രേണു പകച്ച് പോയി, അടുത്ത ആഴ്ച പുറത്താകാം, ഗെയിം പ്രവചനാതീതം, പുറത്ത് കണ്ട ആളല്ലെന്ന് സുചിത്ര നായർ
വലിയ പ്രതീക്ഷയോടെയും ഹൈപ്പോട് കൂടിയും ആണ് ബിഗ് ബോസിൽ എത്തിയത് എങ്കിലും രേണു സുധി നിരാശപ്പെടുത്തുന്നു എന്നാണ് ബിഗ് ബോസ് ആരാധകരുടെ വിലയിരുത്തൽ. ബിഗ് ബോസിൽ പല സംഭവ വികാസങ്ങളും നടക്കുന്നുണ്ടെങ്കിലും രേണു സുധിയെ അതിൽ എവിടെയും കാണാൻ സാധിക്കുന്നില്ല.
തുടക്കത്തിലേ തീരെ താൽപര്യമില്ലാത്ത മട്ടിലും ഒരു പ്രത്യേക പ്ലാനോ ഗെയിം സ്ട്രാറ്റജിയോ ഇല്ലാത്ത തരത്തിലാണ് ഷോയിൽ രേണുവിന്റെ പെരുമാറ്റം. പലവട്ടം തനിക്ക് വയ്യെന്നും വീട്ടിൽ പോകണമെന്നും രേണു പറയുകയുണ്ടായി. അക്ബർ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിന് ശേഷമാണ് രേണുവിന് ഷോയിൽ സ്ക്രീൻ സ്പേസ് ലഭിച്ചത്. എന്നാൽ വീക്കെൻഡ് എപിസോഡിൽ അക്ബറിന് മാപ്പ് കൊടുത്തതോടെ ആ വിഷയം തീർന്നു. ഇത്തവണ പുറത്തേക്ക് പോകാനുളള നോമിനേഷനിലും രേണു ഉൾപ്പെട്ടിട്ടില്ല. ഇപ്പോൾ രേണുവിനെ കാണാനേ ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം പുറത്ത് രേണുവിന് ഹേറ്റേഴ്സ് ഉളളത് പോലെ തന്നെ പിന്തുണയ്ക്കുന്നവരും ഉണ്ട്. രേണു ഒരു പാവം ആണെന്ന് മുൻ ബിഗ് ബോസ് താരം കൂടിയായ നടി സുചിത്ര നായർ പറയുന്നു. ഷോയിലേക്ക് എത്തിയ രേണു പുറത്ത് കണ്ട ആളല്ലെന്നും പകച്ച് നിൽക്കുകയാണെന്നും സുചിത്ര അഭിപ്രായപ്പെട്ടു.

സുചിത്രയുടെ പ്രതികരണം: ''രേണു സുധി ഒരു പാവമാണ്. അല്ലാതെ എന്ത് പറയാനാണ്. അവരുടെ പേഴ്‌സണല്‍ സൈഡ് അറിയില്ല. കണ്ടിട്ട് ഒരു പാവമായിട്ടാണ് തോന്നുന്നത്. ബിഗ് ബോസില്‍ ചെന്ന് രേണു പകച്ച് നില്‍ക്കുകയാണ്. പുറത്ത് കാണുന്ന എന്തിനും തയ്യാറായ ഒരു രേണു അല്ല. ബിഗ് ബോസിന് അകത്ത് വേറെ തന്നെ ഒരു ലോകമാണ്. അവിടെ ചെന്ന് കയറിയപ്പോള്‍ അവള്‍ പകച്ച് പോയി.
ബിഗ് ബോസിലെ മറ്റുളളവര്‍ ഗെയിം അറിഞ്ഞ്, കുറേ നാളുകളായി ഷോ കണ്ട് അതിലേക്ക് കയറിയവരാണ്. അവരുടെ ഗെയിം കണ്ട് പുളളിക്കാരി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നില്‍ക്കുകയാണ് എന്നാണ് തനിക്ക് തോന്നുന്നത്. ഇനി മുന്നോട്ട് പോകുമ്പോള്‍ ചിലപ്പോള്‍ മെച്ചപ്പെട്ടേക്കാം.
രേണു സുധി ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് സുചിത്രയുടെ മറുപടി ഇങ്ങനെ, ബിഗ് ബോസ് പ്രവചനാതീതമായ ഒരു ഗെയിം ആണ്. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. ചിലപ്പോള്‍ അടുത്ത ആഴ്ച പുറത്താകാം. ചിലപ്പോള്‍ അവസാനം വരെ നില്‍ക്കാം. ചിലപ്പോള്‍ വിജയിക്കാം. അതാണ് ബിഗ് ബോസ്''.












Click it and Unblock the Notifications