ആസിഫ് അലി തൂക്കുമോ 2025? രേഖാചിത്രം ആദ്യദിനം നേടിയത് ഇത്ര..! ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷന്‍
2025 ലെ ആസിഫ് അലിയുടെ ആദ്യ സിനിമയായ രേഖാചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. 2024 ല്‍ കിഷ്‌കിന്ധാകാണ്ഡം എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ചതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇന്നലെ ചിത്രം തിയേറ്ററിലെത്തിയത്. ആസിഫ് അലിക്കൊപ്പം അനശ്വര രാജന്‍. മനോജ് കെ ജയന്‍, സിദ്ദിഖ്, സറിന്‍ ഷിഹാബ്, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും രേഖാചിത്രത്തിലുണ്ട്.
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഈ സിനിമ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന മലയാളം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പാറ്റേണിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ പ്രതീക്ഷകളെ കാത്തു എന്ന റിപ്പോര്‍ട്ടാണ് രേഖാചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റായി മാറും രേഖാചിത്രം എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്.

ഇത് ബോക്‌സോഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യ ദിനം തന്നെ 2 കോടി രൂപയാണ് രേഖാചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവിധ ബോക്‌സോഫീസ് ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ആസിഫ് അലിയുടെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ഡേ കളക്ഷന്‍ എന്ന നേട്ടവും രേഖാചിത്രത്തിന്റെ പേരിലാകും. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടാവുന്ന സിനിമയാണ് രേഖാചിത്രം.
ടിക്കറ്റിംഗ് ആപ്പ് ബുക്ക് മൈ ഷോ പ്രകാരം പ്രവൃത്തി ദിവസമായിരുന്നിട്ടും വ്യാഴാഴ്ച 79000 ബുക്കിംഗുകള്‍ ആണ് രേഖാചിത്രത്തിന് ലഭിച്ചത്. രാവിലത്തെ ഷോകളില്‍ മികച്ച ഒക്യുപെന്‍സിക്ക് ശേഷം, ഈവനിംഗ്, നൈറ്റ് ഷോകളില്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായി. പോസിറ്റീവ് റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് സിനിമ വാരാന്ത്യത്തില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കും എന്നുറപ്പാണ്.
വാരാന്ത്യത്തിന് ശേഷം ഏകദേശം 8 കോടി മുതല്‍ 10 കോടി രൂപ വരെ രേഖാചിത്രം നേടാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയും മാത്രമാണ് തിയറ്ററുകളില്‍ കളിക്കുന്ന മറ്റ് വലിയ മലയാളം റിലീസുകള്‍. എന്നാല്‍ അടുത്ത ദിവസങ്ങളിലെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ അവ രേഖാചിത്രത്തിന് ഭീഷണിയാകാന്‍ സാധ്യതയില്ല.
അനശ്വരയുടെ രേഖ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ ഫ്‌ളാഷ് ബാക്ക് ഭാഗങ്ങള്‍ 1980 കളില്‍ നടക്കുന്നതാണ്. ഇതില്‍ ഭൂരിഭാഗവും മമ്മൂട്ടി നായകനായ ഭരതന്റെ കാതോട് കാതോരത്തിന്റെ സെറ്റിലാണ് നടക്കുന്നത്. ശങ്കറും രാം ചരണും ഒന്നിച്ച ഗെയിം ചേഞ്ചര്‍, അര്‍ജുന്‍ അശോകന്‍-അനശ്വര ടീമിന്റെ എന്ന് സ്വന്തം പുണ്യാളന്‍ എന്നിവയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് പുതിയ റിലീസുകള്‍.












Click it and Unblock the Notifications