ബ്രാഡ് പിറ്റും റോബര്‍ട്ട് ഡി നീറോയും പിന്നില്‍, ലോകത്തിലെ ഏറ്റവും ധനികരായ നടന്‍മാരില്‍ ഷാരൂഖ് നാലാമത്!
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനാണ് ഷാരൂഖ് ഖാന്‍. 2023 ല്‍ പുറത്തിറങ്ങിയ തന്റെ മൂന്ന് ചിത്രങ്ങളും ബോക്‌സോഫീസില്‍ ഹിറ്റാക്കിയ താരം ഇപ്പോഴും തന്റെ താരപദവിക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിച്ചിരുന്നു. ഷാരൂഖ് ഖാന്‍ വെറുമൊരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ താരപദവി ഒരു വികാരമാണ്. പ്രായം 60 നോട് അടുക്കുമ്പോഴും 30 കാരന്റെ ശരീരം നിലനിര്‍ത്താന്‍ താരത്തിനാകുന്നുണ്ട്.
അടുത്തിടെ താരം തന്റെ ഐക്കോണിക് ബംഗ്ലാവായ മന്നത്ത് ഒഴിഞ്ഞിരുന്നു. കോടികള്‍ ചെലവിട്ട് നടത്തുന്ന അറ്റകുറ്റപ്പണികള്‍ കാരണമായിരുന്നു ഇത്. വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഷാരൂഖ് ഖാന്‍ സിനിമകള്‍ റിലീസിന് എത്തുന്നത് എങ്കിലും പ്രതിഫലത്തിലും സമ്പത്തിലും ബോളിവുഡിലെ ഒന്നാമനാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ ബോളിവുഡും പിന്നിട്ട് കുതിക്കുകയാണ് താരത്തിന്റെ ആസ്തി കണക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എസ്‌ക്വയര്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഈ പട്ടികയില്‍ ലോകത്ത് തന്നെ നാലാമതാണ് ഷാരൂഖ് ഖാന്‍. തന്റെ സമാനതകളില്ലാത്ത ജനപ്രീതി, ബിസിനസ് മിടുക്ക്, ആഗോള ആകര്‍ഷണം എന്നിവ കൊണ്ടാണ് നിരവധി ഹോളിവുഡ് പവര്‍ഹൗസുകളെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എത്തിയത്.
2025 ലെ ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയില്‍ ഇടം നേടിയ ഏക ബോളിവുഡ് താരവും ഷാരൂഖ് ഖാനാണ്. ബ്രാഡ് പിറ്റ്, ജോര്‍ജ്ജ് ക്ലൂണി, റോബര്‍ട്ട് ഡി നീറോ തുടങ്ങിയ ഹോളിവുഡ് റോയല്‍റ്റികളെ മറികടന്നാണ് ഷാരൂഖ് ഖാന്റെ നേട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്റെ ആസ്തിയില്‍ 46% വര്‍ധനവുണ്ടായി. 2025 ലെ കണക്കനുസരിച്ച് ഷാരൂഖിന്റെ ആസ്തി 876.5 മില്യണ്‍ ഡോളറാണ്, അതായത് 7438 കോടി രൂപ!
2020 ല്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 600 മില്യണ്‍ ഡോളറായിരുന്നു, അതായത് 5000 കോടി രൂപ. ഇതില്‍ നിന്നും വലിയ വളര്‍ച്ചയാണ് അഞ്ച് വര്‍ഷം കൊണ്ട് ഷാരൂഖിന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി പ്രധാനമായും അദ്ദേഹത്തിന്റെ സിനിമകള്‍, വിവിധ സംരംഭക സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നാണ്. 2023 ല്‍, പത്താന്‍, ജവാന്‍ എന്നീ സിനിമകളിലൂടെ ഷാരൂഖ് ഖാന്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്.
ലോകമെമ്പാടും 2000 കോടി രൂപയാണ് ഈ ചിത്രങ്ങള്‍ സമാഹരിച്ചു. അദ്ദേഹത്തിന്റെ ആസ്തിയുടെ നല്ലൊരു പങ്കും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ്, ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളില്‍ നിന്നാണ്. ചില ആഡംബര ബ്രാന്‍ഡുകളുടെ മുഖമായും അദ്ദേഹം മാറിയിരിക്കുന്നു. ജോര്‍ജ്ജ് ക്ലൂണിയുടെ 742.8 മില്യണ്‍ ഡോളറിനെക്കാള്‍ 16% അധികമാണ് ഷാരൂഖിന്റെ ആസ്തി.
2025 ലെ ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ടോം ക്രൂസ് മൂന്നാം സ്ഥാനത്തും (891 മില്യണ്‍ ഡോളര്‍), ഡ്വെയ്ന്‍ 'ദി റോക്ക്' ജോണ്‍സണ്‍ രണ്ടാം സ്ഥാനത്തും (1.19 ബില്യണ്‍ ഡോളര്‍), അര്‍നോള്‍ഡ് ഷ്വെന്‍സൈഗര്‍ (1.49 ബില്യണ്‍ ഡോളര്‍) ഒന്നാം സ്ഥാനത്തുമാണ്. 1989 ല്‍ ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്ത ഫൗജി എന്ന ടിവി പരമ്പരയിലൂടെയാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ യാത്ര ആരംഭിച്ചത്.
അവിടെ നിന്ന് അദ്ദേഹം പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായി. ബാസിഗര്‍, ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാ ഹേ, വീര്‍-സാര, കഭി അല്‍വിദ നാ കെഹ്ന, ജബ് തക് ഹേ ജാന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഷാരൂഖ് താരപദവിയിലേക്ക് ഉയരുകയായിരുന്നു.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 2023-ല്‍ പുറത്തിറങ്ങിയ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. സുജോയ് ഘോഷിന്റെ കിംഗിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.












Click it and Unblock the Notifications