പ്ലാസ്റ്റിക് സര്‍ജറിക്കായി ഉപയോഗിച്ചത് നിരോധിത മരുന്ന്..!! നടി സില്‍വിന ലൂണ അന്തരിച്ചു
ബ്യൂണസ് ഐറിസ്: പ്രശസ്ത അര്‍ജന്റീനിയന്‍ അഭിനേത്രിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിയില്‍ സംഭവിച്ച പിഴവ് കാരണം ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു സില്‍വിന ലൂണ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു 43 കാരിയായ സില്‍വിന ലൂണ. നടിയുടെ വക്കീല്‍ ഫെര്‍ണാണ്ടോ ബര്‍ലാന്‍ഡോയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ചെറുപ്രായത്തില്‍ തന്നെയുള്ള നടിയുടെ വേര്‍പാട് അര്‍ജന്റീനന്‍ സിനിമാ ലോകത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. 2011 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സില്‍വിന ലൂണയെ അലട്ടിയിരുന്നു. മെഡിക്കല്‍ മാല്‍പ്രാക്ടീസിന് നിയമനടപടി നേരിടുന്ന ഡോക്ടര്‍ അനിബാല്‍ ലോട്ടോക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ ശരീരത്തില്‍ വിഷവസ്തു പ്രയോഗിച്ചതോടെയാണ് അവരുടെ ആരോഗ്യം വഷളായി തുടങ്ങിയത്.

2011 ലാണ് സില്‍വിന തന്റെ നിതംബ ശസ്ത്രക്രിയയ്ക്കായി പ്ലാസ്റ്റിക് സര്‍ജനായ അനിബാല്‍ ലോട്ടോക്കിയെ ബന്ധപ്പെട്ടത്. 2021-ല്‍ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് അനിബാലിന്റെ ഒരു രോഗി മരണപ്പെട്ടിരുന്നു. പോളിമെഥൈല്‍മെത്തക്രൈലേറ്റ് അടങ്ങിയ ദ്രാവകമാണ് ലൂണക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീനയുടെ നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ്സ്, ഫുഡ്, മെഡിക്കല്‍ ടെക്നോളജി പോളിമെഥൈല്‍മെത്തക്രിലേറ്റ് നിരോധിച്ചതാണ്.
പ്ലാസ്റ്റിക് സര്‍ജറിക്ക് നാല് വര്‍ഷത്തിന് ശേഷം സില്‍വിനയ്ക്ക് വൃക്കയില്‍ കല്ല് വന്നു. പിന്നീട് നടിക്ക് വൃക്കസംബന്ധമായ അപര്യാപ്തതയും ഹൈപ്പര്‍കാല്‍സെമിയയും ഉണ്ടെന്ന് കണ്ടെത്തി. 2015-ല്‍ താരത്തിന്റെ നിതംബത്തില്‍ നിന്ന് വിഷ പദാര്‍ത്ഥം നീക്കം ചെയ്തിരുന്നു. ഈ വര്‍ഷം ജൂണില്‍ ആണ് നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 29 ന് മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
മുന്‍ റിയാലിറ്റി ടിവി താരമായിരുന്ന ലൂണയ്ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആഴ്ചയില്‍ നാല് മണിക്കൂര്‍ വീതമുള്ള മൂന്ന് ഡയാലിസിസ് സെഷനുകളാണ് നടത്തിയിരുന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമ്പോഴോ അതിനു ശേഷമോ ആളുകള്‍ക്ക് അനുഭവപ്പെടുന്ന സങ്കീര്‍ണതകളുടെ ഫലമായുണ്ടാകുന്ന മരണങ്ങള്‍ അപൂര്‍വമാണ്. എന്നാല്‍ അടുത്ത കാലത്ത് ഇത്തരം കേസുകള്‍ നിരവധിയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പ്രശസ്ത ഒണ്‍ലി ഫാന്‍സ് മോഡലും നടി കിം കര്‍ദാഷിയാന്റെ രൂപഭാവവുമുള്ള ക്രിസ്റ്റീന ആഷ്ടെന്‍ ഗൂര്‍കാനി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് പിന്നാലെ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. മരണപ്പെടുമ്പോള്‍ വെറും 34 വയസായിരുന്നു ക്രിസ്റ്റീന ആഷ്ടെന്‍ ഗൂര്‍കാനിയുടെ പ്രായം.












Click it and Unblock the Notifications