മേജറുടെ ഉപ്പാപ്പ പറഞ്ഞാലും..: പൃഥ്വിരാജിനോട് വിരോധം ഉള്ളപോലെ; മമ്മൂട്ടി അർഹനല്ലാഞ്ഞിട്ടാണോ: ശാന്തിവിള ദിനേശ്
സംവിധായകന്‍ മേജർ രവിക്കെതിരെ വീണ്ടും വിമർശനവുമായി ശാന്തിവിള ദിനേശ്. ദിനവും വിവാദ വാർത്തകള്‍ നല്‍കിയില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയിലാണ് അദ്ദേഹം തോന്നുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഒരു ആവശ്യവും ഇല്ലാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു പട്ടാളക്കാരന്റെ ലെവലിൽ നിന്നിരുന്നെങ്കിൽ അദ്ദേഹത്തെ ആ ബഹുമാനത്തോടെ മലയാളി കാണുമായിരുന്നുവെന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ സെൻസർ സർട്ടിഫിക്കേഷൻ ബോർഡ് സെൻസർ ചെയ്ത് പ്രദർശന അനുമതി നൽകിയ ആട് ജീവിതത്തിന്റെ നായകനെ അത് ചെയ്തുകളയും ഇത് ചെയ്തുകളയും എന്നൊക്കെ പറഞ്ഞ് പരിഹാസ്യനായി മാറുകയാണ് മേജർ രവി. എമ്പുരാന് ശേഷമുള്ള മോജർ രവിയുടെ വർത്തമാനം കണ്ടാല്‍ പൃഥ്വിരാജിനോട് എന്തോ വൈരാഗ്യം വെച്ച് തീർക്കുന്നത് പോലെയാണ് സംസാരിക്കുന്നത്.

എമ്പുരാന്‍ എഴുതിയ മുരളി ഗോപിയോടോ, നായകന്‍ മോഹന്‍ലാലിനോടോ നിർമ്മാതാവിനോടോയൊന്നും ഇല്ലാത്ത പക പൃഥ്വിരാജിനുള്ളത് പോലെയാണ് പെരുമാറ്റം. രാജ്യസ്നേഹം വഴിഞ്ഞ് ഒഴുകിയില്ല എന്നാണ് എമ്പുരാൻ എന്ന സിനിമയിൽ മേജർ കാണുന്ന കുറ്റം. രാജ്യസ്നേഹത്തിനെതിരെ എടുത്ത സിനിമ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് മറുപടി പറയേണ്ടവർ പറഞ്ഞു കഴിഞ്ഞു. മലയാളി തിയേറ്ററിൽ കയറി പടം കണ്ടു. ഒടിടിയിലും ഹിറ്റാണ്. എന്നിട്ടും മേജറുടെ ചൊറിച്ചില്‍ മാറുന്നതേയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇപ്പോള്‍ അദ്ദേഹം എമ്പുരാന്‍ വിട്ട് പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മേജർ അല്ല മേജറുടെ ഉപ്പാപ്പ പറഞ്ഞാലും ആടുജീവിതം എന്ന പൃഥ്വിരാജ് നായകനായ സിനിമ അല്ലെങ്കിൽ ബ്ലസിയുടെ സിനിമ മനോഹരമായ സിനിമയും പൃഥവിരാജ് ഉജ്ജ്വലമായ പ്രകടനവും നടത്തിയതുമായ കലാസൃഷ്ടി തന്നെയാണ്. ഈ സിനിമയൊന്നും കുറച്ചു കാലത്തേക്ക് കേന്ദ്ര അവാർഡിന് അയക്കാതിരിക്കുന്നതാണ് ഭംഗി എന്നും ഞാന്‍ പറയും. ഇതിനൊന്നും ഒന്നും അവർ തരില്ല. അതിന് കാരണങ്ങള്‍ ഒരുപാടുണ്ട്.
ഇത്തരം സിനിമകള്‍ക്ക് പകരം കേരള സ്റ്റോറി പോലുള്ള കൂതറ സിനിമകൾ എടുത്ത് ഗോസായിമാരെ തൃപ്തരാക്കിയാൽ വല്ലതുമൊക്കെ തടയും. കേരളത്തിനെതിരെ നട്ടാല്‍ കുരയ്ക്കാത്ത നുണ പറയുന്ന സിനിമയ്ക്കാണ് അവാർഡ്. നമ്മുടെ മമ്മൂട്ടിക്ക് ഒരു പത്മശ്രീ പുരസ്കാരത്തിന് മാത്രമാണോ അർഹത നിങ്ങൾ ആലോചിച്ചു നോക്കൂ. പത്മശ്രീയെങ്കിലും ഇപ്പോള്‍ ഭരിക്കുന്നവർ വരുന്നതിന് മുമ്പ് കിട്ടിയല്ലോ എന്ന് ആശ്വസിക്കാം. മധുസാറിനേയും ഒരു പത്മശ്രീയില്‍ ഒതുക്കി. കാലുപിടിക്കുന്നവനും അപ്പോള്‍ കാണുന്നവനേയും അപ്പ എന്ന് വിളിക്കുന്നവർക്കൊക്കെ കൊടുക്കുള്ള ഈ രാജ്യസ്നേഹ പുരസ്കാരം.
ആട് ജീവിതത്തിൽ മെലിഞ്ഞെന്നോ താടി വെച്ചെന്നോ പറഞ്ഞ് അവാർഡ് കൊടുക്കാൻ പറ്റില്ല എന്നാണ് മേജറുടെ ഡയലോഗ്. ഇയാൾ എങ്ങനെ സംവിധായകനായി എന്നാണ് ഞാൻ ആലോചിക്കുന്നത്. കൊടുക്കാൻ പറ്റില്ല എന്ന് പറയാൻ ഈ മേജർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയെങ്ങാനും ആണോ. അവാർഡ് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് എടുത്തു കൊടുക്കും പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്.
നമ്മൾ കാണാത്ത പടങ്ങളും ആർട്ടിസ്റ്റുകളും ഇന്ത്യയിൽ വേറെ ഉണ്ടെന്നുള്ള രഹസ്യം മേജർ രവി നമുക്കായി കണ്ടുപിടിച്ചിരിക്കുകയാണ്. അതുകൊണ്ടാണത്രേ നിങ്ങൾക്ക് ഈ ആട് ജീവിതമാണ് മനോഹരമായ സിനിമയായി തോന്നുന്നത്. മലയാളിക്ക് പേരോ പ്രശസ്തിയോ പുരസ്കാരമോ ഒന്നും കിട്ടരുത് എന്ന് വാശിപിടിക്കുന്ന ചില ബോറന്മാരുണ്ട്. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ രാജ്യസ്നേഹം വഴിഞ്ഞൊഴുകുന്ന മേജർ രവിയും നീങ്ങുന്നതെന്നും ശാന്തിവിള ദിനേശ് വീഡിയോയില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications