'അഞ്ചാം ക്ലാസുവരെയും ഞാൻ മുസ്ലീമായിരുന്നു,അതിന് ശേഷം വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലീം കുമാർ
നടൻ സലീം കുമാർ മുസ്ലീമാണോ അതോ ഹിന്ദുവാണോയെന്നുള്ള ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും താരം നേടിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് എങ്ങനെ ആ പേര് ലഭിച്ചുവെന്ന് പറയുകയാണ് താരം. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വായിക്കാം-
'സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണെന്ന് നോക്കാം. എന്റെ പേര് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകരമായിട്ടുമുള്ള പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് കേട്ടാൽ ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലീം. ജലീൽ, ജമാൽ, നാഷാദ് എന്നീ പേരുകൾ ഹിന്ദു കുട്ടികൾക്ക് പ്രത്യേകിച്ച് ഈഴവ കുട്ടികൾക്കൊക്കെ ഇടാൻ തുടങ്ങി.

'അങ്ങനെ എനിക്ക് സലീം എന്ന പേര് ഇട്ടു. പേരിനൊപ്പം കുമാർ വന്നതും പറയാം, ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുര എൽപിഎസിൽ ചേർക്കാൻ ചെന്നു. എന്താ കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ സലീം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് പേര് പ്രശ്നമാണല്ലോ ഇത് ഹിന്ദു കുട്ടിയല്ലേ എന്നാണ് .അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അദ്ധ്യാപകർ പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി', ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
എട്ട് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു താൻ. ഞങ്ങൾ ആരുടേയും ജാതകം എഴുതിച്ചില്ല. എന്തിന് ജനിച്ച സമയം പോലും അവർക്ക് അറിയില്ല. എനിക്ക് മകനുണ്ടായപ്പോൾ എനിക്ക് എന്റെ ജാതകം എഴുതിക്കണമെന്ന് ആഗ്രഹമായി. അങ്ങനെ ജനനതീയതി അമ്മയോട് ചോദിച്ചെങ്കിലും അമ്മക്ക് ഓർമ്മയില്ല. ഒടുവിൽ ജനാർദ്ദനൻ ചേട്ടനെ ഞാൻ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു അതിനെന്താണ് കമ്പ്യൂട്ടർ ജാതകം ഉണ്ട് ശരിയാക്കാം എന്ന്. അങ്ങനെ നക്ഷത്രവും കൊല്ലവുമൊക്കെ പറഞ്ഞ് കൊടുത്ത് എനിക്കൊരു ജാതകം കിട്ടി. അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് ഞാനൊരു സിനിമ നടനായിരിക്കും മിമിക്രിക്കാരൻ ആയിരിക്കുമെന്നൊക്കെ. ഞാൻ ഞെട്ടിപ്പോയി.
എന്റെ മകന്റെ ജാതകവും ഞാൻ എഴുതിച്ചു. അതിലുണ്ടായിരുന്നത് അവൻ ഡോക്ടറാകുമെന്നാണ്. ഞാൻ സന്തോഷിച്ചു. കാരണം എന്റെ ജാതകം ശരിയായിരുന്നല്ലോ. എന്നാൽ എന്റെ മകൻ ഇപ്പോൾ എൽഎൽബിക്ക് പഠിക്കുകയാണ്. ജനാർദ്ദനൻ ചേട്ടൻ പറഞ്ഞ് കാണും സലീം കുമാറിന്റെ ജാതകമാണ് എഴുതേണ്ടതെന്ന്. അതുകൊണ്ട് പറയാനുള്ളത് ജാതകം എഴുതാൻ പോകുമ്പോൾ ആർക്കാണെന്ന് പറയരുത്. ചിലപ്പോൾ അവർ എല്ലാം എഴുതിക്കളയും', ചിരിച്ചുകൊണ്ട് സലീം കുമാർ പറഞ്ഞു.












Click it and Unblock the Notifications