രേണു സുധി വീണ്ടും വിദേശത്തേക്ക്, യാത്ര ഈ രാജ്യത്തേക്ക്, പത്ത് ദിവസം ചിലവഴിക്കും, ബിഗ് ബോസിലേക്ക് തിരികെ
ദുബായില്‍ നിന്ന് എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അടുത്ത വിദേശയാത്ര പോയിരിക്കുകയാണ് ബിഗ് ബോസ് താരം രേണു സുധി. ദുബായില്‍ പാപ്പിലോണ്‍ എന്ന റെസ്‌റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയായിരുന്നു രേണു സുധി പോയിരുന്നത്. പത്ത് ദിവസത്തിലധികം രേണു ദുബായില്‍ ചിലവഴിച്ചു. ഡയമണ്ട് മാലയും മോതിരവും അടക്കമുളള വിലപിടിപ്പുളള സമ്മാനങ്ങളുമായിട്ടായിരുന്നു നാട്ടിലേക്കുളള രേണുവിന്റെ മടക്കം.
നാട്ടിലെത്തി ചില ആല്‍ബം ഷൂട്ടുകളും ഉദ്ഘാടനങ്ങളുമെല്ലാം നടത്തിയാണ് രേണു വീണ്ടും വിദേശത്തേക്ക് പോയിരിക്കുന്നത്. ഇത്തവണ രേണുവിന്റെ യാത്ര ബഹ്‌റൈനിലേക്കാണ്. പാപ്പിലോണ്‍ റെസ്‌റ്റോറന്റിന്റെ തന്നെ ഭാഗമായ ബാച്ചിലേഴ്‌സ് റെസ്‌റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് രേണു സുധി പോകുന്നത്. പത്ത് ദിവസം താന്‍ ബഹ്‌റൈനില്‍ ഉണ്ടാകുമെന്ന് രേണു സുധി പറയുന്നു.
ബഹ്‌റിനിലേക്ക് പോകുന്നതിന് മുന്‍പ് വീട്ടില്‍ ഉളള കൊല്ലം സുധിയുടെ ഫോട്ടോ വണങ്ങുന്ന വീഡിയോ രേണു സുധി പങ്കുവെച്ചിരുന്നു. ബഹ്‌റൈനിലുളള മലയാളി പ്രേക്ഷകര്‍ തന്നെ കാണാന്‍ വരണമെന്നും രേണു പറയുന്നു. ബഹ്‌റൈനില്‍ സുഹൃത്തുക്കള്‍ ആരും ഇല്ല അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും കൊണ്ട് പോകുന്നില്ല. ചില ജോലികള്‍ ഉളളത് തിരിച്ച് വന്നിട്ട് വേണം ചെയ്യാന്‍ എന്നും രേണു സുധി പറഞ്ഞു.

ബിഗ് ബോസ് ഫൈനലിലേക്ക് പോകാന്‍ സമയമാകുമ്പോഴേക്ക് തിരിച്ച് വരും. ബിഗ് ബോസിലേക്ക് വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പോവും. നവംബര്‍ 2ന് തിരിച്ച് വരുമെന്നും രേണു പറഞ്ഞു. ബിഗ് ബോസില്‍ ഇത്തവണ ടോപ് 3 ആകാന്‍ സാധ്യത ഉളള മത്സരാര്‍ത്ഥികള്‍ അനുമോള്‍, അനീഷ്, ഷാനവാസ് എന്നിവരാണ്. ഇതില്‍ അനീഷ് വിജയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നന്നായി കളിക്കുന്ന ആള്‍ കപ്പടിക്കട്ടെ എന്ന് കരുതുന്നു. താന്‍ സ്‌കിന്‍ വൈറ്റനിംഗ് ചികിത്സ എടുത്തിട്ടുണ്ടെന്നും ഗ്ലൂട്ടാത്തയോണ്‍ എടുക്കുന്നുണ്ടെന്നും രേണു വെളിപ്പെടുത്തുന്നു.
ബിഗ് ബോസിന് ശേഷം രേണു സുധിയുടെ ജീവിതശൈലി തന്നെ മൊത്തത്തില്‍ മാറിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ആല്‍ബങ്ങളില്‍ അഭിനയിക്കാന്‍ 5000 രൂപ പോലെ വളരെ തുച്ഛമായ പ്രതിഫലമാണ് താന്‍ കൈപ്പറ്റുന്നത് എന്ന് രേണു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ തന്റെ ബാങ്ക് ബാലന്‍സും രേണു സുധി പരസ്യമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം കാര്യങ്ങള്‍ മാറി. പ്രതിഫലം കൂട്ടിയെന്നും ഇപ്പോള്‍ ബാങ്ക് ബാലന്‍സ് ഉണ്ടെന്നും രേണു തന്നെ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications