ഞാന്‍ അങ്ങനെ ഒരു സ്ത്രീയല്ല; നിങ്ങള്‍ക്ക് ഒരുപാട് പേരുടെ പ്രാക്ക് ഉണ്ടാകും; പരാതി നല്‍കി രേഖ രതീഷ്
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി രേഖ രതീഷ് കണ്ണീരോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒരു സംഘം യൂട്യൂബര്‍മാര്‍ തന്റെ ജീവിതം നശിപ്പിക്കുന്നു എന്ന് പറഞ്ഞാണ് രേഖ രംഗത്ത് വന്നത്. സാരി മാറുന്നത് പോലെ ഭര്‍ത്താക്കന്മാരെ മാറുന്നുവെന്ന തലക്കെട്ടുകളില്‍ രേഖ രതീഷിനെതിരെ വന്ന യൂട്യൂബ് വീഡിയോകള്‍ക്കെതിരെയായിരുന്നു നടിയുടെ വൈകാരികമായ പ്രതികരണം. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന യൂട്യൂബര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നതായിരുന്നു രേഖയുടെ പ്രധാന ആവശ്യം.
വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ രേഖ പരാതിയും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയാണ് പരാതി നല്‍കിയത്. മറുനാടന്‍ മലയാളി, സിനി ലൈഫ്, കക്കിരി ആന്‍ഡ് ഫാമിലി തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയായിരുന്നു രേഖയുടെ പരാതി. പുതിയൊരു വീഡിയോയിലൂടെ, തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദിയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി താങ്ങാവുന്നതില്‍ അധികം അപവാദ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് രേഖ പറയുന്നു. നടി നിരന്തരം വിവാഹം കഴിക്കുന്നുവെന്ന ക്യാപ്ഷനുകളോടെ അവരുടെ വ്യക്തിജീവിതത്തെ അധിക്ഷേപിക്കുന്ന രീതിയിലാണ് വീഡിയോകള്‍ പ്രചരിച്ചത്. ഇത്തരം വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് രേഖയെ അധിക്ഷേപിച്ചുകൊണ്ട് കമന്റുകള്‍ ഇടുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ രേഖ നേരിട്ട് എത്തി നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. പരാതിക്ക് ശേഷം രേഖയുടെ പ്രതികരണം ഇങ്ങനെ: ഒരു മനുഷ്യനെ കൂട്ടത്തോടെ 30 യൂട്യൂബേഴ്‌സാണ് ആക്രമിക്കുന്നത്. എന്തിനാണ് ഒരു മനുഷ്യനെ ഇത്ര മാത്രമിട്ട് പിച്ചി ചീന്തുന്നത്. നിങ്ങളോട് ഞാന്‍ എന്ത് പാപമാണ് ചെയ്തത്. കഥയറിയാതെ ദൈവത്തെ ഓര്‍ത്തു പറയരുത്. യാഥാര്‍ത്ഥ്യം എന്താണെന്നുള്ളത് എന്റെ ഓപ്പോസിറ്റുള്ള പലര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതൊന്നും അറിയാത്തവര് ഒരു ചാനലില്‍ വന്നിരുന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ചേര്‍ത്ത് എന്നെ മോശമായി ചിത്രീകരിക്കുകയാണ്. ഞാന്‍ അങ്ങനെ ഒരു സ്ത്രീയല്ല. എന്റെ ലൈഫ് വേറെയാണ്. എന്നെ അറിയാതെ ആരും ഒന്നും പറയണ്ട.
ഞാനെങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. എല്ലാ യൂട്യൂബേഴ്‌സിനോടും പറയുകയാണ്. നിങ്ങളെന്നെ കുറിച്ച് നല്ലതും ഇടണ്ട, ചീത്തയും പറയണ്ട. ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ഞാന്‍ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് എന്റെ മാത്രം പേഴ്‌സണല്‍ കാര്യമാണ്. യൂട്യൂബേഴ്‌സ് പൈസ ഉണ്ടാക്കിക്കൊള്ളൂ. ഞങ്ങളെപ്പോലുള്ളവരെ വലിച്ചുകീറി പേസ്റ്റ് ആക്കിയിട്ട് ഒരു രൂപ ഉണ്ടാക്കരുത്.
ഒരുപാട് പേരുടെ പ്രാക്ക് ഉണ്ടാകും. എന്റെ മകന്‍ ഒന്‍പതില്‍ പഠിക്കുകയാണ്. അവന്‍ ഇന്‍സ്റ്റയെടുത്ത് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ തുണി മാറുന്നത് പോലെ ഭര്‍ത്താക്കന്മാരെ മാറുന്നു എന്ന ക്യാപ്റ്റനാണ് കാണുന്നത്. ഇതൊക്കെ പറയുമ്പോള്‍ മാനസികമായി ഉണ്ടാകുന്ന വേദന വളരെ വലുതാണ് - രേഖയുടെ വാക്കുകള്‍.












Click it and Unblock the Notifications