'പൃഥ്വിരാജ് ജോജു ജോർജിനെ ഇറക്കി വിട്ടു, ഇതാണ് പറഞ്ഞത്..ഇന്ദ്രൻസിനെ ആ നടൻമാർ ചളിയിൽ ചവിട്ടി താഴ്ത്തി';ശാന്തിവിള
സിനിമയിലെ വലിയ താരങ്ങൾ പലരും തങ്ങളുടെ തുടക്ക കാലത്ത് നിരവധി കൈപ്പേറിയ അനുഭവങ്ങൾ നേരിട്ടവരാണ്. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും നിരവധി താരങ്ങൾ തുറന്നപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ തുടക്കത്തിൽ അധിക്ഷേപം നേരിടുകയും എന്നാൽ പിന്നീട് മലയാള സിനിമയിൽ ഞെട്ടിച്ച താരങ്ങളുമായി മാറിയ നടൻമാരെ കുറിച്ച് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിനേശ് ഇക്കാര്യങ്ങൾ പറഞ്ഞത്. ശാന്തിവിളയുടെ വാക്കുകളിലേക്ക്
'സിബിമലയിലിന്റെ നീ വരുവോളം എന്ന സിനിമയിൽ 11 ഓളം സീനുകൾ അഭിനയിക്കാൻ സലീം കുമാർ എന്ന നടനെ വിളിച്ചു. സലീം കുമാർ 9 സീനുകൾ അഭിനയിച്ചു. പത്താമത്തെ സീൺ തിലകനും ജഗദിക്കുമൊപ്പമായിരുന്നു. എന്നാൽ ആ സീനിൽ സലീം കുമാറിന്റെ ടൈമിങ് ശരിയായില്ലത്രേ. അങ്ങനെ സലീമിനെ പറഞ്ഞുവിട്ടു. പറഞ്ഞുവിടുമ്പോൾ മാന്യമായി പറഞ്ഞുവിട്ടില്ല. കോട്ടത്ത് നിന്ന് എറണാകുളത്തേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റിനുള്ള തുക പോലും കൊടുത്തില്ല. ഇദ്ദേഹത്തിന്റെ മിമിക്രി കണ്ട ഒരാളാണ് 20 രൂപ കൊടുത്തത്. അങ്ങനെ ആ തുകയും വാങ്ങി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.സലീം ചെയ്ത ആ കഥാപാത്രം പിന്നെ ചെയ്തത് ഇന്ദ്രൻസ് ആണ്. അതറിഞ്ഞ് സലീം കുമാർ ഒരുപാട് കരഞ്ഞത്രേ. കുറേ കാലം കഴിഞ്ഞ് ഒരു ദിവസം തന്നെ മൂന്ന് നാല് സിനിമകളിൽ അഭിനയിക്കുന്ന അത്ര തിരക്കുള്ള നടനായി സലീം കുമാർ മാറി.

ഒരിക്കൽ ജോസ് പ്രകാശിന്റെ അനിയൻ പ്രേം പ്രകാശ് എന്റെ വീട് അപ്പൂന്റേയും എന്ന സിനിമയിലേക്ക് സലീം കുമാറിനെ വിളിച്ചു. രണ്ട് ദിവസത്തേക്ക് ഡേറ്റ് തന്ന് സഹായിക്കണമെന്ന് പറഞ്ഞു. ആ സിനിമയുടെ സംവിധായകൻ സിബി മലയിൽ കൂടിയാണെന്ന് അറിഞ്ഞപ്പോൾ സലീം പറഞ്ഞു എനിക്ക് ഡേറ്റ് ഇല്ല തിളക്കത്തിലും കിളിച്ചുണ്ടെൻ മാമ്പഴത്തിലും അഭിനയിക്കുകയാണെന്ന്. എന്നാൽ പ്രേം വിളിച്ചുകൊണ്ടേയിരുന്നു. ഇതോടെ താൻ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തരാമോയെന്ന് സലീം ചോദിച്ചു. തരാമെന്നായിരുന്നു മറുപടി. അങ്ങനെ സലീം ആ സിനിമയിൽ അഭിനയിച്ചു.
