ശോഭനയ്ക്കും ഉണ്ടായി ദുരനുഭവം;'അഭിനയിക്കുന്നതിനിടെ ഷാൾ നിർബന്ധപൂർവ്വം എടുത്ത് മാറ്റി', സംഭവിച്ചത് ഇതാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി താരങ്ങൾ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ മുതിർന്ന താരങ്ങളും ഉൾപ്പെടുന്നു. നടി ഉർവശിയും തനിക്ക് സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി തുറന്നുപറഞ്ഞിരുന്നു.
'സ്ഥാപിതതാല്‍പര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ റിപ്പീറ്റ് ചെയ്ത് ടേക്കെടുക്കും, എടുത്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട് .മണ്‍മറഞ്ഞുപോയവരാണ് അങ്ങിനെ ചെയ്തത്, അവരുടെ കുടുംബത്തെ ഇനി വേദനിപ്പിക്കേണ്ടതില്ലല്ലോ. കതികില്‍ മുട്ടിയിട്ടില്ല, മുട്ടിയാൽ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അറിയാം, അതുകൊണ്ട് എന്നോട് ചെയ്തിട്ടില്ല', എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ.

ഇപ്പോഴിതാ സിനിമയിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മുൻപ് നടി ശോഭന പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്. സിനിമാ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് തനിക്ക് സിനിമയിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ആദ്യമായി താരം തുറന്ന് പറഞ്ഞത്. തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോയപ്പോഴായിരുന്നു ഇത്.
താരം ദുപ്പട്ട ധരിച്ചു നിന്ന സമയത്ത് ആ ദുപ്പട്ട നിരബന്ധപൂർവം എടുത്തു മാറ്റുകയായിരുന്നുവെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും അവർ പറഞ്ഞു. സംഭവം തന്നെ സംബന്ധിച്ച് വലിയ ഷോക്കായിരുന്നുവെന്നും നടി പറഞ്ഞു. .
ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന്, ആ ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു എന്നും ശോഭന പറഞ്ഞു. ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാൻ സാധിക്കുമോയെന്നും അവർ തിരിച്ചുചോദിച്ചു. 'അമ്മാ, ഈ ദുപ്പട്ടയൊന്നും വേണ്ടാ' എന്ന് ഒരു സ്ത്രീയാണ് പറഞ്ഞത്. അതുകൊണ്ട് ആ വിഷയം ആ സമയത്ത് ലഘൂകരിക്കപ്പെട്ടു പോയി', താരം വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ മേഖലയിൽ വിവാദങ്ങൾ ചൂട് പിടിക്കുകയാണ്. നടൻമാർക്കെതിരെ പരസ്യമായി ആരോപണം ഉയർത്തിയ സ്ത്രീകൾ പലരും നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. അമ്മയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ധിഖിനെതിരെ നടി നൽകിയ ലൈംഗികാരോപണ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ മൊഴിയും രേഖപ്പെടുത്തി. നടൻ മുകേഷ്, ഇടവേള ബാബു, ബാബുരാജ് , ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരേയും പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications