രേണു സുധി ബിഗ് ബോസിൽ നിന്നും പുറത്താകില്ല, പൈസ വാങ്ങിക്കൊണ്ടേയിരിക്കും'
രേണു സുധിയെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളും ചർച്ചകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. രേണുവിന്റെ അഭിനയത്തിനും പ്രതികരണങ്ങൾക്കും അങ്ങനെ രേണു തൊടുന്നതിനെല്ലാം വലിയ നെഗറ്റീവ് പറയുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇത്രയൊക്കെ നെഗറ്റീവ് കേട്ടിട്ടും രേണു തളർന്നില്ലെന്നതാണ് അവരെ അനുകൂലിക്കുന്നവർക്ക് ചൂണ്ടിക്കാട്ടാനുള്ളത്. ഈ വിവാദങ്ങളുടേയെല്ലാം നടുവിൽ നിന്ന് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ബിഗ് ബോസ് പോലൊരു ഷോയിലേക്കും രേണു എത്തി. രേണുവിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ തന്നെയാണ് ബിഗ് ബോസിലേക്ക് രേണുവിന് വഴിയൊരുക്കിയത്.
ഹൗസിലെത്തിയ രേണുവിന്റെ പ്രകടനം എന്തായിരിക്കുമെന്നാണ് പലരും ഉറ്റുനോക്കിയത്. പുറത്ത് 'ഫയർ' തീർത്ത രേണു അകത്തും കത്തിക്കയറുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ബിഗ് ബോസ് സീസൺ 3 ആഴ്ച പിന്നിട്ടിട്ടും രേണുവിൽ നിന്നും അത്തരത്തിലൊരു പ്രകടനം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല പ്രതീക്ഷിച്ചതിന് വിപരീതമായി മറ്റ് പലരേയും പോലെ രേണു അനാവശ്യ പ്രശ്നങ്ങൾ ഹൗസിൽ ഉണ്ടാക്കുന്നുമില്ല.

ഇതോടെ രേണുവിന് ഇനി ഹൗസിൽ തുടരാൻ യോഗ്യത ഇല്ലെന്നാണ് ഒരുകൂട്ടരുടെ വിമർശനം. എത്രയും പെട്ടെന്ന് അവർ പുറത്താകാനുള്ള സാധ്യത ഏറെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാൽ രേണു അടുത്തെങ്ങും പുറത്താകില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അതിന് കാരണം വിശദീകരിച്ചുകൊണ്ടുള്ള ചില കുറിപ്പുകളും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പാണ് ചുവടെ. ഇവാസ് വേൾഡ് എന്ന പേജിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'കേരള ജനതയെ കാണൂ, നിങ്ങൾ പുച്ഛിച്ച രേണു ഇതാ സുഖിച്ച് പൈസ നേടുന്നു, ഇത് നിങ്ങൾ നെഗറ്റീവ് പറഞ്ഞു നടന്നവർക്കുള്ള അടിയാണ്. ബി ബി വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത് അവിടെയുള്ള മറ്റു പലരുടേയും അത്ര മോശമായിട്ട് സംസാരിക്കുകയോ തൊട്ടതിനും പിടിച്ചതും വഴക്ക് കൂടുകയോ ഒന്നിനും രേണുവില്ല. രേണു പുറത്തായിരുന്നെങ്കിൽ ഇപ്പോഴും നിങ്ങൾക്ക് കുറെ നെഗറ്റീവ് പറഞ്ഞു നടക്കാമായിരുന്നല്ലോ, ഇപ്പോൾ അതിനും പറ്റുന്നില്ല.
രേണു ബീബി വീട്ടിൽ സേഫ് ആണ്. ഏറ്റവും സേഫ് ആയ സ്ഥലമാണത്.
അവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാത്തത് കൊണ്ട് മറ്റു കണ്ടസ്റ്റൻസ് രേണുവിനെ വോട്ടിംഗ് ലിസ്റ്റിലേക്ക് നോമിനേഷൻ ചെയ്യാൻ മറക്കും, അതല്ലെങ്കിൽ അതിലും പ്രശ്നക്കാർ അവിടെ ഉള്ളതുകൊണ്ട് ആ ലിസ്റ്റിൽ രേണു പെടുന്നില്ല. ഇനി അതുമല്ല നോമിനേഷൻ ചെയ്യപ്പെട്ട് വോട്ടിംഗ് ലിസ്റ്റിൽ വന്നാൽ തന്നെ രേണുവിന് വോട്ട് ചെയ്യാൻ ഒരുപാട് പേരുണ്ട്. ഒരുപാട് പേർ സഹതാപ വോട്ടുകൾ നൽകുകയും ഒരുപാട് പേർ രേണുവിനെ ഇഷ്ടപ്പെട്ടു വോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഗെയിം നോക്കി കിട്ടുന്ന വോട്ട് അല്ല,അല്ലാതെ രേണുവിനെയും സുധി ചേട്ടനെയും ഇഷ്ടമുള്ളവരും സഹതാപം വോട്ടുകളും.
അതുകൊണ്ടുതന്നെ ഇത്രയും സീസണുകൾ വന്നിട്ടും ഇതുപോലെ സുഖിച്ചിരുന്ന് പൈസ നേടുന്ന ഒരേയൊരു വ്യക്തി രേണുവായിരിക്കും. നിങ്ങൾ എല്ലാവരുടെയും കുറ്റം പറച്ചിൽ കാരണം രേണുവിന് ദൈവം തന്നെ ഒരുക്കിക്കൊടുത്ത ഒരു പൈസയുണ്ടാക്കാനുള്ള വഴി ആയിരിക്കാം ഈ ഒരു ബിഗ് ബോസ് വീട്..
അതുകൊണ്ട് രേണു ഇപ്പോൾ അടുത്തൊന്നും ഔട്ടായി പോകും എന്ന് ആരും കരുതണ്ട', കുറിപ്പിൽ പറഞ്ഞു. അതേസമയം പോസ്റ്റിന് താഴെ രേണുവിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്.
'എന്തായാലും രേണുവിൻ്റെ ഇതുവരെയുള്ള നേട്ടം പോരാട്ടത്തിൻ്റേതാണ്...തനിക്ക് എതിരെ വരുന്ന മോശം കമൻ്റുകൾ വകവയ്ക്കാതെ, വ്യക്തമായ ഒരു ലക്ഷ്യം മുന്നിൽ കണ്ട് ബിഗ് ബോസ് വരെ എത്തി.ഇതൊരു ചെറിയ നേട്ടം അല്ല..സ്വയം നഷ്ടപെടുന്നവർക്ക് ഒരു മറുപടികൂടിയാണ് ഈ നേട്ടം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications