'ഇത് എന്നോട് ചോദിക്കേണ്ട ചോദ്യമല്ല, എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കൂ,'; മറുപടിയുമായി സുപ്രിയ
കൊച്ചി: പ്രഭാസിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ സലാർ ഒടുവിൽ തീയറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്. പ്രഭാസ്-പൃഥ്വി കോമ്പോയും മാസ് ആക്ഷൻ രംഗങ്ങളും ആരാധകരെ തൃപ്തിപ്പെടുത്താൻ പാകത്തിലുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ സിനിമയെ കുറിച്ച് അഭിപ്രായം പങ്കുവെയ്ക്കുകയാണ് നടൻ പൃഥ്വിയുടെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. സുപ്രിയയുടെ പ്രതികരണം ഇങ്ങനെ-

'സലാർ മികച്ച ചിത്രമാണ്,എനിക്ക് ഇഷ്ടപ്പെട്ടു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. പൃഥ്വിരാജിന്റേയും പ്രഭാസിന്റേയും പ്രകടനം ഇഷ്ടപ്പെട്ടു. ഇത് പ്രശാന്ത് നീലിന്റെ ലോകമാണ്, അത് സിനിമയിൽ കാണാം. എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രധാന്യം നൽകി, സ്ത്രീ കഥാപാത്രങ്ങളും വളരെ ശക്തമായിരുന്നു. പ്രശാന്ത് സംവിധാനം ചെയ്തത് കൊണ്ടായിരിക്കാം സലാറും കെജിഎഫും തമ്മിലൊരു താരതമ്യം ഉണ്ടാകുന്നത്. എന്നെ സംബന്ധിച്ച് സലാറും കെജിഎഫും രണ്ട് വ്യത്യസ്ത സിനിമകളായിട്ടാണ് തോന്നിയത്', സുപ്രിയ പറഞ്ഞു.
എംബുരാൻ സലാറിനെക്കാളും വലിയ പടമായിരിക്കുമോയെന്ന ചോദ്യത്തിന് അത് എമ്പുരാന്റെ ഡയറക്ടറോട് പോയി ചോദിക്കൂ എന്നായിരുന്നു സുപ്രിയയുടെ മറുപടി. 'എമ്പുരാന്റെ ഡയറക്ടറോടോ അല്ലെങ്കിൽ ആന്റണി പെരുമ്പാവൂർ, മോഹൻലാൽ സാർ ഇവരോട് പോയി ചോദിക്കണം. എന്നോട് ചോദിക്കേണ്ട ചോദ്യമല്ല', അദ്ദേഹം പറഞ്ഞു.
നേര് സലാറിന് ഭീഷണിയാകുന്നുണ്ടോയെന്ന ചോദ്യത്തിന് അതെങ്ങനെ ഭീഷണിയാകും എന്നായിരുന്നു സുപ്രിയയുടെ മറുചോദ്യം. സലാർ കണ്ടവർ നേര് കാണാൻ പോകില്ലെന്നോ മറിച്ചോ സംഭവിക്കുമെന്ന് കരുതുന്നില്ല. ആളുകൾ ഇഷ്ടമുള്ള സിനിമകൾ പോയി കാണും. നേരിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്', സുപ്രിയ പറഞ്ഞു.
രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന സലാറിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറാണ് ഇപ്പോൾ റിലീസായത്. കെ ജി എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് സലാർ നിർമ്മിച്ചത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം 400 കോടിയ്ക്കാണ് ഒരുങ്ങിയത്. വരധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ സലാർ എത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications