കിച്ചുവിന്റെ അമ്മയാണ് ഞാന്‍: രേണുവിനോട് ദേഷ്യം ഇക്കാര്യത്തില്‍: സുധിച്ചേട്ടനെ ചവറ്റുകൊട്ടയില്‍ ഇട്ടത് പോലെ
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ മൂത്തമകന്‍ കിച്ചുവിനെ ചെറുപ്പത്തില്‍ എടുത്ത് വളർത്തിയത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് യുവതി രംഗത്ത്. തിരുവല്ല സ്വദേശി ഇന്ദുവാണ് പുതിയ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കണക്ടിങ് മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. മൂന്ന് വർഷത്തോളം കിച്ചുവിനെ നോക്കി വളർത്തിയത് ഞാനാണെന്നാണ് ഇന്ദു വ്യക്തമാക്കുന്നത്.
കലയോട് വളരെ അധികം താല്‍പര്യമുള്ള വ്യക്തിയാണ് ഞാന്‍. ഒരു സമിതിയില്‍ അവസരം തന്ന ശ്രീകാന്തേട്ടനാണ് ഒരിക്കല്‍ വിളിച്ച് സുധിയുടെ കുഞ്ഞിനെ നോക്കാമോ എന്ന് ചോദിക്കുന്നത്. ആ സമയത്ത് ഞാന്‍ കല്യാണം കഴിച്ചിരുന്നില്ല. ചേച്ചിയുടെ കൂടെയാണ് താമസം. അതുകൊണ്ട് തന്നെ അവർക്കും ബുദ്ധിമുട്ടായിരുന്നു. എങ്കിലും നമ്മളും അച്ഛനും അമ്മയും ഇല്ലാതെ വളർന്നത് അല്ലേ. അതുകൊണ്ട് ഞാന്‍ ആ കുഞ്ഞിനെ നോക്കാന്‍ പോയിക്കോട്ടെയെന്ന് ചേച്ചിയോട് ചോദിച്ചപ്പോള്‍ നിന്റെ ഇഷ്ടം എന്നായിരുന്നു മറുപടി.

അങ്ങനെ ഞാന്‍ അവിടെ എത്തിയപ്പോള്‍ സുധിച്ചേട്ടന്‍ പരിപാടിക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ആദ്യമൊക്കെ പുള്ളി പുറത്ത് പോകുമ്പോള്‍ കിച്ചുവിന്റെ കാര്യം അന്വേഷിച്ചുകൊണ്ട് നിരന്തരം വിളിക്കുമായിരുന്നു. കിച്ചുവിനെ ഇണങ്ങിക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. സുധിച്ചേട്ടനെ കാണാതെ അവന്‍ നിന്നിട്ടില്ല. ഒരു ദിവസം ഇവന്‍ നിർത്താതെ കരയുകയാണ്. അന്ന് പൊങ്കാല ദിവസമാണ്. അങ്ങനെ അവനേയും കൊണ്ട് പുറത്തിറങ്ങി ഒരു ഗാനമേളയൊക്കെ കണ്ട് വീട്ടില്‍ മടങ്ങിയെത്തി. ആ സംഭവത്തിന് ശേഷം അവന്‍ എന്നോട് കൂടുതല്‍ ഇണങ്ങി.
അവന് അന്ന് രണ്ട് വയസ്സാണ്. എല്ലാ കാര്യങ്ങളും ഞാന്‍ നോക്കും. ഞാന്‍ എന്തുമ്പോഴേക്കും സുധിച്ചേട്ടന്‍ ചോറും കറിയുമൊക്കെ വെച്ച് പോകും. തുണിയൊക്കെ പുള്ളിയായിരുന്നു അലക്കിയിട്ടിരുന്നത്. ഒരു അമ്മയുടെ സ്ഥാനത്ത് എനിക്ക് അവനെ നോക്കാന്‍ പറ്റി. പെട്ടെന്ന് ഒരു ദിവസമാണ് സുധിച്ചേട്ടന്‍ കൊല്ലത്തേക്ക് തിരിച്ച് പോകുന്നത്. കിച്ചുവിനെ കൊണ്ടുപോകുന്നത് വലിയ സങ്കടമായിരുന്നു. പെറ്റമ്മ അല്ലെങ്കിലും ഞാന്‍ നോക്കിയത് അല്ലേയെന്നും ഇന്ദു ചോദിക്കുന്നു.
