രേണു-ദാസേട്ടൻ വീഡിയോ കണ്ട് കിച്ചു വീട് വിട്ട് ഇറങ്ങിപ്പോയോ?';മകന്റെ പ്രതികരണത്തെ കുറിച്ച് രേണുവിന് പറയാനുള്ളത്
റീലുകളുടേയു ഫോട്ടോഷൂട്ടുകളുടേയും പേരിൽ കടുത്ത സൈബർ ആക്രമണമാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നേരിടുന്നത്. 'ഭർത്താവ് മരിച്ച സ്ത്രീയെ' പോലെ രേണു പെരുമാറൂവെന്നതാണ് ചിലരുടെ തിട്ടൂരം. ഈ പോക്ക് പോയാൽ സുധിയുടെ ആദ്യ ഭാര്യയിലുണ്ടായ മകൻ കിച്ചുവുനെ രേണു അടിച്ചിറക്കുമെന്നൊക്കെയുള്ള ആക്ഷേപങ്ങളും ചിലർ ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെല്ലാം മറുപടി നൽകുകയാണ് രേണു. കിച്ചു എവിടെയാണെന്നും താൻ റീൽ ചെയ്യുന്നതിനോടുള്ള മകന്റെ പ്രതികരണം എന്താണെന്നുമൊക്കെ ഫൈനൽ ന്യൂസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.
'കിച്ചു പഠിക്കുകയാണ്. കൊല്ലത്താണ് പഠിക്കുന്നത്, ഫ്ലവേഴ്സാണ് അഡ്മിഷൻ എടുത്ത് കൊടുത്തത്. അവൻ അവന്റെ അച്ഛന്റെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവധിക്ക് ഇവിടേക്ക് വരാറുണ്ട്. കുഞ്ഞിനെ കാണാറുണ്ട്. അവൻ വരുമ്പോ എനിക്ക് വേണമെങ്കിൽ സെൽഫിയും റീലും എടുക്കാം. ഞങ്ങളുടെ രീതി അതല്ല, അങ്ങനെയൊരു ബന്ധമല്ല ഞങ്ങൾ തമ്മിൽ, അമ്മ മകൻ ബന്ധമാണ്. അവൻ കുഞ്ഞുമായി സെൽഫി എടുത്തു. എനിക്ക് വേണമെങ്കിൽ പോയി നിൽക്കാമായിരുന്നു. ഇനി സെൽഫി എടുത്താൽ പറയും ഷോ കാണിക്കാനാണെന്ന്. ഞാൻ അവനോട് പറയാറുണ്ട്, നീ എന്നെ നോക്കണ്ട, അനിയനെ നോക്കണമെന്ന്. അവൻ അത് എനിക്ക് ഉറപ്പും തന്നിട്ടുണ്ട്.

ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ കേൾക്കുമ്പോൾ അമ്മ ഇതൊക്കെ എന്തിനാണ് ചെവികൊടുക്കുന്നതെന്ന് ചോദിക്കും. സത്യം പറഞ്ഞാൽ കിച്ചുവാണ് എനിക്ക് ഇൻസ്റ്റഗ്രാം ഒക്കെ പഠിപ്പിച്ചത്. ഇതെന്താണെന്ന് എനിക്ക് യാതൊരു ധാരാണയും ഇല്ലായിരുന്നു. ഇപ്പോഴാണ് ഓരോന്ന് പഠിക്കുന്നത്. പണ്ട് ടിക്ക് ടോക്കും റീലുമൊക്കെ എടുക്കുമ്പോൾ അവൻ പിന്തുണച്ചിരുന്നു. അന്ന് കൊച്ചല്ലായിരുന്നോ. ഇപ്പോൾ വീഡിയോസൊന്നും മൈന്റ് ചെയ്യാറില്ല.
ഷൂട്ടിനും നാടകത്തിനുമൊക്കെ പോകുമ്പോൾ ഞാൻ അവനോട് പറയാറുണ്ട്. നാടകമൊക്കെ എങ്ങനെ പോകുന്നുവെന്നൊക്കെ ചോദിക്കും. അത്രയേ ഉള്ളൂ. ഞാൻ കിച്ചുവുമായി വിഷമങ്ങളൊന്നും പങ്കുവെയ്ക്കാറില്ല. അവൻ കുഞ്ഞ് കുട്ടിയല്ലേ. രണ്ടാമത്തെ കുഞ്ഞിന് നല്ല പക്വത ഉണ്ട്. അവന് എന്നേക്കാൾ പക്വത ഉണ്ടെന്ന് എന്റെ വീട്ടുകാരൊക്കെ പറയും. എന്നെ വിഷമിപ്പിക്കാതിരിക്കാനാണ് അവൻ ഒന്നും സംസാരിക്കാത്തത് എന്നാണ് തോന്നുന്നത്.
ചിലപ്പോഴൊക്കെ ഞാൻ വിഷമിച്ചിരിക്കുമ്പോൾ അവൻ ഓടി വന്ന് പറയും. അമ്മ എന്തിനാണ് വിഷമിക്കുന്നത് ഞാൻ ആണ് സുധി, ഞാൻ തന്നെയാണ് സുധിയച്ഛൻ. ഞാൻ മരിച്ചില്ലല്ലോ എന്ന് പറയും. ശരിയാണ് അവൻ സുധിച്ചേട്ടനെ പോലെ തന്നെയാണ്. സംസാരവും രീതിയും ഒക്കെ സുധിച്ചേട്ടനെ പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ മിനിയേച്ചർ പോലെയാണ്. സുധിച്ചേട്ടൻ മരണമൊക്കെ നേരത്തേ കണ്ടെന്ന് എനിക്ക് തോന്നും. കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ച് കഴിഞ്ഞാൽ നീ വിഷമിക്കേണ്ട ഇവൻ ഉണ്ടല്ലോയെന്ന്, ഇവൻ ഞാൻ തന്നെയാണെന്ന്. കിച്ചുവിനും ഇത് അറിയാം, അവനും ഇത് കേട്ടിട്ടുണ്ട്. റിതുൽ വാവുട്ടേ എന്ന് എന്നെ ഇടക്ക് വിളിക്കാറുണ്ട്.
മനു ഗോപുമായി ചെയ്ത ഫോട്ടോഷൂട്ട് വീഡിയോകളുടെ കമന്റൊന്നും ഞാൻ ശ്രദ്ധിച്ചില്ല. നാടകത്തിന്റെ തിരക്കായിരുന്നു. കമന്റുകൾ ബാധിക്കാറില്ല. പക്ഷെ തെറി പറയുമ്പോൾ ആണ് പ്രശ്നം. അപ്പോൾ ശക്തമായി തിരിച്ചുപറയാൻ തോന്നും. ഫോട്ടോ മാറ്റെടി, പോയി ചാവെടി എന്നൊക്കെയാണ് കമന്റുകൾ. കടുത്ത ബോഡി ഷെയിമിംഗ് കമന്റുകളും ഉണ്ടാകാറുണ്ട്. ഹാൻസ് വായിൽ നിന്നും മാറ്റെടി എന്നൊക്കെ പറയും. ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കാറുണ്ട്. കാരണം ക്ഷമയുടെ നെല്ലിപലക കണ്ടതാണ്. എലിയാ, പല്ലിയാ എന്നൊക്കെ പറയും. ആയിക്കോട്ടെ അത് ജീവികളല്ലേ, ട്രാൻസ്ജെന്റർ ആണെന്ന് പറയും. അവരെന്താ മനുഷ്യരല്ലേ, എനിക്ക് അവരെ വളരെ ഇഷ്ടവും ബഹുമാനവുമാണ്. പെരുമ്പാവൂരിലെ ജിഷയുടെ അമ്മയെ പോലുണ്ടെന്നൊക്കെ വിമർശിക്കും. ഇതിലപ്പുറം കമന്റ് ഇട്ടാലും എനിക്ക് വിഷയമല്ല, പക്ഷെ തെറി പറയരുത്.
