മമ്മൂട്ടിയുടെ കാറിന് വൃദ്ധൻ കൈ നീട്ടി, പ്രസവിക്കാറായ കൊച്ചുമകളെ കാണിച്ചു..നടൻ ചെയ്തത്.. ശാന്തിവിള പറയുന്നു
വാഹനങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പം എല്ലാവർക്കും അറിയാം. സ്വന്തമായി വാഹനം ഓടിച്ച് പോകാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് നടന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടൻ വണ്ടിയോടിച്ച് പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ഈ സംഭവം പങ്കിട്ടത്.
'കാർ ശരവേഗത്തിൽ ഓടിക്കുന്ന ആളാണ് മമ്മൂട്ടി. ഒരിക്കൽ കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് അദ്ദേഹം പോകുകയാണ്. സ്പീഡോ മീറ്ററിൽ വേഗത 90 കഴിഞ്ഞു. രാത്രിയായത് കൊണ്ട് വാഹനങ്ങളൊന്നും ഇല്ലല്ലോ, അതുകൊണ്ട് വളവുകളിൽ അടക്കം വേഗത കുറക്കാതെ പറപ്പിച്ച് വിടുകയായിരുന്നു. പുതിയ കാർ ആണ്, റാഷ് ആയി ഓടിച്ചാലും ആറ് മാസം കൂടുമ്പോൾ പുതിയ കാർ വാങ്ങുമല്ലോ.

വളരെ സ്പീഡിൽ പോകുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വൃദ്ധൻ റോഡിന്റെ നടുവിലേക്ക് കയറി. ഒന്ന് ഞെട്ടിപ്പോകും നമ്മളാരായാലും. അദ്ദേഹം എന്തോ സഹായത്തിനായി നിൽക്കുകയാണ്. പെട്ടെന്ന് മമ്മൂട്ടി ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചപ്പോൾ കാർ ആടി ഉലഞ്ഞു. പെട്ടെന്ന് അദ്ദേഹം സഡൻ ബ്രേക്കിട്ടു. അപ്പോഴേക്കും വൃദ്ധനേയും കടന്ന് കാർ അൽപം മുന്നോട്ട് പോയി. മറ്റൊന്നും നോക്കാതെ അദ്ദേഹം കാറിൽ നിന്നും ഇറങ്ങി ആ വൃദ്ധന്റെ മുന്നിലേക്ക് പോയി.
കാറിനടുത്തേക്ക് അദ്ദേഹം നടന്നുവന്നു. അപ്പോഴാണ് മമ്മൂട്ടി കാണുന്നത് പഞ്ഞിക്കെട്ട് പോലൊരു പെൺകുട്ടി സമീപത്തെ കലുങ്കിൽ കിടക്കുകയാണ്. കുട്ടിക്ക് പള്ളയിൽ ഉണ്ടെന്നും പ്രസവ വേദന തുടങ്ങിയെന്നും വൃദ്ധൻ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് കൈകൂപ്പി അഭ്യർത്ഥിച്ചു.ഇതോടെ അതുവരെ തോന്നിയ മമ്മൂട്ടിയുടെ ദേഷ്യമെല്ലാം ഒഴിഞ്ഞുപോയി.
ഉടൻ തന്നെ വാഹനത്തിൽ കയറിക്കോളാൻ മമ്മൂട്ടി പറഞ്ഞു. വൃദ്ധന് ഒരു 70 വയസ് കഴിഞ്ഞുകാണും. അദ്ദേഹത്തിന്റെ പേരക്കുട്ടിയായിരുന്നു പെൺകുട്ടി. ഇരുവരേയും കൊണ്ടും മമ്മൂട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. വണ്ടി ആശുപത്രിക്ക് മുൻപിൽ സഡൻ ബ്രേക്കിട്ടപ്പോൾ എന്തോ അപകടം സംഭവിച്ച ആളുമായി എത്തിയതാണെന്ന് ഉറപ്പിച്ച് ആശുപത്രി ജീവനക്കാർ ഓടിയെത്തി.
തിരക്കിലും ഇരിട്ടിലും ഈ കാറിന്റെ സാരഥി മലയാള സിനിമയിലെ സൂപ്പർ താരമായ മമ്മൂട്ടി ആണെന്ന് ആർക്കും മനസിലായില്ല.മമ്മൂക്ക കാർ മുന്നോട്ട് എടുത്ത് വാഹനം വേഗം തിരിച്ചു. മകളെ സ്ട്രച്ചറിൽ കയറ്റി വിട്ട് വൃദ്ധൻ വന്ന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞു, അദ്ദേഹത്തിന്റെ പേര് എന്താണെന്ന് ചോദിച്ചു. മമ്മൂട്ടി എന്നാണെന്ന് പറഞ്ഞെങ്കിലും വൃദ്ധന് അത് ആരാണെന്ന് മനസിലായില്ല.
മമ്മൂട്ടി അദ്ദേഹത്തോട് ചോദിച്ചു, എന്താണ് ചെയ്യുന്നതെന്ന്. ചുമടെടുപ്പാണെന്ന് പറഞ്ഞു. കൊച്ചുമോൾക്ക് വാപ്പ ഇല്ലെന്നും. ഈ സംസാരിക്കുന്നതിനിടയിൽ മുണ്ടിന്റെ കോന്തലയിൽ നിന്ന് ഒരു കടലാസ് മമ്മൂട്ടിക്ക് നേരെ നീട്ടി. ഒരു സന്തോഷമാണെന്ന് കരുതിയാ മതിയെന്ന് പറഞ്ഞു. അത് കൊടുത്ത് അദ്ദേഹം പോയി. തന്റെ കൈയ്യിൽ കിട്ടിയ ചുക്കിചുളിഞ്ഞ കടലാസിൽ എന്താണെന്ന് നോക്കിയപ്പോൾ ഒരു രണ്ട് രൂപയുടെ നോട്ടായിരുന്നു അത്.
രണ്ട് ജീവനുകളെ ദുനിയാവിലേക്ക് വരാൻ താൻ കാരണക്കാരനായത് ഒരു പുണ്യപ്രവൃത്തിയായി അദ്ദേഹം കരുതി. തന്റെ വേഗതയുള്ള ഡ്രൈവിങ് ഉപകാരപ്പെട്ട നിമിഷമാണ് അതെന്ന് അദ്ദേഹത്തിന് തോന്നി. വേഗം കൂടിയ ഡ്രൈവിങ് എന്നും ഒരു ഹരമായിരുന്നു മമ്മൂട്ടിക്ക്. ഇപ്പോൾ മമ്മൂട്ടി കാർ ഓടിക്കാറില്ല, 74 വയസായല്ലോ. പണ്ടൊക്കെ റാഷായാണ് അദ്ദേഹം വണ്ടി ഓടിച്ചിരുന്നത്. അപൂർവ്വമായി മാത്രമാണ് അദ്ദേഹത്തിന്റെ കാർ അന്നേരം മറ്റൊരാൾ ഓടിച്ചിരുന്നത്. ചെന്നൈയിൽ നിന്നും 8 മണിക്കൂർ കൊണ്ടാണ് അദ്ദേഹം കൊച്ചിയിൽ എത്താറുള്ളത്. എന്തുകൊണ്ടാണ് അദ്ദേഹം വേഗതയെ ഇത്ര ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാൽ വണ്ടിയോടിക്കുമ്പോൾ ഏകാഗ്രത കിട്ടുമെന്ന് അദ്ദേഹം പറയും. മമ്മൂക്ക പറയുന്നത് വണ്ടിയോടിക്കുമ്പോൾ അദ്ദേഹത്തിന് പലതും കിട്ടുമെന്നാണ്. ഒന്ന് നിയന്ത്രിക്കാനുള്ള അധികാരം, വേഗം, കാർ ഓടിക്കുമ്പോഴുള്ള ജാഗ്രത, ആത്മവിശ്വാസം, ദൂരക്കാഴ്ച', ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications