അംബാനി കല്യാണത്തില്‍ മാത്രമല്ല, മലയാളി കല്യാണത്തിലും രജനീകാന്ത് എത്തും: യൂസഫ് അലിയുമായുള്ള ബന്ധം
രാജ്യം ഇന്നുവരെ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുംബൈയില്‍ നടന്നത്. അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തില്‍ ഇന്ത്യയിലെ ഏകദേശം എല്ലാ സെലിബ്രിറ്റികളും പങ്കെടുത്തു. വിവാഹച്ചടങ്ങിനെത്തിയ തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ഡാന്‍സ് കളിക്കുന്ന രംഗങ്ങളൊക്കെ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മുകേഷ് അംമ്പാനിയുടെ മകന്റെ വിവാഹത്തിന് പിന്നാലെ കേരളത്തില്‍ നടന്ന ഒരു വിവാഹത്തിലും രജനീകാന്ത് പങ്കെടുത്തിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിമിൻ്റെ മകളുടെ വിവാഹ ചടങ്ങിലേക്കാണ് രജനീകാന്തും ഭാര്യയും എത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പിതൃസഹോദര പുത്രൻ കൂടിയാണ് എംഎ സലീം.

തൃശ്ശൂർ ഹയാത്ത് റീജൻസി കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സലീമിൻ്റേയും സഫീറയുടേയും മകൾ നൌറിനും മലപ്പുറം മഞ്ഞളാംകുഴി ഹൌസിൽ മഞ്ഞളാംകുഴി അബ്ദുള്ളയുടേയും ബീനയുടേയും മകൻ ആബിദും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വിവാഹചടങ്ങിന് കാർമികത്വം വഹിച്ചു.
രജനീകാന്തുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് യൂസഫ് അലി. ഈ ബന്ധമാണ് അദ്ദേഹത്തെ വിവാഹ ചടങ്ങിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. രജനീകാന്ത് മാത്രമല്ല മറ്റ് നിരവധി പ്രമുഖരും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി എന്നിവരും ആഘോഷത്തില്‍ പങ്കുചേർന്നു.
മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, എംപിമാരായ വി അബ്ദുൾ വഹാബ് ബെന്നി ബെഹനാൻ, വികെ ശ്രീകണ്ഠൻ , ഹാരിസ് ബീരാൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വിഎസ് സുനില്‍ കുമാർ, തുടങ്ങി രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
സിനിമാ മേഖലയില്‍ നിന്ന് രജനീകാന്തിനും ഭാര്യക്കും പുറമെ ജോജു ജോർജ്, ശരത്കുമാർ, രാധിക ശരത്കുമാർ, ടൊവിനോ തോമസ്, ജഗദീഷ്, മേജർ രവി, നന്ദലാൽ കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം എന്നിവരും വിവാഹ ആഘോഷത്തില്‍ പങ്കാളികളായി.












Click it and Unblock the Notifications