കുറേക്കാലം കഴിഞ്ഞ് അച്ഛനുറങ്ങാത്ത വീടെന്ന സിനിമയിൽ സലീം നായകനായി. സിബി മലയിൽ ജൂറിയായിട്ടുള്ള കമ്മിറ്റിയാണ് സംസ്ഥാന അവാർഡ് നിർണയിച്ചത്. അതിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം സലീമിന് ലഭിച്ചു. അന്ന് നടന്ന ഒരു വിരുന്നില്‍ സിബിയുടെ എതിർ വശത്ത് ഇരുന്നാണ് സലീം ഭക്ഷണം കഴിച്ചത്. തന്നെ ഒഴിവാക്കിയ വ്യക്തിയുടെ മുന്നിലാണല്ലോ ഞാൻ ഇരിക്കുന്നതെന്നാണ് അന്ന് അദ്ദേഹം ആലോച്ചിത്.
ഇതൊക്കെ ഓർക്കാൻ കാരണം ജോജു ജോർജ് അടുത്തിടെ നടത്തിയ ഒരു പ്രസംഗമാണ്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു ജോജു ജോർജ്. അഭനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് ജോജുവിനെ ഇറക്കി വിട്ടതാണ്. പൃഥ്വിരാജ് മുഖത്ത് നോക്കി പറഞ്ഞു നിങ്ങൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന്. ആ ജോജു ജോർജു മികച്ച നടുള്ള സംസ്ഥാന പുരസ്കാരം നേടി. ഇപ്പോൾ മണിരത്നത്തിന്റെ കമൽഹാസൻ ചിത്രത്തിൽ വില്ലനായി അഭിനയിക്കുകയാണ്. തഗ് ലൈഫിന്റെ പ്രമോഷനിനിടെ കമൽഹാസൻ ജോജുവിനോട് പറഞ്ഞത് എനിക്ക് അദ്ദേഹത്തോട് അസൂയ ആണെന്നാണ്. ജോജുവിന്റെ ഇരട്ട എന്ന ചിത്രം കണ്ടുവെന്നും ആ ചിത്രം കണ്ടതോടെയാണ് തനിക്ക് ഇങ്ങനെയൊരു നടൻ ഉള്ളത് അറിഞ്ഞതെന്നുമാണ് കമൽഹാസൻ പറഞ്ഞത്. കമൽഹാസൻ ജോജുവിനെ പ്രശംസിച്ചതൊക്കെ പൃഥ്വിരാജിനെ പോലുള്ളവർ കേൾക്കേണ്ടതാണ്. ആരേയും തള്ളിക്കളയരുത്. കാരണം ഓരോരുത്തരും നാളെ എന്താകുമെന്ന് പറയാനാകില്ല.
ഒരു സിനിമയിൽ ഇന്ദ്രൻസ് തയ്യൽക്കാരനായിരുന്നു. അങ്ങനെ സിനിമക്ക് വേണ്ട കോസ്റ്റ്യൂം കൊണ്ടുകൊടുക്കാൻ പോയപ്പോൾ അവസരം കിട്ടി. അങ്ങനെ മലയാളത്തിലെ രണ്ട് നടൻമാർ ഒരു മൃതദേഹം അന്വേഷിക്കുന്ന രംഗത്ത് ഇന്ദ്രൻസിനെ ചെളിയിൽ ചവിട്ടി താഴ്ത്തി. ഒരുപാട് ചെളി വായിൽ പോയെന്നാണ് എന്നോട് ഇന്ദ്രൻസ് പറഞ്ഞത്. കുറേ ദിവസങ്ങളോളം ബുദ്ധിമുട്ട് അനുഭവിച്ചത്രേ. ഈ ചവിട്ടി താഴ്ത്തിയവർ എവിടെ എത്തിയെന്ന് അറിയില്ല, അവരും കരുതിക്കാണില്ല ഇന്ദ്രൻസ് ഇങ്ങനെയൊരു നടനാകുമെന്ന്. അതുകൊണ്ട് സിനിമയിൽ ആരും ആരേയും ഒഴിവാക്കരുത്.












Click it and Unblock the Notifications