നിള നമ്പ്യാർ മുതൽ രേണു സുധി വരെ,വീഡിയോ ചെയ്തതിന് കാരണം പറഞ്ഞ് ദാസേട്ടൻ കോഴിക്കോട്, 'ഭാര്യയോട് അത് പറഞ്ഞില്ല'
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുമായുള്ള ദാസേട്ടൻ കോഴിക്കോടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനരംഗങ്ങളിലാണ് ഇരുവരും അഭിനയിച്ചത്. ഇരുവരുടേയും പ്രകടനത്തിന് നിരവധി പേർ കൈയ്യടിച്ചപ്പോൾ ഒരു കൂട്ടം അതിരൂക്ഷമായ വിമർശനം ഉയർത്തി. ഭർത്താവ് മരിച്ച സ്ത്രീ എന്ന നിലയിൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നൂടെ എന്ന തരത്തിലായിരുന്നു പലരുടേയും ആക്ഷേപം. വീഡിയോ ചെയ്യുന്നതൊക്കെ വളരെ മോശം കാര്യമാണെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും ഉണ്ടായി. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദാസേട്ടൻ കോഴിക്കോട്. ജുനൈസ് വ്ലോഗ് എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം.
'ഇങ്ങനെയൊക്കെ നടക്കുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. സാധാരണയാണ് റീൽസ് ചെയ്യുന്നത്. അത് രേണു സുധിയുടെ കൂടെ ചെയ്തു. വിവാദം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ രീതിക്ക് പ്രതീക്ഷിച്ചില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി റീൽസ് ചെയ്യുന്നൊരാളാണ് ഞാൻ,തമാശ വീഡിയോ ചെയ്യാറുണ്ട്, ഡാൻസ് ചെയ്യാറുണ്ട്, റൊമാൻസ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്തതാണ് രേണുവിനൊപ്പം. എന്തിനാണ് ആളുകൾക്ക് ഇങ്ങനെ കുരുപൊട്ടുന്നതെന്ന് അറിയില്ല.

കൊല്ലം സുധിച്ചേട്ടൻ എനിക്ക് വളരെ പ്രീയപ്പെട്ടൊരാളാണ്. ഭർത്താവ് മരിച്ചാൽ ഭാര്യ വെള്ള സാരിയിട്ട് വീട്ടിൽ ചടഞ്ഞ് കൂടണമെന്നാണോ ആളുകൾ പറയുന്നത്. അവർ റീൽസ് ചെയ്താലോ പാട്ടുപാടി ഡാൻസ് ചെയ്താലോ സോഷ്യൽ മീഡിയ ഉപയോഗിച്ചാലോ പ്രശ്നമാക്കണോ. എന്നെ സംബന്ധിച്ച് രേണു എന്റെ നല്ല സുഹൃത്താണ്. റീൽസ് എടുക്കുമ്പോഴാണ് ആദ്യമായി രേണുവിനെ ഞാൻ നേരിട്ട് കാണുന്നത്. ഞങ്ങൾ മനോഹരമായി ആ റീൽ ചെയ്തു. ഭർത്താവ് മരിച്ചൊരാൾ വേറൊരാൾക്കൊപ്പം റീൽസ് ചെയ്യാൻ പാടില്ലായെന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനമാണ്.
നിള നമ്പ്യാർ മുതൽ രേണു സുധി വരെ ഇങ്ങനെ തിരഞ്ഞെടുത്ത് റീൽസുണ്ടാക്കുന്നുവെന്നൊക്കെ ആളുകൾ വെറുതെ പറയുന്നത്. നിള നമ്പ്യാരുമായി ഞാൻ രണ്ട് റീൽസ് ചെയ്തിട്ടുണ്ട്. യാതൊരു വർഗാരിറ്റിയും ഇല്ലാതെ മാന്യമായാണ് ചെയ്തത്. നിള ഫെമിലിയർ ആകുന്നതിന് മുൻപാണ് ഞാൻ റീൽസ് ചെയ്തത്. അവർക്കൊപ്പം വീഡിയോ ചെയ്യുന്നത് മോശമായി കരുതുന്നില്ല. റീൽസിലെ കണ്ടന്റ് നല്ലതാണോ വൾഗാരിറ്റി ഇല്ലാതെയാണോ ചെയ്തത് എന്ന് മാത്രം നോക്കിയാ മതി.
രേണു സുധിക്കൊപ്പമുള്ള വീഡിയോ ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ ഭാര്യയോട് സംസാരിച്ചിരുന്നു, രേണുവുമായി വീഡിയോ കോൾ ചെയ്തിരുന്നു, സത്യത്തിൽ സമ്മതം വാങ്ങാനല്ല, മറിച്ച് എന്റെ ഭാര്യ എന്റെ സുഹൃത്താണ് , അവൾക്ക് രേണുവിനെ ഇഷ്ടമാണ്. സംസാരിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് വീഡിയോ ചെയ്തത്. നിള നമ്പ്യാരുമായി ചെയ്തത് ഭാര്യയോട് പറഞ്ഞിരുന്നില്ല. അത് തിരക്ക് പിടിച്ച് ചെയ്തൊരു വീഡിയോ ആണ്. ഭാര്യയോട് എല്ലാം അച്ചട്ട് ആയി പറഞ്ഞ് സമ്മതം വാങ്ങുന്ന ആളല്ല ഞാൻ.
രേണുവുമായി വീഡിയോ ചെയ്തതിന് ശേഷം വന്ന നെഗറ്റീവ് കമന്റുകൾ വേദനിപ്പിച്ചിട്ടൊന്നുമില്ല. എനിക്ക് അത്തരത്തിൽ നിരവധി നെഗറ്റീവ് വന്നിട്ടുണ്ട്. രേണുക്കും മുൻപേ നെഗറ്റീവ് കമന്റ് വന്നിട്ടുണ്ട്. ഞാൻ ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറില്ല, പക്ഷെ രേണു നൽകാറുണ്ട്. അതുകൊണ്ടെന്താ നെഗറ്റീവ് കമന്റ് ഇടുന്നവർ അടുത്ത വീഡിയോ നോക്കിയിരിക്കും. വിമർശന കമന്റ് ഇടുന്നവരോട് പറയാനുള്ളത് നിങ്ങൾ ചൊറിഞ്ഞ് കൊണ്ടേയിരിക്കൂ, ദാസേട്ടൻ കോഴിക്കോടെന്ന വ്യക്തി ആദ്യമായി അല്ല റീൽ ചെയ്യുന്നത്', താരം പറഞ്ഞു.












Click it and Unblock the Notifications