ദിലീപുമായി ലാലിന് നല്ല ബന്ധം; പണം ആവശ്യം വരുമ്പോൾ കൊടുക്കാറും വാങ്ങാറുമുണ്ട്, ജഗതിയെ കുറിച്ചും'; ശാന്തിവിള
അടുത്തിടെ നടനും സംവിധായകനുമായ ലാൽ നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് നടത്തിയ ഒരു പരാമർശം വലിയ ചർച്ചക്കാണ് വഴിവച്ചത്. ഷോട്ടിനിടെ കൈയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു ലാൽ വിമർശിച്ചത്. സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ അങ്ങനെ ചെയ്യരുത്. ഏത് വലിയ നടനാണെങ്കിലും കൈയില്‍ നിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍, സ്വന്തമായി അഭിനയിക്കുന്ന നടന്‍ വിജയിക്കുമ്പോള്‍ അപ്പുറത്തുള്ളയാള്‍ പരാജയപ്പെടും. അമ്പിളി ചേട്ടനെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന കാര്യമാണത്', എന്നായിരുന്നു ലാലിന്റെ വാക്കുകൾ. ലാലിന്റെ പ്രതികരണത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ലാലുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ശാന്തിവിള ദിനേശ്. ഈ വിവാദത്തിന് ശേഷം അദ്ദേഹം തന്നെ നേരിട്ട് വിളിച്ചുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ

' ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, എനിക്ക് ശത്രുക്കളില്ല, ഞാൻ ആരേയും ശത്രുവായി കാണുന്നുമില്ല. താനുമായും ശത്രുത ഇല്ല. ദിലീപുമായും എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട്, ഞങ്ങൾ ഇപ്പോഴും പരസ്പരം ആവശ്യം വരുമ്പോൾ വിളിക്കാറുണ്ട്, സാമ്പത്തിക ആവശ്യം വരുമ്പോൾ അങ്ങോട്ട് വാങ്ങാറും കൊടുക്കാറുമുണ്ട്. അത് ദിനേശെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം എന്ന് പറഞ്ഞു. കുറേ നേരം സംസാരിച്ചു. ഞാൻ പറയുന്നത് ദിനേശ് റെക്കോഡ് ചെയ്യാമോയെന്ന് ചോദിച്ചു, വള്ളി പുള്ളി മാറിയാൽ തന്നെ അർത്ഥം മാറിപ്പോകുമെന്ന് പറഞ്ഞു. ഞാൻ ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ലോകസിനിമയിൽ ഏറ്റവും നല്ല 25 താരങ്ങളെ എടുത്താൽ അതിലൊരാൾ അമ്പിളി ചേട്ടനാണ്. ഇന്ത്യൻ സിനിമയിലെ 10 പേരെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിലൊന്ന് ജഗതിയായിരിക്കും, മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്. ഇതിനപ്പുറം ജഗതി ചേട്ടനെ അദ്ദേഹം കാണുന്നത് എങ്ങനെയാണെന്നതിന് എന്തിനാണ് കൂടുതൽ ഉദാഹരണം വേണ്ടത്.
അടുത്തിടെ ഒരു നടന്‌റെ യുട്യൂബ് ചാനൽ അഭിമുഖം കാണാൻ ഇടയായി. അതിൽ അയാൾ പറയുകയാണ് ഒരു സീൻ എടുക്കുമ്പോൾ റിഹേഴ്സലിൽ കാണിക്കാത്ത ഒരു നമ്പർ ഇടണമെന്ന്. ആ ടേക്ക് ഒകെ ആയില്ലെങ്കിൽ മറ്റൊരു ടേക്ക് എടുക്കുമ്പോൾ ഇടരുത്, വേറൊരു അവസരത്തിൽ ഇടണമെന്ന്. അപ്പോൾ കൂടെയുള്ളവർ പതറും, ഇങ്ങനെ ജഗതി ശ്രീകുമാർ പഠിപ്പിച്ച് കൊടുത്തുവെന്നാണ് പറയുന്നത്.
അമ്പിളി ചേട്ടൻ അങ്ങനെയൊരിക്കലും പറയില്ല ദിനേശേ. ഇങ്ങനെ റിഹ്ഴേസലിൽ ഇല്ലാത്ത കാര്യം ടേക്ക് എടുക്കുമ്പോൾ ചെയ്യുന്നത് ശരിയല്ലെന്നാണ് ഞാൻ പറഞ്ഞത്. അമ്പിളി ചേട്ടൻ അങ്ങനെ ചെയ്യാറുണ്ട് എന്ന് എല്ലാവരും പറയാറുണ്ട് എന്നും ഞാൻ പറഞ്ഞു. എനിക്ക് പോളിഷ് ചെയ്ത് സംസാരിക്കാൻ അറിയില്ല. കൈയ്യടി വാങ്ങാനാണെങ്കിൽ അമ്പിളി ചേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞാ പോരെ? അമ്പിളി ചേട്ടൻ ഇങ്ങനെ ചെയ്യാറുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, അതിനെയാണ് ഇങ്ങനെയൊക്ക ആക്കിയെടുത്തതെന്ന്', ശാന്തിവിള പറഞ്ഞു.
ക്രൈം ഫയൽ എന്ന സീരീസാണ് ലാലിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ജഗതിയെ കുറിച്ചുള്ള വാക്കുകൾ ലാൽ പങ്കുവെച്ചത്. അതേസമയം ക്രൈം ഫയലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാഹുൽ രമേശാണ് സിനിമ ഒരുക്കിയത്.












Click it and Unblock the Notifications