'ഞാൻ ഷിരൂരിൽ കണ്ട കാര്യമാണ് പറയുന്നത്'; നാട്ടുകാർ പറഞ്ഞത്..സന്തോഷ് പണ്ഡിറ്റ് പറയുന്നു
ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അർജുന്റെ ലോറി കണ്ടെത്തിയിരുന്നു. ഇതിന്റെ കാബിനിൽ അർജുൻ ഉണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
അതിനിടയിൽ ഇപ്പോഴിതാ പ്രദേശം സന്ദർശിച്ച് അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. താൻ കണ്ട കാര്യങ്ങളാണ് പറയുന്നതെന്നാണ് ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'ഞാനിപ്പോൾ കർണാടകയിൽ അംഗോളയ്ക്ക് അടുത്താണ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ദുരന്തം നടന്ന സ്ഥലമൊക്കെ സന്ദർശിച്ചിരുന്നു. പല ആളുകളുമായിട്ട് സംസാരിച്ചു, പൊലീസുകാരോടും സംസാരിച്ചിരുന്നു. എനിക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. ഇത് അനൗദ്യോഗികമാണ് ഞാൻ പറയുന്ന കാര്യം ഔദ്യോഗികമല്ല. ഞാൻ അവിടെ ചെല്ലുന്ന സമയത്താണ് അർജുന്റെ ലോറിയുടെ സൂചന കിട്ടുന്നതും അതിനായുള്ള പരിശോധന നടക്കുന്നതും.

ഇന്നലത്തെ അവസ്ഥ വച്ച് നോക്കിയാൽ വളരെ നല്ല രീതിയിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്, മൂന്നാല് ആംബുലൻസും,ജെസിബിയും ഒക്കെയുണ്ട്. പക്ഷേ കുറച്ചു ദിവസം മുൻപ് ഇങ്ങനെ ആയിരുന്നോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം പല ആളുകളും പല രീതിയിൽ ആണ് പറയുന്നത്. ജെസിബി ഒന്നും അധികം ഉണ്ടായിരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞത്. പക്ഷെ അവിടുത്തെ പോലീസുകാരുമായി സംസാരിച്ചപ്പോൾ അവർ പറയുന്നത് നിങ്ങൾ ഈ ഒരു സ്പോട് മാത്രമാണ് കാണുന്നത്. എന്നാൽ ഇവിടെ മാത്രമല്ല കാർവാർ മുതൽ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. അതൊക്കെ നോക്കേണ്ടതുണ്ട്, അതുകൊണ്ട് ജെസിബി ഇവിടെ മാത്രമാണെന്ന് പറയുന്നതിൽ കാര്യമില്ല എന്നാണ് പറഞ്ഞത്. അതൊരു അനൗദ്യോഗിക പ്രതികരണമായിരുന്നു.
അവിടെയുള്ള നാട്ടുകാരോടൊക്കെ സംസാരിച്ചപ്പോൾ പറഞ്ഞത് ഞങ്ങളൊക്കെ പോയ സ്ഥലത്ത് മണ്ണിനടിയിലാണ് ചായക്കട ഒക്കെ ഉണ്ടായിരുന്നത് എന്നാണ്. ആദ്യം മുതൽ നാട്ടുകാർ പറഞ്ഞിരുന്നത്രേ പുഴയിലായിരിക്കും ഉണ്ടാവുക അല്ലാതെ മണ്ണിനടിയിൽ അല്ല ലോറിയുണ്ടാവുകയെന്ന്. പക്ഷേ ആരൊക്കെയോ അത് വഴിതിരിച്ചു വിട്ടു. കരയിൽ നിന്നും കോരിമാറ്റിയ മണ്ണാണോ പുഴയിൽ ലോറിയുടെ മുകളിൽ വന്നതെന്നും ഒരു സംശയമുണ്ട്. നമ്മൾ കാണാത്തത് കൊണ്ട് കൃത്യമായി ഒന്നും പറയാനാകില്ല. ഓരോരുത്തരും ഓരോ രീതിയിൽ ആണ് പറയുന്നത്.
ഒൻപതോളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ ഒരു ഹോട്ടൽ നടത്തുന്ന ആളെ കുറിച്ച് ഭയങ്കര അഭിപ്രായം പറയുന്നുണ്ട്. ഹോട്ടലുകാരനും ഭാര്യയും രണ്ടുമക്കളും അടക്കം അഞ്ചുപേരോളം അവിടെ മരിച്ചു. അതല്ലാതെ നാലുപേരാണ് അവിടെ മരിച്ചത്.
ആ വീടുകളിൽ ഒന്ന് പോകണമെന്നും പോയി അവർക്കൊക്കെ എന്തെങ്കിലും സഹായം ചെയ്യണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ സാധിച്ചില്ല. ഭാഷാ പ്രശ്നം ഉണ്ടായിരുന്നു. അവരെല്ലാവരും തുളുവിലാണ് സംസാരിച്ചത്.ഞാൻ മനസിലാക്കുന്നത് ഗോവ മംഗലാപുരം ഹൈവേയിൽ ആണ് ഈ സംഭവം നടക്കുന്നത്. ഇപ്പോൾ വേറെ വഴിക്കാണ് വണ്ടി പോകുന്നത്. അവിടെ ശക്തമായ മഴയും കാറ്റുമാണ്. ഇതാണ് സാഹചര്യം.
ഈ പ്രദേശത്തൊക്കെ ഇപ്പോഴും വീടുകൾ ഉണ്ട്. അവിടുത്തെ ആളുകളോടൊക്കെ മാറാൻ പറഞ്ഞിട്ടുണ്ട്. മാറിയിട്ടില്ല.വളരെ പാവപ്പെട്ട ആളുകളാണ് അവിടെ ഉള്ളത്. എന്തായാലും ശുഭകരമായ ഒരു വാർത്ത വരട്ടെ. ഇപ്പോഴത്തെ അവസ്ഥയിൽ പൊലീസും പട്ടാളവുമെല്ലാം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഞാൻ കണ്ട കാര്യമാണ് പറയുന്നത്', സന്തോഷ് പറഞ്ഞു.












Click it and Unblock the Notifications