ലാലേട്ടനുമായിട്ടാണ് അധികം ഇടപ്പെട്ടത്: പക്ഷെ കൂടുതല്‍ ഇഷ്ടം മമ്മൂക്കയെ; കാര്യം തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്
ഒരു സിനിമ നിർമ്മാതാവ് എന്നതിനേക്കാള്‍ ചാനല്‍ ചർച്ചയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് സജി നന്ത്യാട്ട്. നടി ആക്രമിക്കപ്പെട്ട കേസ് സജീവ ചർച്ചയായിക്കൊണ്ടിരുന്ന സമയത്ത് ദിലീപിനെ അനുകൂലിച്ച് കൊണ്ട് അദ്ദേഹം നടത്തിയ വാദങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിം ചേംമ്പർ ഭാരവാഹി കൂടിയായ അദ്ദേഹം സിനിമ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങളിലും നിരന്തരം ഇടപെടല്‍ നടത്തുകയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്.
ഇപ്പോഴിതാ മലയാള സിനിമ രംഗത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി മമ്മൂട്ടിയാണെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. ' സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടം മമ്മൂക്കയെ ആണ്. ലാലേട്ടനെ ഇഷ്ടം അല്ലെന്നല്ല. അത് അങ്ങനെ ആരും തുറന്ന് പറയാറില്ലെങ്കിലും ഞാന്‍ പറയുകയാണ്' എന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിർമ്മാതാവ്.

വലിയ വ്യക്തിബന്ധങ്ങളൊന്നും ഇല്ല. പരിപാടിക്കൊക്കെ കാണുമ്പോള്‍ ഹായ് പറയും, സംസാരിക്കും. മമ്മൂക്കയെ എനിക്ക് ഇഷ്ടമുണ്ട്, അദ്ദേഹത്തിന് എന്നോടും. ലാലേട്ടനുമായിട്ടാണ് കൂടുതല്‍ ഇടപ്പെട്ടത്, പക്ഷെ അദ്ദേഹത്തേക്കാള്‍ കുറച്ച് അധികം ഇഷ്ടം മമ്മൂക്കയെ ആണെന്നാണ്. അതിന് അർത്ഥം ലാലേട്ടനെ ഇഷ്ടം അല്ലെന്നല്ല.
ഉടനെ ഒരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. ലാലേട്ടനോ മമ്മൂക്കയോ അല്ല അതിലെ നായകന്മാർ. ആരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന കാര്യം പിന്നീട് പറയാം. ഒരു സസ്പെന്‍സ് ഇരിക്കട്ടെ. ഒരു ജപ്പാന്‍ മ്യൂസിക് ഡയറക്ടറൊക്കെ അതിന്റെ ഭാഗമാകുന്നുണ്ട്. എന്തായാലും ഒരു സംഭവമായി മാറാന്‍ സാധ്യതയുണ്ട്. എട്ടരവർഷം കൊണ്ട് എഴുതിയ തിരക്കഥയാണ്. തിരക്കഥ എഴുതിയവരില്‍ ഒരാള്‍ തന്നെയാണ് സംവിധാനവും ചെയ്യുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു.
മന്ത്രിയായിരുന്ന തോമസ് ചാണ്ടി കുടുംബാംഗമായിരുന്നു. അദ്ദേഹത്തിന്റെ അനിയനും നിലവിലെ കുട്ടനാട് എം എല്‍ എയുമായ തോമസ് കെ തോമസ് പെങ്ങളുടെ ഭാര്യയാണ്. ഉമ്മന്‍ചാണ്ടിയും ഞാനും ഒരുപാട് കാലം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. 1985 കാലങ്ങളില്‍ അദ്ദേഹം പാർട്ടിയിലെ രണ്ടാം നിര നേതാവായി നില്‍ക്കുന്ന കാലമാണ്. അന്ന് എനിക്ക് കാറുണ്ടായിരുന്നു. ഒരു ടൂറിസ്റ്റ് ടാക്സിയായിരുന്നു. എന്റെ വണ്ടിയില്‍ ഞങ്ങള്‍ സിനിമ കാണാനൊക്കെ പോകും.
ഉറക്കമില്ലാത്ത മനുഷ്യനായിരുന്നു ഉമ്മന്‍ചാണ്ടി സർ. ഒരു മണിക്കൊക്കെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വരും. അന്ന് ദ്വീപിക പത്രമാണ് ആദ്യം ഇറങ്ങുന്നത്. എന്നോട് പറഞ്ഞ് പത്രം വാങ്ങിപ്പിച്ച് അവിടെ ഇരുന്ന വായിക്കും, തട്ട് ദോശ തിന്നും. ഡിസിസി ഓഫിസില്‍ പോയാണ് കുളിക്കുക. അടുത്ത ബസ്സില്‍ കയറ്റി ഞാന്‍ തന്നെ വിടും. ചിലപ്പോഴൊക്കെ എന്റെ വണ്ടിയില്‍ തന്നെ കിടന്ന് ഉറങ്ങിയിട്ടുമുണ്ട്.
പിന്നീട് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയർന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരു തെറ്റിദ്ധാരണ വന്നതോടെ ഒന്ന് അകന്നു. പിന്നെ ഞാന്‍ ആ തെറ്റിദ്ധാരണ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പോയിട്ടില്ല. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായ സമയത്ത് സഹോദരനും മകനുമൊക്കെ എന്റെ അടുത്ത് വന്നരുന്നു. അവർക്ക് മാധ്യമങ്ങളെ കാണാന്‍ അവസരം ഉണ്ടാക്കി കൊടുത്തത് ഞാനായിരുന്നു. അതിലൊരു ദേഷ്യം ഉമ്മന്‍ചാണ്ടിയുടെ മകന് എന്നോട് ഉണ്ടെന്ന് തോന്നുവെന്നും സജി നന്ത്യാട്ട് പറയുന്നു.
2005ല്‍ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്സ് ആയിരുന്നു സജി നന്ത്യാട്ട് നിർമ്മിച്ച ആദ്യ ചിത്രം. 2006ല്‍ സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ചാക്കോ രണ്ടാമന്‍ എന്ന ചിത്രവും 2009ല്‍ മഹേഷ് സംവിധാനം ചെയ്ത കലണ്ടര്‍ എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചു.












Click it and Unblock the Notifications