'ഷെയിൻ നിഗത്തിന്റെ പ്രധാന പ്രശ്നം ഇതായിരുന്നു...ഞാൻ ഇടപെട്ടത് ആ നടൻ പറഞ്ഞതോടെ'; ഇടവേള ബാബു
കൊച്ചി: യുവതാരമായ ഷെയിൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും വിഷയത്തിൽ താരസംഘടനയായ അമ്മയുടെ ഇടപടെലിനെ കുറിച്ചും പ്രതികരിച്ച് നടൻ ഇടവേള ബാബു. വളരെ തെറ്റിധരിക്കപ്പെട്ട പയ്യനാണ് ഷെയിൻ എന്നും അന്നത്തെ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചതിന് കാരണം നടൻ ബാബുരാജ് ആണെന്നും ഇടവേള ബാബു പറഞ്ഞു. കാൻ മീഡിയ ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. വായിക്കാം
'ഷെയ്നോടുള്ള അടുപ്പം അബിയോടുള്ള അടുപ്പമാണ്, ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ന്‍ നിഗം. പുതിയ തലമുറയ്ക്ക് ഇല്ലാത്ത ഒരു കാര്യമാണ് ഷെയ്നിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം, അനുഭവങ്ങള്‍ ഇല്ലാത്തതാണ് വലിയ പ്രശ്നം.

നമുക്ക് ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളും മറ്റുള്ളവരുടെ വേദനകള്‍ അറിയാനുള്ള അവസരങ്ങളും ഉണ്ടായാല്‍ നമ്മള്‍ ഏത് കാര്യം പറയുമ്പോഴും ഒരുമിനിറ്റ് ചിന്തിക്കും, അത് പറയണോ, സെറ്റില്‍ നമ്മുക്ക് പല പ്രശ്നങ്ങളും ഉണ്ടാകും, അലോസരപ്പെടുത്തുന്ന പല വിഷയങ്ങളും ഉണ്ടാകും, പക്ഷേ നമ്മൾ അത് പറഞ്ഞാൽ എത്രമാത്രം ആളുകളെ വേദനിപ്പിക്കും എന്ന് ചിന്തിച്ചാൽ നമ്മുക്ക് അത് ഒഴിവാക്കാനാകും.
ഷെയ്ന്റെ കാര്യത്തില്‍ അവന്‍ മനസില്‍ വിചാരിക്കുന്നതല്ല സംസാരിക്കുമ്പോൾ പുറത്തേക്ക് വരുന്നത്. ഷെയ്ന്‍ ഒരു പ്രശ്നത്തിന്റെ ഇടയിലാണ് 'അമ്മ'യിലേക്ക് വരുന്നതും. അത് സോള്‍വ് ചെയ്ത് വന്നപ്പോഴാണ് അടുത്തതായി, അത് സോൾവ് ചെയ്ത് വന്നപ്പോൾ അടുത്തത് അങ്ങനെ എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിര്‍ത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എടുത്ത തീരുമാനം ഇനി ഷെയ്ൻ വേണ്ടെന്നാണ്.
ബാബുരാജ് ആണ് എന്നോട് പറഞ്ഞത്, ഒരു പയ്യൻറെ ഭാവിയാണെന്ന്. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത രീതിയില്‍ ഒരു സംഘടന നടനെ ഏറ്റെടുക്കുകയായിരുന്നു. ആറ് മാസത്തേക്ക് ഷെയ്നിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം വേണമെന്ന് നിർമാതാക്കൾ പറഞ്ഞു. അങ്ങനെ ഞാൻ നോക്കിക്കോളാം എന്ന് ഉറപ്പ് നൽകി.
കൃത്യമായി ഒരു ഗൈഡ്‌ലൈന്‍ കിട്ടാത്തതാണ് ഷൈനിന്റെ പ്രശ്നം. ഗൈഡ് ലൈൻ കൊടുത്തപ്പോള്‍ ശരിയായി. എനിക്ക് വലിയ പ്രതീക്ഷയുള്ള നടനാണ് അവൻ. മറ്റു ഭാഷകളില്‍ നിന്ന് വരെ ഷെയ്നിന്റെ ഡേറ്റ് ചോദിച്ച് എന്നെ വിളിക്കുന്നുണ്ട്. കഥ സെലക്ഷന്റെ കാര്യത്തിലും അവന് നല്ല സെൻസാണ്. ഷെയിന്റെ മാത്രമല്ല അവനെ പോലെ മറ്റുള്ളവരുടെ കാര്യത്തിലും ഇടപെട്ടിട്ടുണ്ട്', ഇടവേള ബാബു പറഞ്ഞു.












Click it and Unblock the Notifications