ആസിഫ് അലി, ടൊവിനോ, പെപ്പെ; നടന്‍മാർക്കെതിരെ ശീലു ഏബ്രഹാം: ഒടുവില്‍ എയറില്‍, മറുചോദ്യങ്ങള്‍
സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഇല്ലെങ്കിലും ഇത്തവണ ഓണം റിലീസുകളായി പ്രതീക്ഷ നല്‍കുന്ന ഒട്ടനവധി ചിത്രങ്ങളാണ് എത്തുന്നത്. ടൊവിനോ ത്രിബിള്‍ റോളില്‍ എത്തുന്ന 'അജയന്‍റെ രണ്ടാം മോഷണം', ആന്‍റണി വര്‍ഗീസിന്റെ 'കൊണ്ടല്‍', ആസിഫ് അലിയുടെ സസ്പെന്‍സ്-മിസ്‌റ്ററി ചിത്രം കിഷ്‌കിന്ധാ കാണ്ഡം എന്നിവയോടൊപ്പം ബാഡ് ബോയ്‌സ്, കുമ്മാട്ടിക്കളി, ഗ്യാങ്ങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് ഇത്തവണത്തെ ഓണചിത്രങ്ങള്‍.
തങ്ങളുടെ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ്, ആസിഫ് ആലി,ആന്റണി വർഗീസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് മൂന്ന് പേരേയും വിമർശിച്ച് നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്ത് വരുന്നത്.

ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം ഒന്നിച്ചെത്തി പ്രമോട്ട് ചെയ്യുകയും മറുവശത്ത് മറ്റ് സിനിമകളെ അവഗണിച്ചെന്നുമാണ് ശീലു എബ്രഹാം ആരോപിക്കുന്നത്. സിനിമയിലെ 'പവർ ഗ്രൂപ്പു'കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും അവർ ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.
'പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...'പവർ ഗ്രൂപ്പുകൾ' പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്' ശീലു ഫേസ്ബുക്കില്‍ കുറിച്ചു.
ഞങ്ങളുടെ 'ബാഡ് ബോയ്സും' പിന്നെ 'കമ്മാട്ടിക്കളി'യും, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും' നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെയേന്നും അവർ കുറിച്ചു.
ശീലു എബ്രഹാമിന്റെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് ബാഡ് ബോയ്‌സിന്റെ സംവിധായകനായ ഒമര്‍ ലുലുവും എത്തി. 'ആസിഫ്, ടൊവിനോ, പെപ്പെ ..നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്?' എന്നാണ് അദ്ദേഹം ചോദിക്കുന്നു. ശീലു ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവിസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബാഡ് ബോയ്സ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ താരം അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ശീലു എബ്രഹാമിന്റെ വിമർശനത്തിനുള്ള ചില മറുപടികളും കമന്റ് ബോക്സില്‍ കാണാം. 'എല്ലാവരും അവരവരുടെ രീതിയിൽ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഇവർ സിനിമയിൽ സുഹൃത്തുക്കൾ ആയതു കുശുമ്പും പുന്നായ്മയും ഇല്ലാതെ പരസ്പരം പ്രോത്സാഹിപ്പിച്ചു കൊണ്ട് സിനിമകൾ പ്രൊമോട്ട് ചെയ്യുന്നു. അതിനെ അഭിനന്ദിക്കണം. സിനിമകൾ നല്ലതാണെങ്കിൽ എല്ലാ സിനിമകൾ വിജയിക്കും. ' എന്നാണ് സിബിന്‍ ജോസ് എന്നയാള്‍ പ്രതികരിച്ചത്.
'അവർ അഭിനയിച്ച പടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പ്രൊമോഷൻ ചെയ്യുന്നു, അതിനപ്പുറം എന്ത് പവർ ഗ്രൂപ്പ്. വിവാദമുണ്ടാക്കി നമ്മുടെ പടത്തിന് പ്രൊമോഷൻ ഉണ്ടാക്കാനുള്ള സൈക്കളോജിക്കൽ മൂവ്വ്.ഏതായാലും ചേച്ചിയുടെ പടമടക്കം ഓണത്തിനിറങ്ങുന്ന എല്ലാം പടങ്ങൾക്കും ആശംസകൾ'- എന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു.
നിങ്ങളുടെ സിനിമകൾക്ക് ഒപ്പം ഇറങ്ങിയ മറ്റ് എത്ര സിനിമകൾക്ക് നിങ്ങൾ പ്രമോഷൻ കൊടുത്തിട്ടുണ്ട്.?
നിങ്ങളുടെ സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ കാണും അവരുടെ സിനിമകളും അങ്ങനെ തന്നെ. അവർ ഇങ്ങനെ ഒരു പ്രൊമോഷൻ വിഡിയോ ചെയ്തിരുന്നില്ല എങ്കിൽ നിങ്ങൾ അവരുടെ സിനിമകളെ കൂടി ചേർത്ത് ഒരു പ്രൊമോഷൻ വിഡിയോ ചെയ്യുമായിരുന്നോയെന്നാണ് പ്രജീഷ് എന്നയാള്‍ ചോദിക്കുന്നത്.
'ബാഡ്ബോയ്സിൻ്റെ പ്രീ ബുക്കിംഗ് കണ്ട് പേടിച്ച് കാണും ഇവർ അതാണ് ലാസ്റ്റ് മിനിറ്റിൽ ഇങ്ങനെ പ്രൊമോഷൻ ഒക്കെ. ഇവരുടെ സിനിമ ഇറങ്ങുന്നുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് തന്നെ' എന്ന സർക്കാസം കമന്റും കൂട്ടത്തിലുണ്ട്. അതേസമയം തന്നെ 'കുറ്റപ്പെടുത്തുന്നവർക്ക് കുറ്റപ്പെടുത്താം ..പക്ഷെ അവഗണിക്കപ്പെടുന്നവർക്കേ അതിന്റെ വേദന അറിയൂ' എന്നാണ് ഈ കമന്റുകളോട് ശീലു അബ്രഹാം പ്രതികരിക്കുന്നത്.












Click it and Unblock the Notifications