ദാസേട്ടനുമായുള്ള വീഡിയോയിലൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ബ്രൈഡൽ ഷൂട്ട് വരുമ്പോൾ ആളുകളുടെ കമന്റ് കിച്ചുവിനെ അടിച്ചിറക്കുമോയെന്നതാണ്. സ്വന്തം കുഞ്ഞിനെ ആരെങ്കിലും അടിച്ചിറക്കുമോ? മനസിൽ മഞ്ഞപ്പിത്തം ഉള്ളവർക്ക് കാണുന്നത് മഞ്ഞയായി തോന്നും. ഞാൻ ഇവി വിവാഹം കഴിച്ചാലും ഇല്ലേലും എന്താണ് പ്രശ്നം? എനിക്ക് ഈ പറയുന്നവരുടെ ഭർത്താക്കൻമാരെ വേണ്ട, ഒരു ഭാര്യമാരുടേയും കുഞ്ഞുങ്ങളുടേയും കണ്ണുനീര് വീഴ്ത്തിക്കൊണ്ട് എനിക്ക് ഒന്നും വേണ്ട, ഞാൻ അങ്ങനെയുള്ളൊരു ആളുമല്ല. എന്തിനാണ് എന്റെ വിവാഹത്തെ കുറിച്ച് ആലോചിച്ച് ആളുകൾ ടെൻഷൻ അടിക്കുന്നതെന്ന് ഇതുവരേയും മനസിലായിട്ടില്ല. ബോഡി ഷെയിമിംഗ് കമന്റുകൾ എന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടേ ഉള്ളൂ. എന്നാ അഭിനയിച്ച് കാണിച്ചിട്ടേ ഉള്ളൂ എന്ന തോന്നൽ വരും. ഓരോ വിമർശനങ്ങളും എനിക്ക് അടുത്ത റീൽ ചെയ്യാനുള്ള കരുത്താണ്
ഞാൻ ഏവിയേഷൻ സ്റ്റുഡന്റ് ആയിരുന്നു. എയർ ഇന്ത്യയിലൊക്കെ എന്റെ ട്രെയിനിംഗ് കഴിഞ്ഞതാണ്. നെടുമ്പാശേരിയിൽ ഗ്രൗണ്ട് സ്റ്റാഫായി എനിക്ക് ജോലിയും കിട്ടിയതാണ് നല്ല ശമ്പളത്തിൽ. എന്നാൽ കിച്ചുവാണ് സുധിയേട്ടനോട് പറഞ്ഞത് അമ്മയെ നമ്മുക്ക് ഇപ്പോഴല്ലേ കിട്ടിയത് അമ്മ നമ്മുടെ കൂടെ നിർത്തണം, വിടേണ്ടെന്ന്. ആ കുട്ടിക്ക് വേണ്ടിയാണ് ഞാൻ ജോലിയൊക്കെ വേണ്ടെന്ന് വെച്ചത്.
ഞാൻ നന്നായി ഒരുങ്ങാറുള്ള ആളായിരുന്നു. ഇപ്പോൾ ഒരുങ്ങുമ്പോൾ വിമർശനം വരും. സുധിച്ചേട്ടൻ മരിച്ച ദിവസത്തെ നിന്നെ കണ്ടതാടി എന്ന് പറയും. സുധിച്ചേട്ടൻ മരിച്ച് കിടക്കുമ്പോൾ ഞാൻ ബ്യൂട്ടി പാർലറിൽ പോകണമായിരുന്നോ? അന്നത്തെ ദിവസം എനിക്ക് ഓർമപോലും ഇല്ല. അദ്ദേഹം മരിച്ച് കിടക്കുമ്പോൾ ഞാൻ ഒരുങ്ങി ഇരിക്കണമായിരുന്നോ? അതല്ല ഞാൻ എപ്പോഴും അതേപോലെ തന്നെ ഇരിക്കണോ, അതാണോ എല്ലാവരും ആഗ്രഹിക്കുന്നത്?
പണ്ടുമുതലെ ഞാൻ ലിപ്സ്റ്റിക്ക് ഇടാറുണ്ട്. സുധിച്ചേട്ടനാണ് എനിക്ക് അത് വാങ്ങി തരാറുള്ളത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഇവന്റ് മാനേജ്മെന്റ് പരിപാടികൾക്കൊക്കെ വെൽകം ഗേൾ ആയി ഞാൻ പോകാറുണ്ട്. സുധിച്ചേട്ടൻ മരിച്ചിട്ട് 2 വർഷം ആകാറായി. ഞാൻ മുൻപത്തെ പോലെ തന്നെ ജീവിക്കണമെന്നാണോ? ഞാൻ ജീവിതം തിരിച്ചുപിടിച്ചത് അംഗീകരിക്കുകയല്ലേ വേണ്ടത്.
അടുത്തിടെ ഞാൻ ഒരു പരിപാടിക്ക് പോയപ്പോൾ ഒരാൾ ചോദിച്ചു സുധിച്ചേട്ടൻ മരിച്ചിട്ട് ആറ് മാസം ആയോ എന്ന്. സുധിച്ചേട്ടനെ കണ്ടത് മുതൽ അദ്ദേഹം മരിക്കുന്നത് വരെയുള്ള ഓരോന്നും എന്റെ മനസിൽ മായാതെ കിടപ്പുണ്ട്. അതെനിക്ക് അറിയാം. എല്ലാവർക്കും അത് അറിയല്ലെന്നത് എന്റെ കുഴപ്പം അല്ല', രേണു പറഞ്ഞു.












Click it and Unblock the Notifications