'കങ്കുവ' ഷൂട്ടിംഗിനിടെ സൂര്യയ്ക്ക് അപകടം, റോപ്പ് ക്യാമറ പൊട്ടി ദേഹത്ത് വീണു, ചിത്രീകരണം നിർത്തിവെച്ചു
ചെന്നൈ: പുതിയ ചിത്രമായ കങ്കുവയുടെ ഷൂട്ടിംഗിനിടെ നടന്‍ സൂര്യയ്ക്ക് അപകടം. റോപ്പ് ക്യാമറ പൊട്ടി താരത്തിന്റെ മേല്‍ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൂര്യയുടെ തോളിലേക്കാണ് ക്യാമറ വീണത്. അദ്ദേഹത്തിന് നിസ്സാര പരിക്ക് മാത്രമേ ഉളളൂ എന്നാണ് വിവരം. വലിയൊരു അപകടത്തില്‍ നിന്നാണ് സൂര്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് എന്നാണ് വിവരം.
റോപ് ക്യാമറ പൊട്ടി വീണത് തലയില്‍ ആയിരുന്നുവെങ്കില്‍ സൂര്യയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കാനുളള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ തോളില്‍ തട്ടിയത് കാരണം അദ്ദേഹത്തിന് കാര്യമായ പരിക്കേറ്റിട്ടില്ല. അപകടമുണ്ടായതിനെ തുടര്‍ന്ന് കങ്കുവയുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കങ്കുവയുടെ അവസാന ഘട്ട ചിത്രീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ചെന്നൈയിലെ ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ്. വളരെ വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. സിരുത്തൈ സിവ ആണ് കങ്കുവ സംവിധാനം ചെയ്യുന്നത്. സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന കങ്കുവ ഒരു പിരിയഡ് ഡ്രാമയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിലെ സൂര്യയുടെ ലുക്ക് അടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നത് ഫാന്‍സിന്റെ പ്രതീക്ഷ വാനോളമാണ് ഉയര്‍ത്തിയിരിക്കുന്നത്. അപകട വിവരം പുറത്ത് വന്നതോടെ ആരാധകര്‍ താരത്തിന്റെ പരിക്ക് വേഗത്തില്‍ ഭേദമാകാനുളള ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിക്കുന്നുണ്ട്.
കങ്കുവ ലൊക്കേഷനില്‍ നിന്നുളള സൂര്യയുടെ ഫോട്ടോ പുറത്ത് വന്നത് അടുത്തിടെ വൈറലായിരുന്നു. ചിത്രത്തില്‍ നിരവധി ലുക്കുകളില്‍ സൂര്യ എത്തുന്നുണ്ട് എന്നാണ് വിവരം. കങ്കുവയിലെ കഥാപാത്രത്തിന് വേണ്ടി സൂര്യ ശരീര ഭാരം കുറച്ചിരുന്നു. സൂര്യയുടെ കരിയറില്‍ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. 38 ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ പദ്ധതി. ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications