''ഫോട്ടോയെടുക്കുന്നതിനിടെ ഒരു സ്ത്രീ എന്റെ പിന്‍ഭാഗത്ത് ഞെരിച്ചമര്‍ത്തി''; ദുരനുഭവം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിന് അപ്പുറത്തേക്ക് തന്റെ കഴിവും പരിശ്രമവും കൊണ്ട് രാജ്യമാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍, മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖര്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളില്‍ പങ്കെടുക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വലിയ ജനക്കൂട്ടമാണ് എത്തുന്നത്. ദുല്‍ഖറിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ താന്‍ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയുമായുള്ള സംസാരത്തിനിടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രായമായ ഒരു സ്ത്രീ ഒരിക്കല്‍ അനുചിതമായി തന്റെ പിന്‍ഭാഗത്ത് അമര്‍ത്തി പിടിച്ചെന്നും തനിക്ക് നന്നായി വേദനിച്ചെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നും ദുല്‍ഖര്‍ തുറന്ന് പറഞ്ഞു.
''പ്രായമായ ഒരു സ്ത്രീ, ചിത്രമെടുക്കുന്നതിനിടയില്‍, എന്റെ കവിളില്‍ ചുംബിച്ചു. അതൊരിക്കലും ഉചിതമല്ല. പക്ഷെ ഞാന്‍ അവിടെ നോക്കുക പോലും ചെയ്യാതെ ചിത്രത്തിന് പോസ് ചെയ്യുകയാണ്. ഇത്തരം അപ്രതീക്ഷിത നീക്കങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും,' ദുല്‍ഖര്‍ പറഞ്ഞു.
''മറ്റൊരിക്കല്‍ പ്രായമായ വേറൊരു സ്ത്രീ എന്റെ പിന്‍ഭാഗത്ത് പിടിച്ചമര്‍ത്തി. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷെ അത് വളരെ വിചിത്രമായിരുന്നു. എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. അത് സാധാരണ ഒരു പിടിത്തമായിരുന്നില്ല. വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. അത് നല്ല പ്രായമുള്ള സ്ത്രീയായിരുന്നു. എന്താണ് അതിനര്‍ത്ഥമെന്നുപോലും എനിക്കറിയില്ല,' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്റെ മനസിലൂടെ കടന്നുപോകുന്ന ചിന്തകളും ദുല്‍ഖര്‍ സല്‍മാന്‍ പങ്ക് വെച്ചു. പലപ്പോഴും ആളുകള്‍ക്ക് എവിടെ കൈവെക്കണമെന്ന് അറിയില്ലെന്നും ചിലപ്പോള്‍ അത് നിങ്ങളുടെ പുറകിലായിരിക്കും എന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രങ്ങളില്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന ആശ്ചര്യം എനിക്കുണ്ടായിരുന്നു. അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ല,' ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. താന്‍ കടന്ന് പോകുന്ന വേദന മാത്രമായിരിക്കും അപ്പോള്‍ മനസിലുണ്ടായിരിക്കുക എന്നും താരം പറഞ്ഞു.












Click it and Unblock the Notifications