രേണു സുധിയും അപ്പാനി ശരതും ബിഗ് ബോസ് സീസൺ 7 ലേക്ക് ഉറപ്പിച്ചു?; അനുമോളും ആദിത്യൻ ജയനും മത്സരിക്കും?
ബിഗ് ബോസ് സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീസണിന്റെ ഏറ്റവും പുതിയ പ്രമോ വന്നത് മുതൽ ആകാംക്ഷയുടെ കൊടുമുടിയിലാണ് ആരാധകർ. ഇത്തവണ തീപാറും പോരാട്ടത്തിനായിരിക്കും ഹൗസ് വേദിയാകുകയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അങ്ങനെ തീ പാറണമെങ്കിൽ അത്തരത്തിലുള്ള മത്സരാർത്ഥികളും എത്തേണ്ടേ? തീർച്ചയായും വേണം, അങ്ങനെയങ്കിൽ ആരൊക്കെയായിരിക്കും ഇത്തവണ ഷോയിൽ മാറ്റുരക്കുക. നിരവധി പേരുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ 90 ശതമാനം സാധ്യതയുള്ള 7 പേരുകൾ ചില യുട്യൂബ് വ്ലോഗർമാർ പങ്കുവെയ്ക്കുന്നുണ്ട്. നോക്കിയാലോ?
വിവാദ താരമായ രേണു സുധി. ബിഗ് ബോസിലേക്ക് പോകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ താരങ്ങളിലൊരാളാണ് രേണു സുധി. രേണുവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണോയെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. അതേസമയം ഷോയിലേക്ക് പോകാൻ താത്പര്യമുണ്ടെങ്കിലും തന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ലെന്നാണ് രേണു വ്യക്തമാക്കിയത്.

നടിയും സ്റ്റാർ മാജിക് താരവുമായ അനുമോൾ ആണ് മറ്റൊരു താരം. ബിഗ് ബോസ് പുതിയ സീസൺ പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും അനുവിന്റെ പേര് ചർച്ചകളിൽ ഇടംപിടിക്കാറുണ്ടെങ്കിലും ഇത്തവണ അനു തീർച്ചയായും സീസണിൽ എത്തിയേക്കുമെന്നാണ് ചില യുട്യൂബേഴ്സ് പ്രവചിക്കുന്നത്.
നടൻ ആദിത്യൻ ജയന്റെ പേരും പ്രിഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സീരിയൽ താരമായ ആദിത്യന്റെ പേര് മുൻപ് നിരവധി വിവാദങ്ങളിൽ ചർച്ചയായതാണ്. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും വേർപിരിയലും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
കഴിഞ്ഞ കുറച്ച് സീസണുകളിലായി ട്രാൻസ് വ്യക്തികൾക്കും അവരെ പിന്തുണയ്ക്കുന്നവരുമായ വ്യക്തികൾക്കും ബിഗ് ബോസ് അവസരം നൽകാറുണ്ട്. ഇത്തവണയും ട്രാൻസ് വ്യക്തി ഷോയിൽ ഉണ്ടാകുമെന്നാണ് പ്രവചനം. ഏഷ്യാനെറ്റിലെ പവിത്രം എന്ന സീരിയയിലെ നടിയായ അമയ പ്രസാദിന്റെ പേരാണ് ചർച്ചയാകുന്നത്.
അവതാരകയായ ശാരികയും ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ ഉണ്ടാകുമെന്ന പ്രവചനം ഉണ്ട്. ശാരികയുടെ അഭിമുഖങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്തിടെ രേണു സുധിയുമായി ശാരിക നടത്തിയ അഭിമുഖം ചർച്ചയായിരുന്നു. അതിഥിയെ ബഹുമാനിക്കാതെ തന്റെ വാദങ്ങൾ അടിച്ചേൽപ്പിക്കുന്ന അവതാരക എന്ന നിലയ്ക്കുള്ള വിമർശനങ്ങൾ ഇതോടെ ശാരികയ്ക്ക് നേരെ ഉയർന്നിരുന്നു. ഒരിക്കൽ മൈത്രേയനുമായി ശാരിക നടത്തിയ അഭിമുഖവും വൈറലായിരുന്നു.
നടൻ അപ്പാനി ശരത്ത് ഈ സീസണിൽ ഉണ്ടാകുമെന്ന് പ്രവചനം ഉണ്ട്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അപ്പാനി ശരത് സിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങൾ നടന് ലഭിച്ചു.
കഴിഞ്ഞ രണ്ട് സീസണുകളിലും ബിഗ് ബോസ് കോമണർ മത്സരാർത്ഥികളെ അവതരിപ്പിച്ചിരുന്നു. സീസൺ 5 ലായിരുന്നു ആദ്യ കോമണർ എത്തിയത്. ഗോപിക എന്എന പെൺകുട്ടിയാണ് മത്സരിച്ചത്. എന്നാൽ വൈകാതെ തന്നെ ഗോപിക ഷോയിൽ നിന്ന് പുറത്തായിരുന്നു. അതേസയം സീസൺ 6 ൽ എത്തിയ രസ്മിൻ ഭായ് 75 ദിവസത്തോളമാണ് ഷോയിൽ നിന്നത്. തുടക്കം മുതൽ തന്നെ മികച്ച പ്രകടനം നടത്തി കൈയ്യടി വാങ്ങാൻ താരത്തിന് സാധിച്ചിരുന്നു. അതേസമയം ഇത്തവണത്തെ കോമണർ മത്സരാർത്ഥിയായി സോഷ്യൽ മീഡയ താരമായ ബബിത ബബി മത്സരിക്കുമെന്നാണ് യുട്യൂബേഴ്സ് പ്രവചനം. റെയിൽവെ ജീവനക്കാരിയാണ് ബബിത.












Click it and Unblock the Notifications