അഷിഖ് അബുവുമായി പിരിയാന്‍ കാരണം റിമ കല്ലിങ്കലോ? വലിയ തുക തരാനുണ്ട്, പക്ഷെ: സന്തോഷ് ടി കുരുവിള
ആഷിഖ് അബുവുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് പ്രമുഖ സിനിമ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. തന്നെ സിനിമ രംഗത്തേക്ക് കൊണ്ടുവന്ന വ്യക്തിയാണ് ആഷിഖ് അബു. ഡാ.. തടിയാ എന്ന ചിത്രത്തില്‍ ഞങ്ങള്‍ സഹ നിർമ്മാതാക്കളായിരുന്നു. പിന്നീട് ഗ്യാങ്സ്റ്റർ, മായാനദി, മഹേഷിന്റെ പ്രതികാരം, നാരദന്‍ വരെ തുടങ്ങിയ സിനിമകള്‍ ആഷിഖ് അബുവുമായി ചേർന്ന് ചെയ്തെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള.
ഒപിഎം സിനിമാസ് എന്ന കമ്പനി ആഷിഖ് അബുവിനുണ്ട്. ഇപ്പോഴും ആ കമ്പനി സിനിമ എടുക്കുന്നു. നീലവെളിച്ചം എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. പുള്ളി പറഞ്ഞിട്ടാണ് ആ സിനിമയെക്കുറിച്ച് ഞാന്‍ സരിഗമയുമായി സംസാരിക്കുന്നത്. അങ്ങനെ അവരുമായി ഒരു ധാരണയില്‍ എത്താന്‍ എനിക്ക് സാധിച്ചു. പക്ഷെ അവസാനം സരിഗമയ്ക്ക് പകരം പുള്ളിയുടെ ചില സുഹൃത്തുക്കള്‍ നിർമ്മാണ രംഗത്തേക്ക് വന്നു. എന്നെ സംബന്ധിച്ച് അത് ശരിയായിരുന്നില്ല.

ഒരാള്‍ക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അത് പാലിക്കണമെന്ന് നിർബന്ധമുള്ള വ്യക്തിയാണ് ഞാന്‍. ഉദാഹരണത്തിന് ഒരാള്‍ക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞിട്ട്, ഉടനൊന്നും കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ആ ജോലി ഞാന്‍ കൊടുക്കും. അഭിനയിപ്പിക്കാന്‍ എന്ന് പറയുന്ന പലർക്കും അങ്ങനെ വിവിധ ചിത്രങ്ങളില്‍ അവസരം നല്‍കുന്നുണ്ടെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
കൊടുത്ത വാക്ക് പാലിക്കാന്‍ കഴിയാത്തതുകൊണ്ട് ഈ സിനിമയില്‍ നിന്നും ഞാന്‍ പിന്മാറുകയാണെന്ന് ആഷിഖ് അബുവിനെ അറിയിച്ചു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കാര്യത്തിലും ഇങ്ങനെ ഒരു കാര്യം സംഭവിച്ചതാണ്. ആ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഏഷ്യാനെറ്റിന് കൊടുക്കാമെന്ന് അവരുടെ അവാർഡ് ഷോയുടെ സമയത്ത് പറഞ്ഞതാണ്. ആഷിഖിനേയും ഇക്കാര്യം ഞാന്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം റൈറ്റ് കൊടുത്തത് മനോരമയ്ക്കായിരുന്നു.
മനോരമയ്ക്ക് കൊടുത്തതില്‍ പ്രശ്നമുണ്ടെന്നല്ല, പറഞ്ഞതില്‍ നിന്ന് മാറിയതാണ് പ്രശ്നം. പിന്നീട് ആഷിഖിന്റെ സിനിമകള്‍ ഏഷ്യാനെറ്റ് എടുക്കാറുണ്ടായിരുന്നില്ല. ഞാന്‍ പോയിട്ടാണ് ആ വിഷയം പരിഹരിച്ചത്. ആഷിഖ് ചിലപ്പോള്‍ നല്ലതിന് വേണ്ടിയായിരിക്കും അങ്ങനെ ചെയ്തത്. അങ്ങനെ ഞങ്ങള്‍ ആ സഹകരണം നിർത്തുകയായിരുന്നു. റിമ കല്ലിങ്കല്‍ കാരണമാണ് ആഷിഖ് അബുവുമായി പിണങ്ങിയതെന്ന പ്രചരണം ശരിയല്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.
റിമ കല്ലിങ്കല്‍ ഒരിക്കലും എന്നോട് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. എനിക്ക് ആഷിഖുമായി യാതൊരു വിയോജിപ്പുമില്ല. ആഷിഖ് എന്ന സംവിധായകനെ, ടെക്നീഷ്യനെ ഇപ്പോഴും ഞാന്‍ വളരെ അധികം ബഹുമാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് പുള്ളിയാണ്. ആ സ്നേഹവും കടപ്പാടും പുള്ളിയുമായിട്ടുണ്ട്. ഞാന്‍ എന്റെ കമ്പനിയുടെ പേരിലും പുള്ളി പുള്ളിയുടെ കമ്പനിയുടെ പേരിലും സിനിമ എടുക്കുന്നു.
നാളെ ആഷിഖുമായി ചേരുമോ എന്ന് ചോദിച്ചാല്‍ ചേരാതരിക്കേണ്ട കാര്യമൊന്നും ഇല്ല. ആഷിഖുമായി ചെറിയ സാമ്പത്തിക ഇടപാടുണ്ട്. ഇന്നുവരെ അതേക്കുറിച്ച് ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. അത് ബിസിനസ് ആണ്. എനിക്ക് തരാനുള്ളതാണ്. ബിസിനസിലുണ്ടായ ചില പ്രശ്നങ്ങള്‍ കൊണ്ടായിരിക്കാം തരാന്‍ താമസിക്കുന്നതെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications