'പ്രേംനസീര്‍ അതെടുത്ത് വായിലേക്ക് ഒഴിച്ച് തന്നു'.. പിന്നെ സംഭവിച്ചത് ഇതാണ്; ശബ്ദം പോയതിനെ കുറിച്ച് കലാരഞ്ജിനി
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കലാരഞ്ജിനി. സഹോദരിമാരായ കല്‍പ്പന, ഉര്‍വശി എന്നിവരെ പോലെ സജീവമല്ലെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ കലാരഞ്ജിനി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, നന്ദനം, ഹൗ ഓള്‍ ആര്‍ യു എന്നീ ചിത്രങ്ങള്‍ അതിനുദാഹരണമാണ്. ഇപ്പോഴിതാ ചെറിയ ഇടവേളക്ക് ശേഷം ഭരതനാട്യം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് കലാരഞ്ജിനി.
മാത്രമല്ല സ്വന്തമായി ഡബ് ചെയ്ത് അഭിനയിക്കുന്ന എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പൊതുവെ അടഞ്ഞ ശബ്ദമുള്ള കലാരഞ്ജിനിയുടെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരാണ് ഡബ് ചെയ്യാറുള്ളത്. ഹൗ ഓള്‍ഡ് ആര്‍ യു മാത്രമാണ് ഇതിനൊരപവാദം. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ ശബ്ദം ഇങ്ങനെയായത് എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് കലാരഞ്ജിനി. മനോരമ ഓണ്‍ലൈനിനോടാണ് താരത്തിന്റെ പ്രതികരണം.

ആളുകള്‍ വിചാരിക്കുന്നത് പോലെ ഒരുപാട് സ്‌ട്രെയിന്‍ എടുത്തല്ല താന്‍ സംസാരിക്കുന്നത് എന്നും ഇത് തന്റെ സ്വാഭാവിക ശബ്ദമാണ് എന്നും കലാരഞ്ജിനി പറയുന്നു. ഒരിക്കല്‍ പ്രേംനസീറിന്റെ നായികയായി അഭിനയിക്കുന്ന സിനിമയില്‍ വെച്ചാണ്‍ തന്റെ ശബ്ദത്തിന് ഇങ്ങനൊരു മാറ്റം സംഭവിച്ചത് എന്ന് കലാരഞ്ജിനി പറയുന്നു. ആ സംഭവത്തെ കുറിച്ച് കലാരഞ്ജിനി പറയുന്നത് ഇങ്ങനെയാണ്...
' വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്. പ്രേം നസീര്‍ സാറിന്റെ ജോഡിയായിട്ട് അഭിനയിക്കുകയായിരുന്നു. അന്നൊക്കെ റെഡ് കളര്‍ പൗഡറില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്തിട്ടാണ് ദേഹത്ത് മുറിവ് പറ്റിയാലുള്ള ബ്ലഡ് ഒക്കെ കാണിക്കുന്നത്. വൊമിറ്റ് ചെയ്യുമ്പോള്‍ ബ്ലഡ് വരുന്നത് കാണിക്കുന്നതും അങ്ങനെയാണ്. ഈ മേക്കപ്പ്മാന്‍, അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും ചെയ്യില്ല. പക്ഷെ അറിയാതെ എന്തോ അസറ്റോണ്ഡ മിക്‌സ് ചെയ്തു.
ഞാന്‍ വെള്ള സാരിയാണ് ഉടുത്തത്. അപ്പോള്‍ ഞാന്‍ വായിലൊഴിക്കുമ്പോള്‍ ദേഹത്തൊന്നും ആകേണ്ട എന്ന് കരുതി നസീര്‍ സാര്‍ ഒഴിച്ച് തരാം എന്ന് പറഞ്ഞു. അദ്ദേഹം എന്റെ വായിലേക്ക് ഒഴിച്ചത് മാത്രമാണ് എനിക്ക് ഓര്‍മയുള്ളത്. വായൊക്കെ ഇങ്ങനെ വല്ലാത്ത പോലെ ആയി. തുപ്പാനൊക്കെ പറയുന്നുണ്ട്. ഞാന്‍ തുപ്പാം എന്നും പറയുന്നുണ്ട്. പക്ഷേ എന്റെ സെന്‍സ് പോയി. അങ്ങനെ ആ ശ്വാസനാളം ഡ്രൈ ആയി.
അതിന് ശേഷം എനിക്ക് എന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുന്നത് ശബ്ദത്തിനാണ്. അങ്ങനെയാണ് ശബ്ദം പോയത്. കുറേ ശരിയാക്കാനൊക്കെ നോക്കി. പിന്നെ അങ്ങനെ പോട്ടെ എന്നു കരുതി', കലാരഞ്ജിനി പറയുന്നത്.












Click it and Unblock the Notifications