'സാന്ത്വനം 2 വില്‍ ഞങ്ങളാരുമില്ലെന്ന് 'അഞ്ജലി'... പുതിയ കഥ, പുതിയ ടീം'; അപ്പോള്‍ പ്രൊമോയിലെ ബാലേട്ടനോ?
വളരെ കാലത്തിന് ശേഷം മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സാന്ത്വനം. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ചേര്‍ത്ത് വെച്ചൊരു കഥയായിരുന്നു സാന്ത്വനം പറഞ്ഞത്. രാജീവും ചിപ്പിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പരമ്പര അവസാനിപ്പിച്ചത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ പരമ്പരക്കിടെ മരിച്ചതും സീരിയല്‍ നിര്‍ത്താന്‍ പെട്ടെന്ന് കാരണമായി. അതിനിടെയാണ് സാന്ത്വനം 2 വരുന്നു എന്ന പുതിയ അപ്‌ഡേറ്റ് ഏഷ്യാനെറ്റ് പങ്ക് വെച്ചത്. സാന്ത്വനം ഒന്നാം ഭാഗത്തില്‍ രാജീവ് അവതരിപ്പിച്ച ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സാന്ത്വനം 2 വരുന്നു എന്ന വിവരം പ്രൊമോയിലൂടെ ചാനല്‍ അധികൃതര്‍ അറിയിച്ചത്.

ഇത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. വീണ്ടും ബാലേട്ടനേയും ദേവേടത്തിയേയും ഹരിയേയും അപ്പുവിനേയും ശിവനേയും അഞ്ജലിയേയും കണ്ണനേയും കാണാനുള്ള പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. കണ്ണന്റെ വിവാഹത്തിന് എല്ലാവരും ഒത്തുകൂടുന്നതും അതിനോട് അനുബന്ധിച്ചുള്ള കഥകളുമായിരിക്കും സാന്ത്വനം 2 വിന്റെ ഇതിവൃത്തം എന്നും എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പ്രവചിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രേക്ഷകരെ എല്ലാവരേയും നിരാശപ്പെടുത്തുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാന്ത്വനത്തില്‍ അഞ്ജലിയുടെ കഥാപാത്രം അവതരിപ്പിച്ച ഗോപിക നടത്തിയിരിക്കുന്നത്. സാന്ത്വനം 2 വില്‍ തങ്ങളാരുമില്ലെന്നും അത് പുതിയ കഥയും പുതിയ ടീമും ആണ് എന്നാണ് ഗോപിക പറയുന്നത്. ഒരു പരിപാടിക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍.
സാന്ത്വനം 2 വിന്റെ പ്രൊമോ ലോഞ്ച് ഇറങ്ങിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗോപികയുടെ മറുപടി. സാന്ത്വനം 2 വില്‍ ഞങ്ങളാരുമില്ല എന്നാണ് ഗോപിക പറയുന്നത്. 'പുതിയ കഥ, പുതിയ ആര്‍ട്ടിസ്റ്റുകള്‍. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ അങ്ങനെയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ കഥയായിട്ടാണ് അവര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രൊമോയില്‍ രാജീവേട്ടന്‍ (ബാലേട്ടന്‍) ഉണ്ടായിരുന്നു.
പ്രൊമോ ഷൂട്ടില്‍ രാജീവേട്ടന്‍ ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ ചേട്ടന്‍ സീരിയലില്‍ ഉണ്ടാകില്ല. പുതിയ ടീമാണ് സാന്ത്വനം 2 ചെയ്യുന്നത്. അവര്‍ നന്നായി ചെയ്യുമായിരിക്കും,' എന്നാണ് ഗോപിക പറയുന്നത്. സീരിയലിലെ നെഗറ്റീവ് ഷേഡുള്ള ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്‌സര നിലവില്‍ ബിഗ് ബോസ് സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയാണ്. ഗോപിക, ഗോവിന്ദ് പത്മസൂര്യയെ വിവാഹം കഴിച്ചിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ.
അതിനിടെ സീരിയല്‍ അവസാനിച്ച ശേഷം താരങ്ങളെല്ലാവരും ഒന്നിച്ച് ചേരുകയും ചെയ്തിരുന്നു. അതേസമയം സിനിമ ആയാലും സീരിയല്‍ ആയാലും രണ്ടാം ഭാഗം വിജയിക്കാന്‍ ബുദ്ധിമുട്ടാവണം എന്നും പഴയ ആളുകള്‍ തന്നെ ഉണ്ടാവണം എന്നും പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications