ഇമ്മാതിരി പണി ലോകത്ത് വേറെ ആരെങ്കിലും ചെയ്യുമോ? ധർമ്മജന്‍ കൊണ്ടുവന്ന തെളിവ് കണ്ട് ഞെട്ടിയ പിഷാരടി
മിമിക്രി വേദിയില്‍ നിന്നും ടെലിവിഷന്‍ രംഗത്തേക്കും അതുവഴി സിനിമയിലേക്കും കയറി വന്ന കലാകാരന്മാരാണ് ധർമ്മജന്‍ ബോള്‍ഗാട്ടിയും രമേഷ് പിഷാരടിയും. ഏഷ്യാനെറ്റ് പ്ലസില്‍ രമേഷ് പിഷാരടി അവതരിപ്പിച്ചുകൊണ്ടിരുന്ന പരിപാടിയിലേക്ക് ധർമ്മജന്‍ എത്തുന്നതിലൂടെയാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം ശക്തമാക്കുന്നത്.
സിനിമ രംഗത്ത് മാത്രമല്ല, രാഷ്ട്രീയത്തിലും ഒരേ തോണിയിലെ യാത്രക്കാരാണ് രമേഷ് പിഷാരടിയും ധർമ്മജനും. ചെറുപ്പം മുതല്‍ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടർന്ന് വന്ന, യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വ്യക്തിയാണ് ധർമ്മജനെങ്കില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രമേഷ് പിഷാരടി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.

ധർമ്മജന്‍ കാണിച്ചിട്ടുള്ള പല അബദ്ധങ്ങളെക്കുറിച്ചും മറ്റുമൊക്കെ രമേഷ് പിഷാരടി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പലയിടത്തായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു കഥയാണ് ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടി പരിപാടിയില്‍ മത്സരാർത്ഥിയായി എത്തിയ രമേഷ് പിഷാരടി പറയുന്നത്.
നമ്മള്‍ വിചാരിക്കാത്ത ചില കാര്യങ്ങള്‍ ധർമ്മജന്‍ ചിലപ്പോള്‍ ചെയ്ത് കളയും. കൊല്ലത്ത് ഉളികകോവില്‍ എന്ന് പറയുന്നത സ്ഥലത്ത് ഞങ്ങള്‍ക്ക് ഒരു പരിപാടിയുണ്ടായിരുന്നു. ആറ് മണിക്ക് പരിപാടി തുടങ്ങണമെന്നാണ് പറഞ്ഞത്. തിയതിയൊക്കെ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അന്നേ ദിവസം ഉച്ചക്ക് വിളിച്ച് നോക്കിയപ്പോള്‍ അവന്‍ കുന്നംകുളം ഭാഗത്ത് എവിടെയോ ഒരു സിഡി കട ഉദ്ഘാടനം ചെയ്യാന്‍ പോയിരിക്കുകയാണ്.
നീ എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്, നമുക്ക് ഇന്ന് വൈകീട്ട് പരിപാടിയില്ലേ എന്നൊക്കെ ഞാന്‍ ചോദിച്ചപ്പോള്‍ ഉറപ്പായും കറക്ട് സമയത്ത് എത്തുമെന്ന് പറഞ്ഞു. കൂടിപ്പോയാല്‍ ഷോ തുടങ്ങി ഒരു മൂന്ന് നാല് പാട്ട് കഴിയുന്ന സമയത്തിനുള്ളില്‍ എത്താം. നീ ടെന്‍ഷന്‍ അടിക്കേണ്ടതില്ലെന്നും പറഞ്ഞു.
അമ്പലത്തിലെത്തിയ ഞാന്‍ ടെന്‍ഷന്‍ അടിച്ചുകൊണ്ട് ഇവനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. അവനാണെങ്കില്‍ അവിടെ എത്തി, ഇവിടെ എത്തി എന്നൊക്കെ പറയുകയാണ്. കുറേ നേരം കഴിഞ്ഞപ്പോഴുണ്ട് പറയുന്നു, എന്റെ വണ്ടി ഇടിച്ചു എത്താന്‍ വൈകുമെന്ന്. ഞാന്‍ തിരികെ അവനോട് പറഞ്ഞു "എന്തിനാണ് ധർമ്മാ ഇങ്ങനെ നുണ പറയുന്നത്, വേറെ പുതിയ നുണ വല്ലതുമുണ്ടേല്‍ പറ".
സത്യത്തില്‍ ആലപ്പുഴ ഭാഗത്തെങ്ങാനും വെച്ച് ഇവന്റെ വണ്ടി ഒരു സൈക്കിളുകാരനെ ഇടിച്ചു. അയാള്‍ നല്ല വെള്ളമായിരുന്നു. നാട്ടുകാരെല്ലാം കൂടി ഇടികൊണ്ടയാളെ ധർമ്മജന്റെ വണ്ടിയില്‍ കയറ്റിയിരുത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. വണ്ടിയില്‍ വെച്ചാണ് ധർമ്മജനെ അയാള്‍ തിരിച്ച് അറിയുന്നത്.
ഇതോടെ നിങ്ങള്‍ എവിടെ പോകുകയാണെന്ന് തിരക്കിയ അയാള്‍ ഞാനും പരിപാടി കാണാന്‍ വന്നോട്ടെയെന്ന് ചോദിച്ചു. ഇത് കേട്ട ധർമ്മജന്‍ എന്നാല്‍ ശരിയെന്നും പറഞ്ഞ്, ആ ഇടികൊണ്ട ആളേയും കൂട്ടി ആശുപത്രിയില്‍ പോകാതെ നേരത്തെ ഉത്സവ പറമ്പിലെ സ്റ്റേജിന് പിറകിലേക്ക് വന്നു. എന്നിട്ട് "വണ്ടി ഇടിച്ചെന്ന് പറഞ്ഞപ്പോള്‍ നീ വിശ്വസിച്ചില്ലലോ" എന്നും പറഞ്ഞ് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ആളെ കാണിച്ച് തന്നു.
ഞാന്‍ നോക്കുമ്പോള്‍ അയാളുടെ കയ്യിലൊക്കെ തൊലി പോയിട്ടുണ്ട്. ഒരു കസേരയില്‍ ഇരുത്തി വെള്ളം കൊടുത്തു. കമ്മിറ്റിക്കാരുടെ വിചാരം സ്കിറ്റിന് വേണ്ടി മേക്കപ്പ് ഇട്ടതാണ് വരുന്നവരും പോകുന്നവരുമൊക്കെ ഇത് സൂപ്പർ ആണെന്ന അഭിപ്രായവും പറയുന്നുണ്ട്. പിന്നീട് പരിപാടിയൊക്കെ കഴിഞ്ഞ് പുള്ളിയെ ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചു. എനിക്ക് അതല്ല, ഈ ലോകത്ത് ആരെങ്കിലും ഇടികൊണ്ട ആളെ തെളിവായി കൊണ്ടുവരുമോയെന്നും രമേഷ് പിഷാരടി ചോദിക്കുന്നു.












Click it and Unblock the Notifications