സല്‍മാന്‍ ഖാന്‍റെ ബിഗ് ബോസ് പ്രതിഫലം 200 കോടി?: ആദ്യമായി പ്രതികരിച്ച് എൻഡമോൾ ഷൈന്‍ പ്രഡ്യൂസർ
വിവാദങ്ങളാണ് ഏത് ഭാഷയിലാണെങ്കിലും ബിഗ് ബോസ് എന്ന ഷോയെടെ നട്ടെല്ല. ചൂടേറിയ വിവാദങ്ങള്‍ ഷോയുടെ ടിആർപി കൂട്ടാന്‍ സഹായകരമാകുന്നു. ഇതിന് വേണ്ടി ഷോ നടത്തിപ്പുകാർ തന്നെ എപ്പോഴും ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഷോ നടത്തിപ്പുകാർക്കെതിരേയും വലിയ ആരോപണങ്ങള്‍ ഉയരാറുണ്ട്. അത്തരം ഒരു ആരോപണമാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസ് സീസണ്‍ 19 മായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്നത്.
19-ാം സീസണിലും അവതാരകനായി എത്തിയ സല്‍മാന്‍ 150 കോടി മുതൽ 200 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് ചില മത്സരാർത്ഥികളോട് സല്‍മാന്‍ ഖാന്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നിരിക്കുന്നത്. അതായത് അമാൽ മാലിക്, കുനിക്ക സദാനന്ദ്, തന്യ മിത്തൽ എന്നിവരോട് സൽമാൻ ഖാന് ഒരു അധിക പ്രിയം ഉണ്ടെന്നാണ് ഒരുവിഭാഗം ആരാധകരുടെ പരാതി.

ആരോപണങ്ങള്‍ ശക്തമായതോടെ (ബനിജയ് ഏഷ്യ & എൻഡമോൾ ഷൈൻ ഇന്ത്യ പ്രൊഡ്യൂസർ റിഷി നെഗി തന്നെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നു. സൽമാൻ എപ്പിസോഡുകൾ മാത്രമല്ല കാണുന്നത്, ഓരോ ദിവസത്തെയും 'ബിഗ് പോയിന്റ്സ്' ഫൂട്ടേജിന്റെ ഒന്നോ രണ്ടോ മണിക്കൂർ ദൃശ്യങ്ങൾ കൂടി മുൻകൂട്ടി കാണാറുണ്ടെന്നും അവർ പറയുന്നു.
"പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കാണുന്നതിനാല്‍ തന്നെ ഹൗസിലെ സംഭവങ്ങൾ, മത്സരാർത്ഥികളുടെ സ്ഥിതി എന്നിവയിൽ അദ്ദേഹത്തിന് വലിയ ബൈ-ഇൻ ഉണ്ട്. അദ്ദേഹത്തിന് സ്വന്തമായ ഒരു പോയിന്റ് ഓഫ് വ്യൂ ഉണ്ട്. ഞങ്ങൾ ക്രിയേറ്റേഴ്സിന് ഞങ്ങളുടെ കാഴ്ചപ്പാടുണ്ട്. കൂടാതെ, പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുകളും ഞങ്ങൾ കണക്കിലെടുക്കുന്നു. ഇതെല്ലാം ഒരുമിച്ച് ചേർത്താണ് വീക്കെൻഡ് എപ്പിസോഡുകൾ തയ്യാറാക്കുന്നത്." റിഷി നെഗി പറഞ്ഞു.
ഇയർ പീസിലൂടെ നിർദേശങ്ങള്‍ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് സൽമാൻ ഖാനെ അദ്ദേഹം വിശ്വസിക്കാത്ത ഒരു കാര്യം പറയിക്കാൻ സാധ്യമല്ല. അദ്ദേഹത്തിന്റെ ആധികാരികതയും സ്വാഭാവികതയുമാണ് ഷോയുടെ ഏറ്റവും വലിയ ശക്തിയെന്നായിരുന്നു അവരുടെ മറുപടി.
അതേസമയം, സല്‍മാന്‍ ഖാന്‍റെ പ്രതിഫലം 150-200 കോടിയാണോ എന്ന ചോദ്യത്തോട് കൃത്യായ ഉത്തരം നല്‍കാന്‍ റിഷി നേഗി തയ്യാറായില്ല. "ഈ കരാർ സൽമാനും ജിയോഹോട്ട്സ്റ്റാറും തമ്മിലാണ്. അതിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. പക്ഷേ, ഏതൊരു റൂമറായാലും, അദ്ദേഹം ഓരോ പൈസയും വിലമതിക്കുന്നു. എന്റെ വീക്കെൻഡിൽ അദ്ദേഹമുള്ളിടത്തോളം ഞാൻ സന്തോഷവാനാണ്," റിഷി പറഞ്ഞു.
ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധമാണ് സൽമാൻ ഖാനും ബിഗ് ബോസും തമ്മിലുള്ളത്. ബിഗ് ബോസ് നാലാം സീസണിലാണ് അദ്ദേഹം ആദ്യമായി ഹോസ്റ്റായി എത്തിയത്. അതിനുശേഷം ഓരോ സീസണിലും അദ്ദേഹം തുടർച്ചയായി ഹോസ്റ്റ് ചെയ്യുന്നു. എല്ലാ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോഴും ഹോസ്റ്റ് എന്ന നിലയില്‍ ഏറ്റവും അധികം മികച്ച് നില്‍ക്കുന്നത് സല്‍മാന്‍ ഖാനാണ്. ചില സീസണുകളിൽ സൽമാൻ ഖാന് പകരം ഫരാഹ് ഖാൻ, കരൺ ജോഹർ, സഞ്ജയ് ദത്ത്, അനിൽ കപൂർ തുടങ്ങിയ താരങ്ങൾ ഗസ്റ്റ് ഹോസ്റ്റുമാരായി എത്തിയിരുന്നു.












Click it and Unblock the Notifications