രേണു സുധി ബിഗ് ബോസിന് പുറത്തേക്ക്; അപ്രതീക്ഷിതം; ആരോഗ്യത്തില്‍ പണി കിട്ടി: രേണു തന്നെ പറഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയകരമായ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ മുന്‍ഷി രഞ്ജിത്ത് മാത്രമാണ് പുറത്തേക്ക് പോയതെങ്കില്‍ ഇത്തവണ അതില്‍ കൂടുതല്‍ ആളുകള്‍ പുറത്തേക്ക് പോകാനുള്ള സാധ്യതയാണ് കാണുന്നത്. പതിവ് എവിക്ഷന്‍ നോമിനേഷന് പുറമെ ഈ ആഴ്ചയില്‍ മിഡ് വീക്ക് എവിക്ഷനിലൂടെ രണ്ടുപേരെ കൂടെ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബോസ്.
അഭിലാഷ് ഒഴികേയുള്ള മത്സരാർത്ഥികള്‍ എല്ലാം തന്നെ എവിക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടാസ്കുകളും രീതികളുമാണ് ബിഗ് ബോസ് മുന്നോട്ട് വെച്ചിരിക്കുന്നത്. എല്ലാവർക്കും സ്വന്തം ഡ്രസും മേക്കപ്പ് സാധനങ്ങളും അടക്കമുള്ള പല വസ്തുക്കളും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ജിസേല്‍ അടക്കമുള്ള ചില താരങ്ങള്‍ ബിഗ് ബോസിന്റെ നിർദേശങ്ങള്‍ മറികടന്ന് പല സാധനങ്ങളും ഒളിച്ച് വെച്ച് ഉപയോഗിക്കുന്നുണ്ട്.

മോഹന്‍ലാല്‍ പറഞ്ഞിട്ട് പോലും നിയമങ്ങള്‍ ലംഘിക്കുന്ന ജിസേലിനെ പുറത്താക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. അതോടൊപ്പം തന്നെ ചില മത്സരാർത്ഥികളെ ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. ഷാനവാസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വീട്ടില്‍ നിന്ന് തന്നെ കോള്‍ വരികയും അത് പ്രേക്ഷകർക്ക് മുമ്പില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ഒക്കെയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കിയ ഷാനവാസ് മത്സരത്തില്‍ തുടരുകയാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മറ്റൊരു താരം രേണു സുധിയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7 തുടങ്ങുന്നതിനും വളരെ മുമ്പ് തന്നെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ച താരമായിരുന്നു രേണു. പ്രവചനം പോലെ തന്നെ രേണു ബിഗ് ബോസില്‍ എത്തുകയും ചെയ്തു. പുറത്ത് നിരവധി കണ്ടന്റുകള്‍ നല്‍കുന്ന വ്യക്തിയാണെങ്കിലും ബിഗ് ബോസില്‍ രേണു സുധിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യ പ്രശ്നങ്ങളാണ് രേണുവിനെ അലട്ടുന്ന പ്രധാന കാര്യം. തുടക്കത്തില്‍ തന്നെ തല വേദന അടക്കമുള്ള പ്രശ്നങ്ങള്‍ രേണുവിനുണ്ട്. ഇത് അവരുടെ മത്സരത്തേയും സാരമായി തന്നെ ബാധിക്കുന്നു. 'തനിക്ക് വയ്യ, ആരോഗ്യം തീരെ ശരിയല്ല. വീട്ടില്‍ പോയാല്‍ മതിയെന്നായി' രേണു സുധി തന്നെ ഇന്നലെ തുറന്ന് പറയുകയും ചെയ്തു. ഇതോടെ രേണു സുധി ഈ ആഴ്ച തന്നെ ബിഗ് ബോസിന് പുറത്തേക്ക് എത്തുമെന്ന രീതിയിലുള്ള പ്രചരണങ്ങളും ശക്തമാണ്.
ആരോഗ്യം ശരിയല്ലാത്തതിനാല്‍ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോകാന്‍ ഏറ്റവും അർഹതയുള്ള താരം രേണുവാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും ശക്തമാണ്. നല്ല രീതിയില്‍ തന്നെ മത്സരാർത്ഥികളുടെ ആരോഗ്യ കാര്യങ്ങള്‍ നോക്കുന്ന മെഡിക്കല്‍ ടീമാണ് ബിഗ് ബോസിനുള്ളതെന്നാണ് മുന്‍ മത്സരാർത്ഥി കൂടിയായ സായി കൃഷ്ണ അഭിപ്രായപ്പെടുന്നത്. അവരുടെ പരിചരണം കിട്ടിയിട്ടും പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവർ മടങ്ങി വരുന്നതാണ് നല്ലതെന്നും സായി പറയുന്നു.
വലിയ ഹൈപ്പിലാണ് രേണു ബിഗ് ബോസിലേക്ക് എത്തിയതെങ്കിലും അവർ മത്സരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തില്ലെന്ന വിമർശനം ശക്തമാണ്. ടാസ്കുകളിലും രേണുവിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനം ഉണ്ടായില്ല. അനീഷ്, ഒനിയൽ, രേണു സുധി, സരിക, റെന, ശാരിക എന്നീ ആറ് പേരിൽ നിന്ന് രണ്ടു പേരായിരിക്കും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകുക. ആരാണ് പുറത്തേക്ക് പോകേണ്ടത് തീരുമാനിക്കുക പ്രത്യേക ടാസ്ക്കിലൂടെയായിരിക്കും.












Click it and Unblock the Notifications