'ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, ഉപദേശിച്ചിട്ടുണ്ട്.. പക്ഷെ,' പിന്തുണ അഭ്യര്‍ത്ഥിച്ച് ആസിഫ് അലി
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ആസിഫ് അലി. ഷൈനിനും കുടുംബത്തിനും ഇപ്പോള്‍ വേണ്ടത് നമ്മളുടെ പിന്തുണയാണ് എന്ന് ആസിഫ് അലി പറഞ്ഞു. ഇന്നലെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചിരുന്നു.
ഷൈനിന് കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഷൈനിനെ പിന്തുണച്ച് ആസിഫ് അലി രംഗത്തെത്തിയത്. 'ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മള്‍ ചിരിച്ചിട്ടുണ്ട്. ദേഷ്യം പിടിച്ചിട്ടുണ്ട്, ഉപദേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇനിയങ്ങോട്ട് ഷൈനിന് നമ്മുടെയെല്ലാം പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണ്,' ആസിഫ് അലി പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ സ്വഭാവവും ട്രെന്‍ഡും സംഭവിക്കുന്ന കാര്യങ്ങളും എല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ എന്നും നിങ്ങളുടെ എല്ലാം പിന്തുണ വളരെ ശക്തമായി ആ കുടുംബത്തിന് മുന്നോട്ട് പോകാന്‍ ആവശ്യമുണ്ട് എന്നും ആസിഫ് ചൂണ്ടിക്കാട്ടി. അതിനിടെ ഷൈന്‍ ടോം ചാക്കോയെ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
ഷൈനിന് സംഭവിച്ചിരിക്കുന്ന പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. ഷൈനിന്റെ പിതാവ് ചാക്കോയുടെ പൊതുദര്‍ശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ മുണ്ടൂരിലെ വസതിയില്‍ നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂര്‍ മുണ്ടൂര്‍ കര്‍മലന്‍ പള്ളിയിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ 6.10 ന് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍ വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു എന്നാണ് വിവരം. ഷൈനിനേയും ചാക്കോയേയും കൂടാതെ അമ്മയും സഹോദരനും ഡ്രൈവറും കാറിലുണ്ടായിരുന്നു.
ഇവര്‍ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബെംഗളൂരുവില്‍ ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. രാവിലെ ഏഴു മണിയോടെ സേലം - ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ച്‌പേരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. ഷൈന്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. സഹോദരന്‍ ആയിരുന്നു ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ ഇരുന്നത്. ഷൈനിന്റെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പെണ്‍മക്കള്‍ എത്തുന്നതിന് വേണ്ടിയാണ് സംസ്‌കാരം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.












Click it and Unblock the Notifications