'ദിലീപിന് നല്ല എട്ടിന്റെ പണി കൊടുക്കുന്നുണ്ടെന്ന് അവർ, താൻ മുറിയിലുളളത് അവരറിഞ്ഞില്ല': സജി നന്ത്യാട്ട്
നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയായതോടെ മലയാള സിനിമാലോകം നടിയെ പിന്തുണയ്ക്കുന്നവരെന്നും ദിലീപിനെ പിന്തുണയ്ക്കുന്നവരെന്നുമായി രണ്ടായി തിരിഞ്ഞു. തുടക്കം മുതലേ ദിലീപിനെ ന്യായീകരിക്കുന്നവരുടെ കൂട്ടത്തിലാണ് നിർമ്മാതാവായ സജി നന്ത്യാട്ട്.
സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും ദിലീപ് അനുകൂലിയായി സ്ഥിരസാന്നിധ്യമാണ് ഇദ്ദേഹം. എന്താണ് സജി നന്ത്യാട്ടും ദിലീപും തമ്മിലുളള ബന്ധം? കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് തുറന്ന് പറയുന്നു.
'' ദിലീപുമായി പരിചയമുണ്ട് എന്നല്ലാതെ അത്ര അടുപ്പം ഒന്നും ഇല്ലായിരുന്നു. താനും വിനയനും ചേര്‍ന്ന് ഒരു പാനലിട്ട് ജി സുരേഷ് കുമാറിനും രഞ്ജിത്തിനും എതിരെ മത്സരിച്ചിരുന്നു. അബാദ് പ്ലാസയില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. നിര്‍മ്മാതാവ് കൂടി ആയത് കൊണ്ട് ദിലീപിന് വോട്ടുണ്ട്. ദിലീപ് തനിക്ക് വോട്ടും ചെയ്തില്ല, തന്നെ മൈന്‍ഡും ചെയ്തില്ല. അതാണ് ദിലീപും താനും തമ്മിലുളള ശരിക്കുളള ബന്ധം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിലേക്ക് കാര്യങ്ങള്‍ വന്നു. അന്ന് എറണാകുളത്ത് വെച്ച് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ സംസാരിക്കുന്നത് കേട്ടു. ദിലീപിന് നല്ല എട്ടിന്റെ പണി താറാമുട്ടയ്ക്കകത്ത് കൊടുക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടു. താന്‍ ആ റൂമില്‍ ഇരുന്ന് എല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു. താന്‍ റൂമില്‍ ഉണ്ടായിരുന്നത് അവര്‍ക്ക് അറിയില്ല. ഇവരെല്ലാവരും ഇരുന്ന് യഥാര്‍ത്ഥ സംഭവം പറയുകയാണ്..
ദിലീപിനെ വേട്ടയാടുകയാണ്. ആ സമയത്ത് ആര്‍ക്കും ദിലീപിനെ പിന്തുണയ്ക്കാനാവില്ലായിരുന്നു. കാരണം കേരള സമൂഹത്തിലെ 99 ശതമാനം ആളുകളും ദിലീപിന് എതിരായിരുന്നു. സിനിമാലോകവും എതിര്. ദിലീപിന്റെ വലംകൈകളായിരുന്നവരും മനസാക്ഷി സൂക്ഷിപ്പുകാരായിരുന്നവരും ദിലീപ് രക്ഷപ്പെടുത്തിയവരും ദിലീപ് ബ്രഡ് ആന്‍ഡ് ബട്ടര്‍ ആയിരുന്നവര്‍ പോലും പേടിച്ച് പോയി. താന്‍ ഒറ്റയ്ക്ക് ഒരു തിരിനാളമായി കയറി വന്നപ്പോള്‍ ആളുകള്‍ പറഞ്ഞു താന്‍ പണം വാങ്ങിയിട്ടാണ് എന്ന്.
പണം വാങ്ങിയിരുന്നെങ്കില്‍ പോലീസ് എന്നേ തന്നെ കൊണ്ട് പോയേനെ. മറ്റൊന്ന് ദിലീപ് ഉടനെ തനിക്ക് ഡേറ്റ് തരും എന്നതായിരുന്നു. ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ ചാനലില്‍ പോകേണ്ട കാര്യമില്ലല്ലോ, പണം കൊടുത്താല്‍ പോരെ. ദിലീപിന്റെ അടുത്ത് നാളെ താന്‍ പോകില്ല എന്നല്ല പറയുന്നത്. ദിലീപിന് ചെയ്യാന്‍ പറ്റുന്ന ഒരു കഥയാണെങ്കില്‍ ദിലീപ് ചെയ്യും. മമ്മൂക്കയ്ക്ക് പറ്റിയതാണെങ്കില്‍ അദ്ദേഹം ചെയ്യും. ഇന്നയാള്‍ക്ക് പറ്റിയ കഥാപാത്രമാണെങ്കില്‍ അവരത് ചെയ്യും. നോ പറഞ്ഞാല്‍ അടുത്ത ആളിലേക്ക് പോകും.
ദിലീപുമായി തനിക്ക് എന്തോ അവിശുദ്ധ ബന്ധമാണെന്നൊക്കെയാണ് പറയുന്നത്. മീറ്റിംഗിനൊക്കെ പോകുമ്പോള്‍ കാണാറുണ്ട്. ഹായ് പറയും. അദ്ദേഹത്തിന്റെ കഴിഞ്ഞ പടത്തിന്റെ പരിപാടിക്ക് വിളിച്ചിരുന്നു. താന്‍ പോയി. ദിലീപുമായി അടുപ്പമില്ല, താനത് ഒട്ടും ആഗ്രഹിക്കുന്നുമില്ല. ആളെ സുഖിപ്പിക്കേണ്ടതില്ലല്ലോ. ദിലീപിന്റെ അടുത്ത് ചെന്നിട്ട്, ഞാന്‍ ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു, ഞാന്‍ ഇല്ലെങ്കില്‍ ദിലീപ് കുഴിക്കകത്ത് പോയേനെ എന്നൊക്കെ പറയുന്നത് എന്തെങ്കിലും കിട്ടാനാണ്. തനിക്ക് അതിന്റെ ആവശ്യമില്ല.
ദിലീപിന്റെ അടുത്തോ കാവ്യാ മാധവന്റെ അടുത്തോ അനുജന്‍ അനൂപിന്റെ അടുത്തോ അളിയന്‍ സൂരജിന്റെ അടുത്തോ താന്‍ ഇതുവരെ പോയിട്ടില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അതുവഴി പോയപ്പോള്‍ ഒരിക്കല്‍ സൂരജിന്റെ വീട്ടില്‍ കയറി. ഇന്നുവരേ അവരെ സമീപിക്കുകയോ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. തനിക്ക് അതിന്റെ ആവശ്യമില്ല, സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications