'മുറ്റത്ത് കുഴി കുഴിച്ച് വെയ്ക്കാം, പഴങ്കഞ്ഞി കുടിച്ചിട്ട് പോയിക്കോ'; അഹാന കൃഷ്ണയ്ക്ക് മറുപടിയുമായി റിയാസ്
കൊച്ചി: തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി സംസാരിക്കുന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വീഡിയോയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ബിഗ് ബോസ് താരം റിയാസ് ഉയർത്തിയത്. പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ കൃഷ്മകുമാർ പുകഴ്ത്തിയ സംഭവത്തിനെതിരെയായിരുന്നു റിയാസ് തുറന്നടിച്ചത്.
ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. ഈയൊരു കാലത്തും ഇത്തരം സംഭവങ്ങളെ റൊമാന്റിസൈസ് ചെയ്യുന്നത് അരോചകമാണെന്ന് റിയാസ് തുറന്നടിച്ചു. മാത്രമല്ല കൃഷ്ണകുമാറിന്റെ മകൾ ഹൻസികയെ കുറിച്ച് പങ്കിട്ട കുറിപ്പിനെതിരെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ നടത്തിയ വിമർശനത്തിനും റിയാസ് മറുപടി നൽകി. വായിക്കാം.

'ഈയൊരു കാലഘട്ടത്തിലും ജാതീയതും തൊട്ടുകൂടായ്മയും ഗ്ലോറിഫൈ ചെയ്ത് ഒരു യുട്യൂബ് കണ്ടന്റ് ആയി ഇടുന്നത് തീർത്തും അരോചകമാണ്. പലർക്കും ഇതൊന്നും മനസിലാകുന്നില്ലെന്ന് അത്ഭുതപ്പെടുത്തുന്നു. ഇത്തരക്കാരോട് പറയാനുള്ളത്, നിങ്ങൾക്ക് മറ്റുള്ളവരുടെ വേദനകളിൽ സഹതപിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കണ്ടന്റ് ഉണ്ടാക്കുന്നത് വെറും പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമാണ്, നിങ്ങൾക്ക് സമൂഹത്തോടെ യാതൊരു ഉത്തരവാദിത്തവുമില്ല.
ഞാൻ വളർന്ന് വന്ന സ്ഥലത്ത് പരസ്യമായി ജാതി പറയുന്ന ആളുകൾ ഉണ്ട്. ജാതിയുടെ പേരിൽ റിസർവേഷനിൽ പഠിച്ച് വന്നതിന് പരിഹാസം ഏൽക്കേണ്ടി വരുന്ന ക്ലാസ്മേറ്റ്സ് എനിക്കുണ്ടായിട്ടുണ്ട്. ഈ ഒരു വിഷയത്തിൽ എനിക്ക് കാര്യമായി പ്രതികരിക്കാൻ സാധിക്കില്ല, കാരണം ഈ വിഷയത്തിൽ അത്രയും ഗഹനമായ അറിവും എനിക്കില്ല.
മറ്റൊരു കുറിപ്പ് ഞാൻ പങ്കിട്ടിരുന്നു, ഇസ്രായേിലിനൊപ്പം എന്ന് പിടിച്ച് കൊണ്ടുള്ള കൃഷ്ണകുമാറിന്റെ പോസ്റ്റ്. ആളുകൾ പറയുന്നത് ഇത് രാഷ്ട്രീയമാണെന്നാണ്. ചില രാഷ്ട്രീയങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഗാസയിൽ ലക്ഷക്കണക്കിന് നിരപരാധികളാണ്, കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെടുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് ഇസ്രായേലിന് അയാൾ പിന്തുണ പ്രഖ്യാപിക്കുമ്പോൾ, അത് അയാളുടെ ഇൻഫ്ലുവൻസർ മകൾ സ്റ്റോറിയാക്കുമ്പോൾ അതിൽ വാവ് എന്നേ എനിക്ക് പറയാനുള്ളൂ. കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ട് എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നത്.
മറ്റൊരു കാര്യം കൃഷ്ണകുമാറിന്റെ ഇളയമകളുടെ ഒരു വീഡിയോയിൽ പറഞ്ഞ കാര്യം ഞാൻ തെറ്റിധരിച്ചതുമായി ബന്ധപ്പെട്ടാണ്. ഈ വീഡിയോയിൽ ഞാൻ കേട്ടത് തെറ്റിധരിച്ച് ആ കുട്ടി ഹോമോഫോബിക് ആണെന്ന് ഞാൻ സ്റ്റോറിയിട്ടു. എന്നാൽ തിരിച്ചറിഞ്ഞപ്പോൾ തന്നെ ഞാൻ ആ സ്റ്റോറി ഡിലീറ്റ് ചെയ്തു. പക്ഷേ ഇപ്പോൾ അഹാന കൃഷ്ണ പറയുന്നത് എനിക്ക് പബ്ലിസിറ്റിക്ക് വേണ്ടി 18 കാരിയായ സഹോദരിയെ വലിച്ചിഴക്കുന്നുവെന്നാണ്. ഞാൻ മനസിലാക്കുന്നത് ജാതീയതയെ കുറിച്ച് അവരുടെ അച്ഛൻ നടത്തിയ പരാമർശത്തെ കുറിച്ച് ഞാൻ നടത്തിയ വിമർശനങ്ങളാണ് ഇതിന് കാരണം എന്നാണ്. എനിക്ക് പറയാനുള്ളത് നിങ്ങളുടെ കുടുംബത്തിലെ തെറ്റായ രാഷ്ട്രീയത്തേയും ജാതീയതേയും തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനേയുമെല്ലാം വെള്ളപൂശാൻ വേണ്ടി 18 വയസുകാരിയുടെ പേര് ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കൂ എന്നാണ്.
ജാതീയതയെ ഒക്കെ വളരെ റൊമാന്റിസൈസ് ചെയ്യുന്നവരോട് പറയാനുള്ളത് മുറ്റത്ത് കുഴി കുഴിച്ച് വെക്കാം, വന്ന് പഴങ്കഞ്ഞി കുടിച്ചിട്ട് പോയിക്കോ.












Click it and Unblock the Notifications