നായര്‍ ഈഴവരില്‍ നിന്ന് വിവാഹമാലോചിക്കുമോ? രാഷ്ട്രീയ വ്യവസ്ഥ ജാതിയിലെന്ന് രണ്‍ജി പണിക്കര്‍
തിരുവനന്തപുരം: ജാതി വ്യവസ്ഥ പേരിലെ ജാതി വാല് നീക്കം ചെയ്തത് കൊണ്ട് ഇല്ലാതാവുന്നതല്ലെന്ന് നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് അയാള്‍ക്കുള്ള ജാതി സംവരണം അറിയാന്‍ കഴിയുകയെന്നും രണ്‍ജി പണിക്കര്‍ ചോദിക്കുന്നു. കൗമുദി മൂവിസിനോടായിരുന്നു രണ്‍ജിയുടെ പ്രതികരണം. അഭിമുഖത്തില്‍ പേരില്‍ നിന്ന് ജാതി കളയുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്.
നമ്മുടെ നാട്ടില്‍ നായര്‍ ജാതിയില്‍ നിന്നുള്ള ഒരാള്‍ ഈഴവരുടെ വീട്ടില്‍ പോയി വിവാഹമാലോചിക്കുന്നുണ്ടോ എന്നും രണ്‍ജി ചോദിച്ചു. പ്രേമ വിവാഹങ്ങളില്‍ അല്ലാതെ നമ്മുടെ സമൂഹം വേറൊരു ജാതിയില്‍ ചെന്ന് പെണ്ണാലോചിക്കുകയോ കല്യാണം അന്വേഷിക്കുകയോ ചെയ്യില്ലെന്നും രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.

ഈഴവരുടെ വീട്ടില്‍ പോവാമെന്ന് നായരോ അല്ലാത്ത വിഭാഗങ്ങളില്‍ പോവാമെന്ന് വേറെയുള്ള ജാതിക്കാരോ മതക്കാരോ വിചാരിക്കില്ല. ജാതിയിലും മതത്തിലും കൂടുതല്‍ ആഴ്ന്ന് പോവുന്ന സ്ഥിതിയാണ് വന്ന് കൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നമുക്ക് സംവരണം വരെയുണ്ടെന്നും രണ്‍ജി പറയുന്നു.
സംവരണത്തിന്റെ കാര്യം തന്നെയെടുത്തല്‍ ഒരാളുടെ ജാതി ചോദിക്കാതെ എങ്ങനെയാണ് അയാള്‍ക്ക് ആ ജാതിയുടെ പേരിലുള്ള സംവരണം ലഭിക്കുക. ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും രണ്‍ജി പണിക്കര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നത് കൊണ്ട് ഒരാളുടെ പേരില്‍ നിന്ന് ജാതി മാറിയാല്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്.
ഏത് മതക്കാരാണ് കൂടുതല്‍ ഉള്ളതെന്ന് നോക്കി അവിടെ സ്ഥാനാര്‍ത്ഥിയായി ഹിന്ദുവിനെയോമുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ നിര്‍ത്തണോയെന്ന്, എല്ലാ പുരോഗന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാണമില്ലാതെ തീരുമാനിക്കുന്ന വ്യവസ്ഥയില്‍ അല്ലേ നമ്മള്‍ ജീവിക്കുന്നത്. സെന്‍ട്രല്‍ ട്രാവന്‍കൂറില്‍ ഒരാളെ നിര്‍ത്തുമ്പോള്‍ അവിടത്തെ മുന്‍തൂക്കമുള്ള ജാതിയാണ് നോക്കുക.
മലപ്പുറത്തേക്ക് പോവുമ്പോള്‍ വേറൊരു പരിഗണനയാവും നോക്കുക. മലബാറില്‍ മൊത്തം പരിഗണനകള്‍ക്ക് വലിയ മാറ്റമുണ്ടാകും. പേരില്‍ നിന്ന് ജാതി ഒഴിവാക്കിയിട്ട് ഒരു കാര്യവുമില്ല. പേരില്‍ നിന്ന് ഒഴിവാക്കിയാലും അച്ഛന്റെ പേര് ചോദിക്കും. എന്റെ പേര് രണ്‍ജി പണിക്കര്‍ എന്നാണ്. നിങ്ങള്‍ നായര്‍ പണിക്കരാണോ ഈഴവ പണിക്കരാണോ എന്ന് ചോദിക്കുന്നവര്‍ ഇല്ലേ? ജാതി അതുകൊണ്ട് ഇവിടെ അവസാനിക്കുന്നില്ല. പേരില്‍ ആരംഭിച്ച് അവസാനിക്കുന്ന ഒന്നല്ല ജാതി. അത് എല്ലാവരുടെയും മനസ്സിലാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
നേരത്തെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ചും രണ്‍ജി സംസാരിച്ചിരുന്നു. നമ്മുടെ സമൂഹത്തില്‍ സ്ത്രീവിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലേ? മനുഷ്യരാശിക്ക് തന്നെ വിരുദ്ധമായിട്ടുള്ള നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. മനുഷ്യര്‍ തമ്മില്‍ സംസാരിക്കുന്ന ഭാഷ സിനിമയില്‍ സംസാരിച്ചാല്‍ അത് സ്ത്രീവിരുദ്ധമാണോ? ഏറ്റവും പുരോഗമന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരുടെ പൊളിറ്റ് ബ്യൂറോയില്‍ എത്ര സ്ത്രീകളുണ്ടെന്നും രണ്‍ജി പണിക്കര്‍ ചോദിച്ചു.












Click it and Unblock the Notifications