തനുവുമായി എങ്ങനെ പ്രണയത്തിലായി?; ഒടുവിൽ തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഫോട്ടോ നടൻ ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുതൽ അദ്ദേഹം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ അഭ്യൂഹങ്ങൾ ശരിവെച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഇതേ പെൺകുട്ടിയുമായി ഷൈൻ പൊതുവേദിയിലെത്തി. പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനായിരുന്നു ഇരുവരും കൈകോർത്ത് പിടിച്ച് കയറി വന്നത്.
ഇതോടെ ആരാണ് പെൺകുട്ടിയെന്ന ചോദ്യവുമായി മാധ്യമങ്ങളും ആരാധകരുമെല്ലാം ചുറ്റും കൂടി. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്നായിരുന്നു ഷൈൻ നൽകിയ മറുപടി. തനു എന്നാണ് പേരെന്ന് പറയുകയും ചെയ്തു. വീഡിയോ ലോഞ്ചിനിടയിൽ തനുവിനൊപ്പമുള്ള പല ഫോട്ടോകളും ഷൈൻ തുടർന്നും സോഷ്യൽ മീഡിയയിൽ പങ്കിട്ടെങ്കിലും തനുവിനെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് തുറന്നുപറയുകയാണ് ഷൈൻ . വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എത്രകാലമായി പ്രണയത്തിലായിട്ടെന്ന് ചോദ്യത്തിന് പത്ത് ഇരുപത്തി അഞ്ച് വർഷത്തെ ബന്ധമാണ്. എന്തേ കുഴപ്പമുണ്ടോയെന്നായിരുന്നു ഷൈനിന്റെ മറുപടി. കുറച്ചായിട്ടേ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതുമൊക്കെ വലിയ കഥയാണ്. ലവ് സ്റ്റോറി എന്ന് പറഞ്ഞാൽ എന്താണ്. തുടക്കത്തിൽ അല്ലല്ലോ ലവ് സ്റ്റോറി ഉണ്ടാകേണ്ടത്. അത് എത്ര വർഷം പോകുന്നു എങ്ങനെ പോകുന്നു എവിടം വരെ പോകുന്നു എന്നത് അനുസരിച്ചല്ലേ', ഷൈൻ ടോം ചോദിച്ചു
'ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. മെസേജ് അയച്ചു. ഞാനാണ് മെസേജ് ചെയ്തത്. പ്രപ്പോസ് ചെയ്തിട്ടൊന്നും ഇല്ല. കൂടെ കൂടി. ഒരാൾ തീരുമാനിച്ചാലൊന്നും കൂടെ കൂടാനാകില്ലല്ലോ, രണ്ട് പേരും തീരുമാനിക്കുമ്പോഴാണല്ലോ കൂടെ കൂടുന്നത്.അങ്ങനെയല്ലേ രണ്ട് പേർ തമ്മിൽ പാട്ണർഷിപ്പിൽ പോകുന്നത്.', ഷൈൻ പറഞ്ഞു.
ജീവിതത്തിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്ന ചോദ്യത്തിന് അതിന് ഞാൻ അല്ലല്ലോ അവൾ അല്ലേ മറുപടി പറയേണ്ടത് എന്നായിരുന്നു ഷെയ്ൻ മറുപടി നൽകിയത്. പതിവ് പോലെ തന്നെ വ്യക്തമല്ലാത്ത ഉത്തരങ്ങൾ ഷൈനിൽ നിന്ന് ലഭിച്ചതോടെ അവതാരക പ്രണയത്തെ കുറിച്ചുള്ള ചോദ്യം അവസാനിപ്പിച്ചു. എന്തായാലും തനുവും ഷൈനും ഒരുമിച്ച് എത്തി തങ്ങളുടെ പ്രണയകഥ തുറന്ന് പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications