ചികിത്സക്കായി പ്രമുഖ നടനില്‍ നിന്ന് 25 കോടി വാങ്ങി? ഒടുവില്‍ പ്രതികരിച്ച് സാമന്ത, ' കല്ലല്ല എന്റെ പ്രതിഫലം'
ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ താരസുന്ദരി പട്ടം സ്വന്തമാക്കിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായ സാമന്ത ഒട്ടുമിക്ക മുന്‍നിര നായകന്‍മാരുടേയും നായികയായി അഭിനയിച്ചിട്ടുണ്ട്. സിറ്റാഡല്‍ എന്ന വെബ്‌സീരീസും ഖുഷിയും ആണ് സാമന്തയുടേതായി ഇനി പുറത്തിങ്ങാനുള്ള ചിത്രങ്ങള്‍.
അതിനിടെ താരം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പുതിയ ചിത്രങ്ങളൊന്നും തന്നെ സാമന്ത ഏറ്റെടുത്തിട്ടില്ല. ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം താന്‍ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് സാമന്ത പറഞ്ഞിരുന്നു.

ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അല്‍പകാലം താരം ഇടവേളയെടുത്തിരുന്നെങ്കിലും വൈകാതെ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മയോസിറ്റിസ് രോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ഒരു തെലുങ്ക് നടന്‍ തന്റെ ചികിത്സയ്ക്കായി 25 കോടി രൂപ നല്‍കി സഹായിച്ചെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ താന്‍ ചികിത്സയ്ക്കായി ധനസഹായം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം എന്നും സാമന്ത പറയുന്നു. വളരെക്കാലമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ശേഷം സ്വയം പരിപാലിക്കാന്‍ കഴിവുണ്ടെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സാമന്ത പറഞ്ഞു. സാമന്തയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇങ്ങനെയാണ്...
''മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി! നിങ്ങളെ ആരൊക്കയോ തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമാണ് എനിക്ക് ചെലവഴിക്കേണ്ടി വന്നത്. ഞാന്‍ ജോലി ചെയ്ത് പ്രതിഫലമായി വാങ്ങിയത് കല്ലല്ല. അതിനാല്‍, എനിക്ക് എന്നെത്തന്നെ പരിപാലിക്കാന്‍ സാധിക്കും. ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് മയോസിറ്റിസ്. ഇതിന്റെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം,' സാമന്ത പറഞ്ഞു.
തെലുങ്കിലെ പ്രശസ്തനായ ഒരു നടനില്‍ നിന്ന് 25 കോടി രൂപ സാമന്ത വാങ്ങി എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം തന്റെ ചികിത്സ ആരംഭിക്കുന്നതിനായി സാമന്ത ഉടന്‍ അമേരിക്കയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം വീണ്ടും അഭിനയരംഗത്തേക്ക് സാമന്ത മടങ്ങിയെത്തും എന്നാണ് നടിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications