അമരന്‍ സൂപ്പര്‍ഹിറ്റ്.. പ്രതിഫലം കുത്തനെ കൂട്ടി സായ് പല്ലവി; തണ്ടേലിന് വാങ്ങിയത് ഇത്ര!
തെന്നിന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികശ്രേണിയില്‍ ഇടം പിടിച്ച താരമാണ് സായ് പല്ലവി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ സായ് പല്ലവി മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിലൂടെയാണ് നായിക നിരയിലേക്ക് എത്തുന്നത്. ഇതിലെ മലര്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രീതി പിടിച്ചുവാങ്ങി. ഇതിന് ശേഷം പിന്നീട് സായ് പല്ലവിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തില്‍ പ്രേമം കൂടാതെ കലി, അതിരന്‍ എന്നീ ചിത്രങ്ങളില്‍ കൂടി വേഷമിട്ട സായ് പല്ലവി തമിഴ്, തെലുങ്ക് സിനിമകളില്‍ സ്ഥിരം സാന്നിധ്യമായി. അഭിനയസാധ്യതയുള്ള വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് താന്‍ എത്രത്തോളം സെലക്ടീവ് ആണ് എന്നും സായ് പല്ലവി തെളിയിച്ചു. ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച അമരന്‍ ആണ് സായ് പല്ലവിയുടേതായി അവസാനമിറങ്ങിയ സിനിമ.

നാഗചൈതന്യക്കൊപ്പം അഭിനയിച്ച തണ്ടേല്‍ ആണ് ഇനി റിലീസിനൊരുങ്ങുന്ന സായ് പല്ലവി ചിത്രം. അതേസമയം അമരന്റെ വിജയത്തിന് ശേഷം തന്റെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് സായ് പല്ലവി. അമരനില്‍ അഭിനയിക്കുമ്പോള്‍ താരത്തിന്റെ പ്രതിഫലം മൂന്ന് കോടി രൂപയായിരുന്നു. എന്നാല്‍ തണ്ടേലില്‍ ഏകദേശം ഇരട്ടിയോളം രൂപയുടെ വര്‍ധനവാണ് സായ് പല്ലവിയുടെ പ്രതിഫലത്തില്‍ വന്നിരിക്കുന്നത്.
അഞ്ച് കോടി രൂപയാണ് സായ് പല്ലവി തണ്ടേലിനായി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ജനപ്രീതിയിലുണ്ടായ വര്‍ധനവാണ് പ്രതിഫലത്തിലും കാണുന്നത്. മറ്റ പല നടിമാരില്‍ നിന്നും വ്യത്യസ്തമായി, വാണിജ്യ വിജയത്തിന് പകരം ശക്തമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ ആണ് സായ് പല്ലവി തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം രണ്ട് ബോളിവുഡ് സിനിമകളും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.
രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും യാഷ് രാവണനായും എത്തുന്ന രാമായണ പാര്‍ട്ട് ഒന്നില്‍ സീതാദേവിയായാണ് സായ് പല്ലവി എത്തുന്നത്. അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ് സായ് പല്ലവി. സിനിമകളില്‍ കനത്ത മേക്കപ്പ് ഒഴിവാക്കുകയും ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നു.
ചന്ദൂ മൊണ്ടേത്തി സംവിധാനം ചെയ്ത തണ്ടേല്‍, പാകിസ്ഥാന്‍ കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തണ്ടേലിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications