'സുധിചേട്ടാ, വാവൂട്ടന്‍ നല്ല സ്‌ട്രോംഗാണ്...'; സുധിയുടെ കല്ലറയിലെത്തി സബ്‌സ്‌ക്രൈബേഴ്‌സിന് നന്ദി പറഞ്ഞ് രേണു
രേണു സുധിയെ അറിയാത്തവര്‍ ഇന്ന് വിരളമായിരിക്കും. അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു കഴിഞ്ഞ കുറെ നാളുകളായി രൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രേണുവിന്റെ റീല്‍സും ആല്‍ബവും ഷോര്‍ട്ട്ഫിലിമുകളുമാണ് സൈബര്‍ വെട്ടുകിളികളെ ചൊടിപ്പിക്കുന്നത്. ഭര്‍ത്താവ് മരിച്ച രേണു 'മാന്യമായ' വസ്ത്രം ധരിക്കുന്നില്ല, സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇഴുകി അഭിനയിക്കുന്നു എന്നൊക്കെയാണ് സൈബര്‍ അമ്മാവന്‍മാരുടെ അധിക്ഷേപം.
എന്നാല്‍ ഇത്തരം പരിഹാസങ്ങളിലും അധിക്ഷേപങ്ങളിലും വീഴാതെ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് രേണു വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല രേണു സുധി എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സബ്‌സ്‌ക്രൈബേഴ്‌സിന് നന്ദി പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു. സുധിയുടെ സംസ്‌കാരം നടത്തിയ സ്ഥലത്തെത്തിയാണ് രേണു സബ്‌സ്‌ക്രൈബേഴ്‌സിന് നന്ദി പറയുന്നത്. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ സുധിചേട്ടനെ കാണാന്‍ വന്നതാണ്. ഞാന്‍ സുധിച്ചേട്ടന്റെ അടുത്ത് ഒരു വാക്ക് പറഞ്ഞിട്ടുണ്ടായിരുന്നു, ഞാന്‍ കരയില്ല എന്ന്. കാരണം ഞാന്‍ കരഞ്ഞ് കഴിഞ്ഞാല്‍ സുധിച്ചേട്ടന്‍ നന്നായി വിഷമിക്കും. ഇവിടെ നിന്ന് കരയത്തില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ഞാന്‍ വന്നത്. പറയാന്‍ വന്നത് വേറൊന്നുമല്ല. എന്റെ ഒരു ചാനല്‍ തുടങ്ങിയായിരുന്നു, രേണു സുധി എന്ന് പറഞ്ഞ് കൊണ്ട്.
അതിന്റെ കമന്റ്‌സൊക്കെ കണ്ടിട്ട് ഒരുപാട് കണ്ണ് നിറഞ്ഞ് പോയി. കാരണം അത്രയ്ക്കും സുധി ചേട്ടനെ സ്‌നേഹിക്കുന്നവരാണ് എനിക്ക് സപ്പോര്‍ട്ട് ഉള്ളത്. ഒരുപാട് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ചേട്ടന്റെ മുന്നില്‍ വന്ന് ഹൃദയത്തിന്റെ ഭാഷയില്‍ എന്റെ സബ്‌സ്‌ക്രൈബേഴ്‌സിനോട് നന്ദി പറയണം എന്നുണ്ടായിരുന്നു. ആ ഒരൊറ്റ കാരണത്താലും പിന്നെ ഏട്ടനെ കാണാന്‍ വേണ്ടിയുമാണ് ഞാന്‍ ഇങ്ങോട്ട് വന്നത്.
ഏട്ടനെ കണ്ടു, മനസ് നിറഞ്ഞ് പ്രാര്‍ത്ഥിച്ചു. എന്നോട് ഒരു വാക്കേ പറയുന്നുള്ളൂ, കരയരുത് എന്നാണ് എന്റെ ഉള്ളില്‍ പറയുന്നത്. സത്യം പറഞ്ഞാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്ണുനീരൊക്കെ വറ്റിവരണ്ട അവസ്ഥയായിരുന്നു. ഒരുപാട് കേള്‍ക്കുന്നുണ്ട്. ഞാനോര്‍ത്തു ആ നെഗറ്റീവ്‌സൊക്കെ കിട്ടിയപ്പോള്‍ എന്റെ ചാനല്‍ ആരും സപ്പോര്‍ട്ട് ചെയ്യില്ല എന്നാണ് കരുതിയത്. കുറച്ച് പേരെ സപ്പോര്‍ട്ട് ചെയ്യൂ എന്നാണ് ഓര്‍ത്തത്.
പക്ഷെ സത്യം പറഞ്ഞാല്‍ സുധി ചേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരും എന്റെ ചാനലിന് ഭയങ്കര സപ്പോര്‍ട്ടാണ് ചെയ്യുന്നത്. ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ച് സബ്‌സ്‌ക്രൈബേഴ്‌സിനോട് സുധി ചേട്ടന്റെ മുന്നില്‍ നിന്ന് നന്ദി പറയണം എന്നുണ്ടായിരുന്നു. അത് സുധി ചേട്ടന്‍ തോന്നിച്ചത് തന്നെയായിരിക്കും. ഇനിയും സപ്പോര്‍ട്ട് ചെയ്യുക, ലൈക്ക് ചെയ്യുക. സുധി ചേട്ടനെ സ്‌നേഹിക്കുന്നവര്‍ ഞങ്ങളേയും സ്‌നേഹിക്കുക.
ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ സപ്പോര്‍ട്ട് ചെയ്യുക. ചേട്ടനെ കണ്ടതില്‍ ഒരുപാട് സന്തോഷം. ഞാന്‍ കരയില്ല. കരഞ്ഞ് വീണ് പോയാല്‍ എനിക്കെന്റെ പിള്ളാരും എല്ലാം ഉണ്ട്. ഏട്ടന്‍ ഇവിടെ തനിയെ അല്ലേ. ഏട്ടന് വിഷമമാകും ഞാന്‍ കരഞ്ഞ് കഴിഞ്ഞാല്‍. അതുകൊണ്ടാണ് ഞാന്‍ കരയാത്തത്. ഏട്ടന്റെ ആത്മാവിനെ വിഷമിപ്പിച്ചിട്ട് എനിക്ക് കരയേണ്ട. ഞാന്‍ കരഞ്ഞ് കഴിഞ്ഞാല്‍ ഏട്ടന്റെ ആത്മാവ് ഒരുപാട് വിഷമിക്കും എന്ന് എനിക്ക് അറിയാം.
അതുകൊണ്ട് ഞാന്‍ കരയില്ല. സുധിചേട്ടാ നിങ്ങളുടെ വാവൂട്ടന്‍ നല്ല സ്‌ട്രോംഗായിട്ട് പോകുകയാണ്. സുധി ചേട്ടന്റെ ഓര്‍മകള്‍ക്ക് ഒരിക്കലും മരണമില്ല. ജൂണ്‍ 5 എന്ന് പറയുന്ന എന്നില്‍ നിന്ന് ഏട്ടന്‍ വേര്‍പെട്ട് പോയ ദിവസം ഇന്നലെത്തെ പോലെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഏട്ടന്‍ ഉറങ്ങുന്ന സ്ഥലമാണ് ഇത്. ഇവിടെ വന്ന് കരഞ്ഞ് ഏട്ടനെ ശല്യം ചെയ്യാനില്ല. കാരണം ഏട്ടന്‍ ജീവനോടെ ഉള്ളപ്പോള്‍ എന്നോട് പറയാറുള്ളത് വാവൂട്ടാ ഒരു മണിക്കൂര്‍ എന്നെ ഉറക്കണം എന്നാണ്.
കാര്യം ഞാനും പിള്ളാരും ശല്യം ചെയ്യുമായിരുന്നു. വാ എഴുന്നേറ്റ് വന്ന് പിള്ളേര്‍ക്കൊപ്പം കളിക്കാന്‍ വാ, കിച്ചുവും ഞാനും ആണെങ്കില്‍ പുറത്ത് പോകാം എന്ന് പറയാം. അപ്പോള്‍ ഏട്ടന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, വാവൂട്ടാ എനിക്ക് ഒരു മണിക്കൂര്‍ ഉറങ്ങിയാല്‍ തലയ്ക്ക് വെളിവ് വരും എന്ന്. കാരണം ഷൂട്ടൊക്കെ കഴിഞ്ഞ് ക്ഷീണിച്ചായിരിക്കും വരുന്നത്. ഉറങ്ങുമ്പോള്‍ സുധി ചേട്ടനെ ശല്യം ചെയ്യുന്നത് സുധി ചേട്ടന് ഇഷ്ടമല്ല.
അതുകൊണ്ട് ചേട്ടന്‍ സമാധാനമായി ഉറങ്ങട്ടെ. ഞാന്‍ ഇവിടെ വന്ന് കരഞ്ഞ് നിലവിളിച്ച് ഏട്ടനെ വിഷമിപ്പിക്കുന്നില്ല. എന്റെ മനസില്‍ എപ്പോഴും സുധി ചേട്ടന്‍ ഉണ്ടാകും. ജീവനോടെ ഉള്ളപ്പോള്‍ ഏട്ടന്‍ ഏറ്റവും കൂടുതല്‍ വഴക്ക് പിടിച്ചിട്ടുള്ളത് ഞാന്‍ ഫുഡ് കഴിക്കാത്തതിനും കരയുന്നതിനുമാണ്. ഞാന്‍ കരഞ്ഞ് കഴിഞ്ഞാല്‍ നല്ലോണം വഴക്ക് പറയാറുണ്ട് എന്നെ. വാവൂട്ടാ കരയരുത്, നിന്റെ കണ്ണ് നിറയരുത് എനിക്ക് അത് ഇഷ്ടമല്ല എന്നാണ് പറയാറുള്ളത്.
ഏറ്റവും കൂടുതല്‍ ദേഷ്യപ്പെട്ടിട്ടുള്ളത് അതിനാണ്. ആ ഒരു വാക്ക് ഞാന്‍ സുധി ചേട്ടന് കൊടുത്തു. ഇപ്പോള്‍ ഞാന്‍ കരഞ്ഞ് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ പറയും ഞാന്‍ അഭിനയിക്കുകയാണ് എന്ന്. എന്ത് മാനസികാവസ്ഥയിലാണ് ഞാന്‍ സുധി ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം.'












Click it and Unblock the Notifications