ആങ്ങളയും പെങ്ങളും ആകാന്‍ ഒരേ അമ്മയുടെ വയറ്റില്‍ നിന്നും വരേണ്ടതില്ല. അതിന് നല്ല ഒരു മനസ്സ് മതി. അങ്ങനെയായിരുന്നു ഞാനും സുധിച്ചേട്ടനും തമ്മില്‍. പുള്ളി കൊല്ലത്തിന് പോയ ശേഷം എന്റെ വിവാഹം നടന്നു. എന്റെ ഈ വീട്ടില്‍ പുള്ളി വരികയും മൂന്ന് ദിവസത്തോളം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. 'എന്റെ പെങ്ങളാണ് ഇവള്‍, അളിയന്‍ ഇവളെ പൊന്നുപോലെ നോക്കണം. അച്ഛനും അമ്മയും ഇല്ലാത്ത അവളെ കരിയിക്കരുത്' എന്ന് അദ്ദേഹം എൻ്റെ ഭർത്താവിനോട് പറഞ്ഞിട്ടാണ് പോയത്.
പിന്നെ കുറേ നാളുകള്‍ക്ക് ശേഷം സുധിച്ചേട്ടനെ കാണുന്നത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ ഷൂട്ട് സമയത്താണ്. ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുധിച്ചേട്ടന്‍ വീണ എന്ന് പറയുന്ന പെണ്‍കുട്ടിയുമായി വരികയാണ്. എന്നെ കണ്ടതും പെങ്ങളൂട്ടിയെന്താ ഇവിടെ ഇരിക്കുന്നതെന്നും ചോദിച്ച് ഞാന്‍ കല്യാണം കഴിച്ചെന്നും ഇതാണ് ഭാര്യയെന്നും പറഞ്ഞ് വീണയെ പരിചയപ്പെടുത്തി. അതിന് ശേഷം ഞങ്ങള്‍ നല്ല കൂട്ടായിരുന്നു.
വീണയും സുധിയും തമ്മില്‍ പ്രശ്നമായ കാര്യങ്ങളോ അവർ വേർപിരിഞ്ഞതോ രേണു വന്നതോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. സുധിച്ചേട്ടനെ കുറിച്ച് ഒരു കുറ്റവും വീണ പറഞ്ഞിട്ടില്ല. ഇന്നലേയും അവളെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴും സുധിയെ കുറ്റം പറഞ്ഞിട്ടില്ല. മുമ്പൊരിക്കല്‍ വിളിച്ചപ്പോള്‍ എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെ പറയുന്ന ഒരിടത്ത് നമ്മള്‍ ചികഞ്ഞ് പോകേണ്ട കാര്യം ഇല്ലാലോ. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം.
കിച്ചു ഇന്നലെ വിളിച്ച് കുറേ നേരം സംസാരിച്ചു. അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. മരിച്ച് പോയ ആള്‍ മരിച്ചുപോയി.. പാവപ്പെട്ട ഒരു മനുഷ്യനെ ഇനിയെങ്കിലും ഇങ്ങനെ വലിച്ചു കീറാനായി ഇട്ടുകൊടുക്കരുതെന്ന് രണ്ട് അമ്മമാരോടും (വീണ, രേണു) പറയണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഈ വിഷയങ്ങളൊക്കെ അടുത്ത ദിവസങ്ങളിലാണ് കണ്ടത്.
സുധി ചേട്ടന്റെ ട്രോഫിയൊക്കെ നിലത്ത് ഇട്ട വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി. മരിച്ചു കഴിഞ്ഞ ഒരു വ്യക്തിക്ക് നമ്മള്‍ പ്രധാന്യം കൊടുക്കണം. ആര് വന്നാലും പുള്ളിക്ക് കിട്ടിയ പുരസ്കാരങ്ങള്‍ കാണാന്‍ ആഗ്രഹിക്കും. അത് മാറ്റിയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം ഉണ്ടായി. സുധിയെ ഒന്നും അല്ലാത്ത വിധത്തില്‍ ചവറ്റ്കുട്ടയില്‍ ഇട്ടതുപോലെ ചെയ്തതില്‍ മാത്രമേ എനിക്ക് രേണുവിനോട് ദേഷ്യം ഉള്ളു. അല്ലാതെ ദേഷ്യമൊന്നും ഇല്ലെന്നും ഇന്ദു കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications