ബോക്‌സോഫീസ് സലാര്‍ തൂക്കുമോ..? മാസായി പ്രഭാസ്, പൃഥ്വിക്കും കൈയടി, പ്രേക്ഷകരുടെ ആദ്യ പ്രതികരണം
പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സലാര്‍ തിയേറ്ററുകളില്‍. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സലാറില്‍ പ്രഭാസും പൃഥ്വിരാജും ആണ് പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. ഏറെ കാലമായി പ്രഭാസ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തില്‍ പൃഥ്വിരാജും എത്തുന്നു എന്ന് അറിഞ്ഞതോടെ മലയാളി പ്രേക്ഷകര്‍ ആവേശത്തിലായി.
ഇതോടെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം സലാറിനായുള്ള കാത്തിരിപ്പിലായിരുന്നു. പ്രശാന്ത് നീലിന്റെ മുന്‍ചിത്രങ്ങളുടെ ചുവടുപിടിച്ച് പാന്‍ ഇന്ത്യന്‍ സിനിമ എന്ന ലേബല്‍ സലാറിന് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സാക്ഷാല്‍ ഷാരൂഖ് ഖാന്റെ ഡങ്കിയുമായാണ് സലാര്‍ ഏറ്റുമുട്ടുന്നത്. ഏതായാലും പ്രതീക്ഷകള്‍ക്കൊത്ത സിനിമ തന്നെയാണ് സലാര്‍ എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും പടത്തിന് പോസിറ്റീവ് റിവ്യൂ ആണ് നല്‍കുന്നത്. പ്രഭാസിനേക്കാള്‍ കൈയടി പൃഥ്വിക്ക് ലഭിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ പ്രഭാസിന്റെ താരമൂല്യം കൃത്യമായി പ്രശാന്ത് നീല്‍ ഒപ്പിയെടുത്തിട്ടുണ്ട് എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പ്രഭാസിന്റെ മാസ് അപ്പീല്‍ കൃത്യമായി വര്‍ക്കൗട്ടാകുന്നുണ്ട്. എന്നാല്‍ കെജിഎഫ് പ്രതീക്ഷിച്ച് സലാര്‍ കാണരുത് എന്നാണ് വേറെ ചിലര്‍ പറയുന്നത്.
സലാറിനെ മറ്റൊന്നുമായും താരതമ്യം ചെയ്തും അമിത പ്രതീക്ഷ വെച്ചും കാണാന്‍ പോകരുത്. എങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകരെ ചിത്രം ആവേശം കൊള്ളിക്കും. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും നല്ല രീതിയില്‍ തന്നെ വര്‍ക്കായിട്ടുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ടാം പകുതിയേക്കാള്‍ ആദ്യ പകുതിയാണ് ആവേശം ജനിപ്പിക്കുന്നത് എന്നാണ് പൊതുവായ അഭിപ്രായം.
ബോക്‌സോഫീസില്‍ ഹിറ്റാകാന്‍ ഏതായാലും സലാറിന് സാധിക്കും എന്നാണ് വിലയിരുത്തല്‍. സലാര്‍ പ്രതീക്ഷയെ കടത്തിവെട്ടി എന്നാണ് ചിലരെങ്കിലും അഭിപ്രായപ്പെടുന്നത്. ഫസ്റ്റ് ഹാഫ് മുഴുവനും ബില്‍ഡ് അപ്പായിരുന്നു എന്നും പൃഥ്വിരാജിന് നല്ല സ്‌പേസ് ചിത്രം നല്‍കുന്നുണ്ട് എന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രം വേണ്ട രീതിയില്‍ കയറി കൊളുത്തിയില്ല എന്ന് പറയുന്നവരും ഉണ്ട്.
പൃഥ്വിരാജിനും പ്രഭാസിനും പുറമെ പ്രശാന്ത് നീലും കൈയടി നേടുന്നുണ്ട്. പ്രശാന്ത് നീലിന്റെ ഒരു ഗെയിം ഓഫ് ത്രോണ്‍സ് മോഡല്‍ ഭാവന ആണ് പടം എന്നാണ് ഫേസ്ബുക്കില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചത്. സെക്കന്റ് ഹാഫ് ചെറിയ ഒരു ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട് എന്നും അത് മാറ്റി നിര്‍ത്തിയാല്‍ അഡ്രിനാലിന്‍ പമ്പിംഗ് മെഷീന്‍ ആണ് പടം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത്രയും വയലന്റ് ബ്ലഡ് ബാത്ത് ആയ ആക്ഷന്‍ സീനുകള്‍ അധികം ഇന്ത്യന്‍ സിനിമയില്‍ വന്നു കാണില്ല എന്നും അന്‍പ് അറിവിന്റെ ബെസ്റ്റ് വര്‍ക്കാണിത് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വിഎഫ്എക്‌സ്, കളര്‍ ടോണ്‍ എന്നിവയെല്ലാം കൈയടി നേടുമ്പോഴും പശ്ചാത്തലസംഗീതം പലരും ശരാശരി എന്നാണ് അഭിപ്രായപ്പെടുന്നത്. എങ്കിലും ആദിപുരുഷിന്റെ വമ്പന്‍ പരാജയത്തിന് ശേഷം പ്രഭാസിന് വലിയ ഒരു തിരിച്ചുവരവായിരിക്കും സലാര്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന സലാര്‍ ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.












Click it and Unblock the Notifications