റദ്ദാക്കി
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ പുഷ്പ: ദി റൂളിന്റെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ ബുധനാഴ്ച അല്ലു അര്‍ജുന്‍ തന്റെ ആരാധകര്‍ക്കൊപ്പം ഫാന്‍സ് ഷോ കാണാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലേക്കായിരുന്നു അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയത്.
എന്നാല്‍ ഇത് ചില അനിഷ്ട സംഭവങ്ങള്‍ക്കും വഴി വെച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുഷ്പ ഫാന്‍സ് ഷോയ്‌ക്കൊപ്പം അല്ലു അര്‍ജുന്‍ നേരിട്ട് തിയേറ്ററിലേക്ക് എത്തുക കൂടി ചെയ്തതോടെ തിയേറ്ററിന് മുന്നില്‍ തിരക്ക് കൂടാന്‍ കാരണമായി. തിയേറ്ററിന് മുന്നില്‍ ആരാധകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി.

ആര്‍ടിസി ക്രോസ് റോഡിലെ സന്ധ്യ തിയറ്ററില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു യുവാവ് കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യുവാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരാള്‍ക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റിട്ടുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ തടിച്ചുകൂടിയ ആരാധകര്‍ താരത്തിന്റെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
സ്ഥലത്ത് നേരത്തെ തന്നെ വിന്യസിച്ചിരുന്ന പൊലീസ് നടപടിയെടുക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ആണ്‍കുട്ടിക്കും വീണ് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രദേശം വളയുകയും തിയേറ്ററിന്റെ ഗേറ്റുകള്‍ അടയ്ക്കുകയും ചെയ്തിരിക്കുകയാണ്.
തിയറ്ററിലുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ ചിത്രത്തിന്റെ ബെംഗളൂരുവിലെ ഷോ പൊലീസ് റദ്ദാക്കി. പുലര്‍ച്ചെ 3 നും പുലര്‍ച്ചെ 4 നും ഉള്ള ഷോ റദ്ദാക്കാന്‍ ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബെംഗളൂരുവിലെ ഏകദേശം 40 സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളോട് ഈ സമയത്തെ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ അഞ്ചിനാണ് പുഷ്പ റിലീസ് ആകുന്നത്. 2021 ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ പുഷ്പ: ദി റൈസിന്റെ രണ്ടാം ഭാഗമാണ് പുഷ്പ: ദി റൂള്‍. ആരാധകര്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍, ശ്രീലീല, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.












Click it and Unblock the Notifications